| Tuesday, 3rd January 2017, 3:04 pm

സമരം തികച്ചും അനാവശ്യം; 60:40 അനുപാതത്തില്‍ പോലും തിയേറ്ററുകള്‍ക്ക് വിഹിതം നല്‍കുന്നത് എന്തിനെന്ന് ഡോ. ബിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: സിനിമാ സമരത്തില്‍ തിയേറ്റര്‍ ഉടമകളെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു രംഗത്ത്. ഇപ്പോള്‍ നടക്കുന്ന സമരം തികച്ചും അനാവശ്യമാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഒരു ഉല്‍പ്പന്നത്തിന്റെ വിലയുടെ പകുതി കടയുടമയ്ക്ക് നല്‍കണമെന്ന് പറയുന്നത് പോലുള്ള യുക്തിരഹിത വാദമാണ് തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നതെന്നും ബിജു കുറ്റപ്പെടുത്തി.

60:40 അനുപാതത്തില്‍ പോലും തിയേറ്ററുകള്‍ക്ക് വിഹിതം നല്‍കുന്നത് എന്തിനാണെന്നാണ് താന്‍ ചോദിക്കുന്നത്. ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്നൊരു സംവിധാനമാണിത്. മറ്റുള്ള രാജ്യങ്ങളിലെല്ലാം തിയേറ്ററുകള്‍ക്ക് സിനിമ ഓടുന്നത് അനുസരിച്ച് കമ്മീഷന്‍ നല്‍കുകയാണ് ചെയ്യുന്നത്.

അതിനൊപ്പം ആള് കയറിയാലും ഇല്ലെങ്കിലും ഒരു നിശ്ചിത വാടക നിര്‍മ്മാതാവ് നല്‍കണം. ഈ ഒരു സംവിധാനം ഇവിടെയും നടപ്പാക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുകയും അടച്ചിടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാമെന്നും മാതൃഭൂമിക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ ഡോ. ബിജു വ്യക്തമാക്കി.


ചിത്രത്തിന്റെ നിര്‍മ്മാണത്തിലോ മറ്റോ മുടക്കുമുതലില്ലാത്ത തിയേറ്റര്‍  ഉടമകള്‍ ഇങ്ങനെ കൊള്ളലാഭം കൊയ്യുന്നത് വ്യവസായത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ തിയേറ്ററുകളിലെ ടിക്കറ്റിങ്ങ് സംവിധാനം നോക്കൂ, ഇപ്പോഴും പേപ്പര്‍ കീറി കൊടുക്കുകയാണ്. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണെങ്കില്‍ തിയേറ്ററിന് മുന്നിലെ വലിയ ക്യൂവും താര ആരാധകരുടെ കടിപിടിയും പേക്കൂത്തും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിയേറ്ററുകള്‍ ഇതിന് സമ്മതിക്കാത്തത് പിന്നീട് അവര്‍ക്ക് കണക്കില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ടാണെന്ന് ബിജു ആരോപിക്കുന്നു. സിനിമയ്ക്ക് പണം മുടക്കുന്ന നിര്‍മ്മാതാക്കളെ വിറ്റ ടിക്കറ്റുകളുടെ എണ്ണം കുറച്ചു കാണിച്ച് കബളിപ്പിക്കുകയാണ് തിയേറ്ററുകള്‍ ചെയ്യുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചു. ജനുവരി അവസാന വാരമെത്തുന്ന തമിഴ്, ഹിന്ദി റിലീസുകള്‍ കഴിഞ്ഞാല്‍ അന്യഭാഷയില്‍ നിന്ന് പ്രധാന റിലീസുകള്‍ സ്വീകരിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്  ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.


സമരം പരിഹരിക്കാനായി സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റര്‍ വിഹിതം 50:50 അനുപാതത്തിലാക്കണമെന്ന നിലപാടില്‍ തിയേറ്ററുടമകളും നേരത്തെ നല്‍കി വന്ന വിഹിതത്തില്‍ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് കടുപ്പിച്ചതോടെയാണ് ചര്‍ച്ച എങ്ങുമെത്താതെ പോയത്.

ഡിസംബര്‍ 16ന് സിനിമാ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനകളുമായി മന്ത്രി എ.കെ ബാലന്‍ ചര്‍ച്ച നടത്തിയെങ്കിലും അതും പരാജയമായിരുന്നു.

We use cookies to give you the best possible experience. Learn more