യുദ്ധങ്ങളുടെയും , കലാപങ്ങളുടെയും മറവിൽ കലകളെ ഇല്ലാതാക്കുക എന്നത് ഫാസിസ്റ്റ് രീതി: ചലച്ചിത്ര മേള വേണ്ടാ എന്ന തീരുമാനത്തിനെതിരെ ഡോ.ബിജു
Kerala
യുദ്ധങ്ങളുടെയും , കലാപങ്ങളുടെയും മറവിൽ കലകളെ ഇല്ലാതാക്കുക എന്നത് ഫാസിസ്റ്റ് രീതി: ചലച്ചിത്ര മേള വേണ്ടാ എന്ന തീരുമാനത്തിനെതിരെ ഡോ.ബിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2018, 11:44 pm

തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കലാമേളയും, ചലച്ചിത്ര മേളയും ഉള്‍പ്പെടെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിജു വിയോജിപ്പ് അറിയിച്ചത്.

ദുരന്തത്തെ അതിജീവിക്കാന്‍ കലകളെ ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല, സംസ്‌കാരികതയുടെ അവസാനം കൂടിയാണെന്ന് ബിജു അഭിപ്രായപ്പെടുന്നു.

കലകളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ഒരു അതിജീവനത്തിന്റെ പ്രതീകമായി ഈ മേളയെ പൊതുസമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തണം ബിജു പറയുന്നു.

ചലച്ചിത്ര മേളയെ അതിജീവന്ത്തിന്റെ പതാക വാഹകമായി എങ്ങനെ മാറ്റി മറിയ്ക്കാം എന്ന് പറഞ്ഞ് കൊണ്ട് ചില നിര്‍ദേശങ്ങളും ബിജു മുന്നോട്ട് വയ്ക്കുന്നുണ്ട്. മേള റീഡിസൈന്‍ ചെയ്തത് ആര്‍ഭാടങ്ങള്‍ കുറയ്ക്കുക, ഡെലഗേറ്റ് റെജിസ്‌ട്രേഷന്‍ ഫീ ഉയര്‍ത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഒരു ദുരന്തത്തെ അതി ജീവിക്കാൻഎല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണ്. ലോക ചരിത്രത്തിലെമ്പാടും എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക് വലുതായിരുന്നു എന്ന് കാണാം. കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള ഈ വർഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല. യുദ്ധങ്ങളുടെയും , കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവിൽ കലകളെയും കലാസദസ്സുകളെയും, കലാപ്രവർത്തനങ്ങളെയും ഇല്ലാതാക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അത് നമ്മൾ പിന്തുടരുന്നത് വലിയ സാംസ്കാരിക അപചയം തന്നെയാണ്. കേരളത്തിന്റെ അഭിമാനമായ ഈ കലാ മേള ദുരന്തത്തിന്റ്റെ പശ്ചാത്തലത്തിൽ എങ്ങിനെ ഒരു ജനതയുടെ അതി ജീവനത്തിന്റെ അടയാളപ്പെടുത്തൽ ആയി പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന സാധ്യത ആരായാതെ ഇത് നിർത്തി ആ പണം ആശ്വാസ നിധിയിൽ ഇട്ടേക്കൂ എന്ന ലളിതവൽക്കരണത്തിലേക്ക് പോകുന്നത് ശരിയല്ല. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്തിയ ശേഷം മേള നടത്താൻ എന്തെങ്കിലും ബദൽ മാർഗ്ഗങ്ങൾ ഉണ്ടോ എന്ന അന്വേഷണം നടത്താതെ മേള ഉപേക്ഷിക്കുന്നത് ഒട്ടും ആശാവഹമായ ഒരു സമീപനം അല്ല.
കലയെ മനുഷ്യന്റെ ഇച്ഛാശക്തി വർദ്ധിപ്പിക്കാനും അതിജീവനത്തിന് പ്രേരിപ്പിക്കാനും പറ്റുന്ന തരത്തിൽ ഉപയോഗപ്പെടുത്തുക ആണ് വേണ്ടത്.
കേരളത്തിന്റെ കലാ രംഗത്ത് അന്തർദേശീയമായി അടയാളപ്പെടുത്തുന്നതും ലോക ശ്രദ്ധ നേടിയിട്ടുള്ളതുമായ ഒരേ ഒരു പരിപാടി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ആണ്. ലോക ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ഒരു ഇടം ഈ മേളയ്ക്കുണ്ട്. പ്രളയാനന്തരം ഈ മേള നടത്താൻ നമുക്ക് ആവുന്നില്ല എന്നത് ലോകത്തിന് മുന്നിൽ നൽകുന്ന അർത്ഥം കേരളം ദുരന്തത്തിൽ കലാപരമായി പോലും പാടേ തകർന്നു പോയി എന്നതാണ്. ഡിസംബറിൽ നടക്കേണ്ട മേള നടക്കാതിരിക്കുമ്പോൾ പൊതുവായി ഉണ്ടാകുന്ന ഒരു കാഴ്ചപ്പാട് 4 മാസങ്ങൾ കഴിഞ്ഞിട്ടും കേരളം അതിജീവനത്തിന്റെ പാതയിലേക്ക് എത്തിയില്ല എന്നതാണ്. ചലച്ചിത്ര മേള ഉപേക്ഷിക്കുക , അതിന് ചിലവാക്കുന്ന അഞ്ച് കോടി രൂപ ആശ്വാസ ഫണ്ടിലേക്ക് കൊടുക്കുക എന്നത് തീർത്തും എളുപ്പമായ ഒരു നടപടിയാണ്. പക്ഷെ മറിച്ച് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി ഈ ചലച്ചിത്ര മേള മുടങ്ങാതെ നടത്തിയാൽ ഈ പ്രളയ ദുരന്തത്തെ നേരിടുന്ന ജനതയുടെ തളരാത്ത കലാപാരമ്പര്യത്തിന്റെ ഒരു അടയാളപ്പെടുത്തലായി നമുക്ക് മാറ്റാൻ സാധിച്ചാൽ അത് മറ്റൊരു പോസിറ്റിവ് ആയ ചിന്ത ആണ്. ലോക സമൂഹം ശ്രദ്ധിക്കുന്ന കേരളത്തിലെ ഒരേ ഒരു അന്താരാഷ്ട്ര മേള എന്ന നിലയിൽ പ്രളയവും തുടർന്നുള്ള നമ്മുടെ അതിജീവന ശ്രമങ്ങളും ലോകത്തിന് മുൻപിൽ ശ്രദ്ധാകേന്ദ്രമാക്കാനുള്ള ഒരു വേദി കൂടിയായി നമുക്ക് ഈ മേളയെ മാറ്റിയെടുക്കാൻ സാധിക്കും. ചലച്ചിത്ര മേളകൾ തങ്ങളുടെ രാജ്യത്തെ യുദ്ധത്തെയും കലാപത്തെയും ദുരന്തത്തെയും ചെറുക്കുന്നതിലും അതി ജീവിക്കുന്നതിലും വഹിച്ച പങ്ക് നിരവധി ആണ്.
കേരള ചലച്ചിത്ര മേള ഈ വർഷം നമ്മുടെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നിർത്തലാക്കുക അല്ല വേണ്ടത് , മറിച്ചു മേളയെ നമ്മുടെ അതിജീവനത്തിന് ഉപയോഗപ്പെടും വിധം ലോക ശ്രദ്ധാകേന്ദ്രം ആക്കുകയാണ് വേണ്ടത്. ഈ മേളയെ പ്രളയ അതിജീവനത്തിന് കല ഉപയോഗിച്ചുള്ള ഒരു പൊട്ടെൻഷ്യൽ ഇവന്റ്റ് ആക്കി ഉയർത്തുവാൻ നമുക്ക് ആകും. ഒരു നാടിന്റെ അതിജീവനത്തിന് കലയെ എങ്ങനെ സൂക്ഷ്മമായി കലാപരമായി ഉപയോഗപ്പെടുത്താം എന്നതിന് ലോകത്തിന് തന്നെ മാതൃക ആകാൻ നമുക്ക് സാധിക്കും. അതിനുള്ള ഒരു അവസരം കൂടിയാണ് നമുക്ക് മുന്നിൽ ഇപ്പോഴുള്ളത്.ഒരു കാര്യം വേണ്ട എന്ന് വെക്കുന്നത് എളുപ്പമാണ്, യാതൊരു ധീരതയും അതിന് ആവശ്യമില്ല. പക്ഷെ പ്രതികൂലമായ ഒരു അവസ്ഥയിൽ ഒരു കലാമേളയെ എങ്ങനെ അതിജീവനത്തിന് സഹായകരമായി റീ ഡിസൈൻ ചെയ്യാം എന്ന ചിന്തയാണ് ഉണ്ടാവേണ്ടത്. അതാണ് പോസിറ്റിവ് ആയി മാറേണ്ടത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മൾ എല്ലാവരും കൂടി അങ്ങിറങ്ങുക അല്ലേ എന്ന വാക്കുകൾ എല്ലാ മേഖലയ്ക്കും ബാധകമാണ്. കലയും അതിൽ ഉൾപ്പെടും…
ചലച്ചിത്ര മേള ഈ പ്രത്യേക സാഹചര്യത്തിൽ അതിജീവനത്തിന്റെ പതാക വാഹകമായി എങ്ങനെ മാറ്റി മറിക്കാം എന്നതിന് 
ചില നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
1. ഒരു ചലച്ചിത്ര മേളയെ സംബന്ധിച്ചിടത്തോളം ഒരു വർഷം നിർത്തി വെക്കുക എന്നത് കേവലം സാങ്കേതികമായ ഒരു കാര്യം മാത്രമല്ല. ലോക ചലച്ചിത്ര മേളകളുടെ ഭൂപടത്തിൽ നമ്മുടെ മേളയുടെ അക്രിഡിറ്റേഷനെ പോലും ബാധിക്കാൻ ഇടയുള്ള ഒന്നാണ്. കഴിഞ്ഞ 22 വർഷങ്ങൾ കൊണ്ടാണ് നമ്മുടെ മേളയ്ക്ക് അന്താരാഷ്ട്ര മേളകളിൽ FIAPF അക്രിഡിറ്റേഷൻ ഉള്ള സ്‌പെഷ്യലിസ്റ്റ് കോംപറ്റിഷൻ മേളകളിൽ ഒന്ന് എന്ന സ്ഥാനം നിലനിർത്തുന്നത് .24 മേളകൾക്ക് മാത്രമാണ് ലോക രാജ്യങ്ങകളിൽ നിന്നും ഈ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുള്ളത് എന്നത് തന്നെ അതിന്റെ അന്താരാഷ്ട്ര പ്രാധാന്യം വെളിപ്പെടുത്തുമല്ലോ. എന്ത് കാരണത്തിന്റെ പേരിലായാലും ഒരു വർഷം മേള നിർത്തി വെക്കുക എന്നത് ഈ അംഗീകാരം ഇല്ലാതാവാനും, അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ഇടയിൽ നമ്മുടെ ഫെസ്റ്റിവലിന്റെ മൂല്യം ഇല്ലാതാവുകയും ചെയ്യാനുള്ള സാധ്യത സൃഷ്ടിക്കും.
ഇത് ഇത്ര നാൾ നമ്മൾ കെട്ടിപ്പടുത്തു കൊണ്ടുവന്ന മേളയുടെ അന്തർദേശീയ മൂല്യത്തിന് വലിയ തോതിൽ ഇടിവ് വരുത്തും.

2. മേള റീഡിസൈൻ ചെയ്താൽ ആർഭാടങ്ങൾ ഒഴിവാക്കിയാൽ കുറച്ചു തുക കുറയ്ക്കാൻ സാധിക്കും.
ഉദ്ഘാടന സമാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള മറ്റ് കലാപരിപാടികളും ആര്ഭാടങ്ങളും ഒഴിവാക്കാം,
മേളയുടെ പ്രചരണ പരിപാടികൾ ആയ ഫ്ലെക്സുകൾ ബോർഡുകൾ എന്നിവ കഴിയുന്നത്ര കുറയ്ക്കുക

3. ഇപ്പോൾ മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫീസ് 650 രൂപ ആണ്. ഈ ഒരു വർഷം അത് 1500 രൂപ ആക്കുക. ഏതാണ്ട് 15000 ത്തോളം ഡെലിഗേറ്റ് ആണ് കേരള മേളയിൽ രെജിസ്റ്റർ ചെയ്യുന്നത്. 1500 X 15000 = 2,2500000 (രണ്ടു കോടി ഇരുപത്തി അഞ്ചു ലക്ഷം രൂപ ഇതിൽ നിന്നും ലഭിക്കും. ഇതിന് പുറമെ ഏതാനും സ്പോണ്സർമാർ കൂടി ലഭ്യമായാൽ മേള ഈ വർഷം സർക്കാർ ഫണ്ട് ഇല്ലാതെ തന്നെ നടത്താൻ സാധിക്കും. സിനിമ കാണുവാൻ ആത്മാർത്ഥമായി ആഗ്രഹമുള്ള സിനിമാ സ്നേഹികൾ 1500 രൂപ ആയാലും ഇത്തവണ എത്തും. പ്രത്യേകിച്ചും പ്രളയ ദുരന്ത അതിജീവനത്തിന് മേളയുടെ സർക്കാർ ഫണ്ട് ദുരിതാശ്വാസ നിധിയിൽ കൊടുത്ത ശേഷം പ്രേക്ഷക സഹകരണത്തോടെ മേള നടത്തുന്നു എന്ന ജനകീയ കാഴ്ചപ്പാടിൽ.

4.സാധാരണ എല്ലാ വർഷങ്ങളിലും മീഡിയ പാസ്, ഒഫിഷ്യൽ പാസ്, എന്നിവ ഫ്രീ ആണ്. ഇത് കൂടാതെ മന്ത്രിമാരുടെയും എം എൽ എ മാരുടെയും ഓഫീസുകളിൽ കൊടുക്കുന്ന പാസുകൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും ചില സംഘടനകൾക്കും കൊടുക്കുന്ന പാസുകൾ എന്നിവയും സൗജന്യമാണ്.
ഇത്തവണ അത്തരത്തിൽ ഒരു പാസ് പോലും സൗജന്യമായി നൽകാതിരിക്കുക . ക്ഷണിച്ചു വരുന്ന സിനിമകളുടെ അതിഥികളും വിദേശത്ത്‌ നിന്ന് എത്തുന്ന ഫെസ്റ്റിവൽ പ്രോഗ്രാമേഴ്‌സ് , ഫിലിം സെലക്ടേഴ്‌സ് എന്നിവർ ഒഴികെ എല്ലാവരുടെയും പാസുകൾ ഫീസ് ഈടാക്കി മാത്രം നൽകുക

5. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇത്തവണ നൽകേണ്ടതില്ല എന്ന് തീരുമാനിക്കുക. അതിന് വകയിരുത്തിയ 10 ലക്ഷം രൂപ ആശ്വാസ നിധിയിലേക്ക് വകയിരുത്തുക.

6. മേളയുടെ പ്രധാന വേദികളിൽ എല്ലാം തന്നെ ഓരോ ഫ്ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ബോക്സുകൾ സ്ഥാപിക്കാവുന്നതാണ്. ഇങ്ങനെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാവുന്നതാണ്.

7.ഫെസ്റ്റിവൽ വെബ് സൈറ്റ് റീ ഡിസൈൻ ചെയ്യുക. പ്രളയവും അതിജീവന പ്രവർത്തനങ്ങളും വെബ്‌സൈറ്റിൽ പ്രധാനമായി ശ്രദ്ധിക്കുന്ന തരത്തിൽ ഉണ്ടാകണം. ദുരിതാശ്വാസ നിധിയുടെ ബാങ്ക് ഡീറ്റയിൽസും പരസ്യപ്പെടുത്തണം.(ചില വിദേശ ചലച്ചിത്ര മേളകളും, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയും ഒക്കെ ഇതിനോടകം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകാൻ ശ്രമം തുടങ്ങിയതും ശ്രദ്ധിക്കുമല്ലോ)

8. പ്രകൃതി ദുരന്തങ്ങൾ, മനുഷ്യന്റെ അതിജീവനം എന്നിവ പ്രേമേയമാക്കിയ സിനിമകളുടെ ഒരു പ്രത്യേക പാക്കേജ് ഉൾപ്പെടുത്താവുന്നതാണ്.

9. ചലച്ചിത്ര മേളയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഭൂരിഭാഗം പ്രവർത്തനങ്ങളും മുൻപേ തന്നെ പൂർത്തിയായതാണ്.അതു കൊണ്ടു തന്നെ മേളയുടെ നടത്തിപ്പിന് വലിയ മുന്നൊരുക്കങ്ങൾ ഇനി ആവശ്യമില്ല

ചലച്ചിത്ര മേള കേവലം ഒരു ആഘോഷമാണ് എന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ചലച്ചിത്ര മേള ഒരു ദേശത്തിന്റെ കലാസാംസ്കാരികതയുടെ ലോക ഭൂപടത്തിലേക്കുള്ള അടയാളപ്പെടുത്തൽ ആണ്. കലയുടെ മാനവികതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഒരു അന്താരാഷ്ട്ര വേദിയാണ്. അതിനെ കേവലം ഒരു ആഘോഷം എന്ന നിലവാരത്തിൽ വിലയിരുത്തുന്നത് കൊണ്ടാണ് ഇത് നിർത്തിയേക്കാം എന്ന കേവല യുക്തിയിൽ ഭരണ കൂടം എത്തിച്ചേരുന്നത്. ഏത് ദുരന്തത്തെയും അതിജീവിക്കാൻ മനുഷ്യനെ സമൂഹികപരമായും രാഷ്ട്രീയപരമായും പ്രാപ്തനാക്കുന്നതിൽ കലയ്ക്കുള്ള പങ്ക് വലുതാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തിൽ പല ഭരണകൂടങ്ങളും ചലച്ചിത്ര മേളകളെ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ഒന്നുകിൽ ഇല്ലാതാക്കാനോ അല്ലെങ്കിൽ തങ്ങളുടെ വരുതിക്ക് കൊണ്ടു വരാനോ ശ്രമങ്ങൾ നടത്തിയിട്ടുള്ളത്. കലയെ ഇല്ലാതാക്കാൻ വളരെ എളുപ്പമാണ്..പക്ഷെ അത് സൃഷ്ടിക്കുക അത്ര എളുപ്പമല്ല.കേരളത്തിന്റെ പുനർ നിർമാണത്തിന് ആഘോഷങ്ങൾ നമുക്ക് ഒഴിവാക്കാം..പക്ഷെ കലയെ ഒരു കാരണവശാലും ഒഴിവാക്കരുത്…

പ്രശസ്തമായ കാൻ ചലച്ചിത്ര മേള 21 വർഷം പിന്നിട്ടപ്പോൾ 1968 ൽ മേള തുടങ്ങിയ ശേഷം നിർത്തി വെക്കുക ഉണ്ടായിട്ടുണ്ട്. ഗോദാർദും ത്രൂഫോയും ഫ്രാൻസിലെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സമരത്തിനോട് അനുഭാവം പുലർത്തി മേള നിർത്തി വെയ്പ്പിക്കുക ആയിരുന്നു അന്ന്…രാഷ്ട്രീയ കാരണങ്ങളാൽ അല്ലെങ്കിലും ദുരന്തം തളർത്തിയ ഒരു ജനതയുടെ മാനവികമായ ഐക്യപ്പെടലുകൾക്കായി അതിജീവന സാക്ഷ്യത്തിന് ഒപ്പം നിൽക്കാൻ എല്ലാ കലകൾക്കും സാധിക്കണം. അതു കൊണ്ടുതന്നെ മനുഷ്യന്റെ അതിജീവനത്തിന്റെ കഥകളുമായി ലോകശ്രദ്ധ ആകർഷിച്ച്‌ ഈ വർഷവും കേരള അന്താരാഷ്ട്ര മേള ഇവിടെ ഉണ്ടാകണം..