അദൃശ്യജാലകങ്ങള്‍ എന്ന പുതിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി ടൊവിനോ തോമസിനെ തെരഞ്ഞെടുത്തതിനും മേക്കപ്പിനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു.
കറുത്ത നിറമുള്ള കഥാപാത്രത്തിന് വേണ്ടി കറുത്തവനായ ഒരു നടനെ തെരഞ്ഞെടുക്കുന്നതിന് പകരം വെളുത്ത നിറമുള്ള ടൊവിനോയെ കറുപ്പ് ചായം പൂശിയെടുത്തു എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ തന്റെ ചിത്രത്തിലെ കഥാപാത്രത്തിനായി ടൊവിനോയെ കറുപ്പ് ചായം പൂശിയിട്ടില്ലെന്നും ടാന്‍ ആണ് നല്‍കിയിരിക്കുന്നതെന്നും ഡോ. ബിജു പ്രതികരിച്ചു.
‘ഒരാളെ കറുപ്പ് ചായം പൂശുന്നതും, കഥാപാത്രത്തിന് വേണ്ടി ടാന്‍ ചെയ്യുന്നതും രണ്ടാണ് എന്ന മിനിമം ധാരണയെങ്കിലും വേണ്ടേ സുഹൃത്തേ. ഇമ്മാതിരി ഘടാഘടിയന്‍ ആരോപണമുന്നയിക്കുന്നതിന് മുമ്പ് കറുപ്പടിക്കലും ടാനിങ്ങും രണ്ടാണ് എന്നെങ്കിലും മനസ്സിലാകുന്നില്ലെങ്കില്‍ പിന്നെന്ത് പറയാന്‍,’ ഡോ. ബിജു പറഞ്ഞു.
ടൊവിനോക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഡോ. ബിജു എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റിനാണ് ഡോ. ബിജു ഈ മറുപടി നല്‍കിയത്.
അദൃശ്യജാലകങ്ങളിലെ ടൊവിനോയുടെ പെര്‍ഫോമന്‍സിനെ കുറിച്ച് കൂടിയായിരുന്നു ഡോ.ബിജുവിന്റെ കുറിപ്പ്. കഥാപാത്രത്തിനായി ടൊവിനോ ശരീരഭാഗം 15 കിലോയോളം കുറച്ചെന്നും, ഓരോ ദിവസവും മണിക്കൂറുകളോളം മേക്കപ്പിനായി ചിലവഴിച്ചെന്നും കുറിപ്പിലുണ്ടായിരുന്നു.
സെറ്റില്‍ നിന്നുള്ള ഫോട്ടോയും ബിജു പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. ബിജുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കമന്റുകള്‍ വന്നത്.
‘വെളുത്ത ടൊവിനൊയെ കറുപ്പടിച്ചതിനെ പറ്റി സോ കോള്‍ഡ് ദളിത് ആക്ടിവിസ്റ്റുകള്‍ ഖണ്ഡകാവ്യം എഴുതിയില്ലെ. അതോ. സംവിധാനം ഡോ.ബിജു ആയതുകൊണ്ടാണൊ മൗനം? വെളുത്ത നായകനെ കറുപ്പടിച്ചാലെ അഭിനയം വരൂ എന്നാണോ ഡോ.ബിജുവും കരുതുന്നത്.
മലയാള സിനിമയില്‍ കറുത്ത നായകരില്ലെ, സവര്‍ണ ബോധമല്ലെ ഡോ.ബിജുവിനെയും നയിക്കുന്നത്. ബിജുവിന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ചിലരിവിടെ വിപ്ലവം നടത്തിയേനെ,’ എന്നായിരുന്നു ഒരു പ്രൊഫൈലിന്റെ പ്രതികരണം. ഈ കമന്റിന് മറുപടിയായാണ് ഡോ. ബിജു ചായം പൂശലിനെയും ടാനിങ്ങിനെയും കുറിച്ച് സംസാരിച്ചത്.
നേരത്തെ അദൃശ്യജാലകങ്ങളിലെ ടൊവിനോയുടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും സമാനമായ വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlight: Dr.Biju responds to the criticism of casting Tovino Thomas in his new movie