'ഇക്കയും ഏട്ടനും ജനപ്രിയനും ഒക്കെയല്ലേ, ഇങ്ങനെയൊക്കെ പറയാമോ'; എ.എം.എം.എ വിഷയത്തിലെ സി.പി.ഐ.എം നിലപാടിനെ പരിഹസിച്ച് ഡോ. ബിജു
Kerala News
'ഇക്കയും ഏട്ടനും ജനപ്രിയനും ഒക്കെയല്ലേ, ഇങ്ങനെയൊക്കെ പറയാമോ'; എ.എം.എം.എ വിഷയത്തിലെ സി.പി.ഐ.എം നിലപാടിനെ പരിഹസിച്ച് ഡോ. ബിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th June 2018, 12:31 am

കോഴിക്കോട്: എ.എം.എം.എ സംഘടനയ്ക്ക് നേരെ നടക്കുന്ന പ്രതിഷേധം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയല്ലെന്നുള്ള സി.പി.ഐ.എം നിലപാടിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എ.എം.എം.എ എന്ന സംഘടന മുത്താണ്…താരങ്ങള്‍ മുത്തോട് മുത്താണ്.. എന്ന് തുടങ്ങുന്ന കുറിപ്പ് സി.പി.ഐ.എം നിലപാടിനെയും ഇടതു എം.എല്‍.എമാരുടെ നിലപാടുകളെയും പരിഹസിക്കുന്നതാണ്.

ഫേസ്ബുക്ക് കുറിപ്പ്

എ.എം.എം.എ എന്ന സംഘടന മുത്താണ്…താരങ്ങള്‍ മുത്തോട് മുത്താണ്..

ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ എം എം എയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം കഷ്ടമാണ്. അവരോട് ദൈവം ചോദിക്കും..കൂടാതെ എ എം എം ഐയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണ്. കഷ്ടമുണ്ട് കേട്ടോ അങ്ങനെ ചെയ്യുന്നതില്‍.. `സിനിമ” എന്ന “കലയെ” വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും എ എം എം എ എന്ന സംഘടന എന്ത് മാത്രം പരിശ്രമിക്കുന്നുണ്ടെന്നു നിങ്ങള്‍ക്കറിയാമോ…..എന്നിട്ടാണ് നിങ്ങളൊക്കെ ആ സംഘടനയോട് ഇങ്ങനെയൊക്കെ…ശരിക്കും കഷ്ടമുണ്ട് കേട്ടോ..ഇങ്ങനെയൊക്കെ പറയാമോ..നമ്മുടെ ഇക്കയും ഏട്ടനും ജന പ്രിയനും ഒക്കെയല്ലേ..നമ്മുടെ സ്വന്തം ബഡായി ബംഗ്‌ളാവ് അല്ലേ..നമ്മുടെ സ്വന്തം ആസ്ഥാന തമാശക്കാര്‍ അല്ലേ.. അപ്പൊ ഇതൊക്കെ ഒരു തമാശ ആയി മാത്രമല്ലേ എടുക്കാന്‍ പാടുള്ളൂ…അപ്പോ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലായല്ലോ..ഗോ ടു യുവര്‍ ക്ലാസ്സസ്…പിന്തുണ എന്നൊക്കെ പറഞ്ഞു വന്നവര്‍ പതിയെ വന്ന വഴിയേ മടങ്ങി പോകേണ്ടതാണ്…പോളണ്ടിനെ കുറിച്ച് സോറി എ എം എം എ യെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്….നല്ല നമസ്‌കാരം

എ.എം.എം.എയെ ഭിന്നിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതാനാവില്ല; സി.പി.ഐ.എം

അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നാണ് സി.പി.ഐ.എം. ഇന്നിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണെന്നും അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്നും സി.പി.ഐ.എം പത്രകുറിപ്പില്‍ പറഞ്ഞിരുന്നു.