ലഖ്‌നൗ: ഭരണഘടനാശില്‍പിയും ദളിത് നേതാവുമായ ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡോ.ഭീംറാവു അംബേദ്ക്കര്‍ എന്ന പേരിന്റെ ഇടയില്‍ “രാംജി” എന്ന് ചേര്‍ത്താണ് പുതിയ പേര്. സര്‍ക്കാര്‍ രേഖകളില്‍ അംബേദ്ക്കറിന്റെ പേര് ഇനിമുതല്‍ ഭിംറാവു രാംജി അംബേദ്ക്കര്‍ എന്നാക്കിമാറ്റാന്‍ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിറക്കി.
യു.പി ഗവര്‍ണര്‍ റാം നായിക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് പേര് മാറ്റം. ഇതേ ആവശ്യവുമായി നായിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെയക്കുകയും ചെയ്തിട്ടുണ്ട്. അംബേദ്ക്കര്‍ ഒപ്പില്‍ ചേര്‍ക്കുന്ന പേരാണ് ഭീംറാവു രാംജി അംബേദ്ക്കറെന്ന് ചൂണ്ടിക്കാട്ടിയാണ് പേര്മാറ്റം. 2017 മുതല്‍ പേര് മാറ്റാനുള്ള കാമ്പയില്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.”
Read Also: രേണുക ചൗധരി തന്റെ ശരീരഭാരം കുറച്ച് കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാന്‍ പരിശ്രമിക്കണം; വെങ്കയ്യ നായിഡു
ഹിന്ദിയില്‍ അംബേദ്ക്കര്‍ എന്നെഴുതുന്നതിന്റെ അക്ഷരങ്ങളും മാറ്റിയിട്ടുണ്ട്. ആംബേദ്കര്‍ എന്ന രീതിയിലാണ് യു.പിയില്‍ ഇനി അംബേദ്ക്കര്‍ എന്നെഴുതുക. ഇംഗ്ലീഷിലെ സ്‌പെല്ലിംഗിന് മാറ്റമില്ല.
രാംജി എന്നത് അംബേദ്ക്കറിന്റെ അച്ഛന്റെ പേരാണെന്നും മഹാരാഷ്ടയിലെ രീതിപ്രകാരം അച്ഛന്റെ പേര് പേരിന്റെ മധ്യത്തില്‍ ചേര്‍ക്കാറുണ്ടെന്നും ഭീംറാവു അംബേദ്ക്കര്‍ മഹാസഭയുടെ ഡയറക്ടര്‍ ലാല്‍ജി നിര്‍മല്‍ പറഞ്ഞു. “പേര് പറയുന്നത് പോലെ എഴുതണം. ഇംഗ്ലീഷ് സ്‌പെല്ലിംഗ് ശരിയായിരിക്കുമ്പോഴും ഹിന്ദി അക്ഷരങ്ങള്‍ തെറ്റായിരുന്നു. രാംജി എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ്. മഹാരാഷ്ടയിലെ സാധാരണ രീതി അനുസരിച്ച് അച്ഛന്റെ പേര് പേരിന്റെ മധ്യത്തില്‍ ചേര്‍ക്കാറുണ്ട്.” -അദ്ദേഹം പറഞ്ഞു.
Read Also: ജൂലിയന്‍ അസാന്‍ജിനെ കൈവിട്ട് ഇക്വഡോറും; വീണ്ടും ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കി
യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ യു.പിയിയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഈ പേരുമാറ്റം. സംസ്ഥാനത്തെ വൈദ്യുതി പോസ്റ്റുകള്‍ക്കും ഗതാഗത വകുപ്പിന് കീഴിലെ ബസുകള്‍ക്കും കാവിപെയിന്റടിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. മന്ത്രിയുടെ ഓഫിസിനും കാവി നിറം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.