മോഹന്‍ലാല്‍ സവര്‍ണപക്ഷപാതി: 'പെരുച്ചാഴി'യിലെ ഡയലോഗ് ആദിവാസികളെ അപമാനിക്കുന്നത്‌
Daily News
മോഹന്‍ലാല്‍ സവര്‍ണപക്ഷപാതി: 'പെരുച്ചാഴി'യിലെ ഡയലോഗ് ആദിവാസികളെ അപമാനിക്കുന്നത്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2014, 11:13 pm
biju
[] മോഹന്‍ലാലിന്റെ പുതിയ ചിത്രം പെരുച്ചാഴിയിലെ ഡയലോഗ് ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്ന്  പ്രശസ്ത സംവിധായകന്‍ ഡോ. ബിജു. “ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍” എന്ന പ്രയോഗത്തിനെതിരെയാണ് ബിജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്താണ് പെരുച്ചാഴിയിലെ ഡയലോഗിനെ സംവിധായകന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ജഗന്‍നാഥന്‍ , ജഗന്‍നാഥന്‍ എന്ന് തൊണ്ട പൊട്ടി അനേകം തവണ പേര് വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതിരിക്കുകയും ഒടുവില്‍  തമ്പുരാന്‍  എന്ന് നീട്ടി വിളിക്കുമ്പോള്‍ മാത്രം തിരിഞ്ഞു നോക്കുകയും ചെയ്യുന്ന കഥാപാത്രമായി അഭിനയിക്കുന്ന ഒരു താരത്തില്‍ നിന്നും “ലുലു മാളില്‍ കയറിയ അട്ടപ്പാടികള്‍” എന്ന പ്രയോഗം വരുന്നതില്‍ അതിശയിക്കാനില്ല.
ആദിവാസി സമൂഹം ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെ ഇവര്‍ എങ്ങനെ നോക്കി കാണുന്നു എന്നത് ഇവരുടെ അനേകം സിനിമകളില്‍ നിന്ന് തന്നെ വ്യക്തമല്ലേ … ഇതേ ആളുകള്‍ തന്നെ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞ് നീട്ടിപ്പിടിച്ച ബ്ലോഗെഴുത്തും, ചാനല്‍ വര്‍ത്തമാനവും, സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുമായി അവതരിക്കുന്ന ഉടായിപ്പുകളും നമ്മള്‍ തന്നെ കാണേണ്ടി വരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സവര്‍ണ മേധാവിത്വത്തിന്റെ മാടമ്പിത്തരങ്ങള്‍ക്കിടയില്‍ കീഴാള ജനത അപഹാസ്യരാവുകയാണെന്ന് ഡോ.ബിജു സമര്‍ത്ഥിച്ചതോടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചയായി. സംവിധായകനെ വിമര്‍ശിച്ച് മോഹന്‍ലാല്‍ ആരാധകര്‍ കത്തിക്കയറിയതോടെ തന്റെ നിലപാടിലുറച്ച് മറ്റൊരു പോസ്റ്റുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി.

ഒരു കലാകാരന്‍ എന്ന നിലയില്‍ രാജ്യം പരമോന്നത ബഹുമതികള്‍ നല്‍കി ആദരിക്കുന്ന താരങ്ങള്‍ക്ക് അഭിനയിക്കുന്ന സിനിമയിലെ ഇത്തരം ചില സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന് സംവിധായകനെയും തിരക്കഥാകൃത്തിനെയും ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നാണ് രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്.