| Friday, 10th September 2021, 10:36 am

കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘപരിവാര്‍ അധിനിവേശമോ?

ഡോ. ആസാദ്

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇടതുപക്ഷ ഭരണാധികാരികള്‍ തന്നെ ചെയ്യണം! പതിറ്റാണ്ടുകളോളം കണ്ണൂരില്‍ ചിന്തിയ രക്തം എരിപൊരി കൊള്ളട്ടെ!
ശോഭായാത്ര നടത്തിയും പരിവാര നേതാക്കളെ മാലയിട്ടാശ്ലേഷിച്ചും കണ്ണൂര്‍ രാഷ്ട്രീയം എവിടെയെത്തി നില്‍ക്കുന്നു എന്ന് ലോകം കാണുകയാണ്. സര്‍വകലാശാലാ നിയമനങ്ങളില്‍ കാണിക്കുന്ന ജാഗ്രതയൊന്നും അക്കാദമിക് കാര്യങ്ങളില്‍ കാണുന്നില്ല.

പുതിയതായി ആരംഭിക്കുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതിയാണ് വിവാദ വിഷയം. പൊതുഭരണവും രാഷ്ട്രീയവും (ഗവര്‍ണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്) പഠിപ്പിക്കുന്ന എം.എ. കോഴ്‌സാണത്. മറ്റു സര്‍വ്വകലാശാലകളിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷനു സമാനം. (അതില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചിന്ത പ്രത്യേക പേപ്പറായി പഠിക്കേണ്ടതുണ്ടോ എന്നു പോലും സംശയമാണ്). അതിനു പാഠ്യപദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധാധ്യാപകര്‍ രാഷ്ട്രീയ പഠനത്തില്‍ ഇന്നോളം കടന്നു വന്നിട്ടില്ലാത്ത ചില പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് ഒരു ശില്പശാല നടത്തിയോ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചോ അല്ല.

ബിരുദാനന്തര കോഴ്‌സുകള്‍ പഠിപ്പിച്ചു പരിചയമില്ലാത്ത ചിലരും വിദഗ്ദ്ധ പട്ടികയിലുണ്ടെന്നു കേള്‍ക്കുന്നു. ചില വിഷയങ്ങളില്‍ പരിചയ സമ്പന്നരെ തള്ളി ഗസ്റ്റ് അദ്ധ്യാപകരെ പഠനബോര്‍ഡില്‍ വെക്കുന്ന പതിവും കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കുണ്ട്. അങ്ങനെയൊരു പരാതി അവിടെ നില നില്‍ക്കുന്നു. ആ അശ്രദ്ധയുടെയും നിരുത്തരവാദിത്തത്തിന്റെയും ദുരന്തമാണ് ഈ തീരുമാനത്തിലും കാണുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അബുല്‍ കലാം ആസാദിനെയും മാറ്റി നിര്‍ത്തി സവര്‍ക്കറെ ആദരിക്കുന്ന ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പോസ്റ്റര്‍ ഈയിടെ നാം കണ്ടതാണ്. ജനാധിപത്യ ഇന്ത്യ അതു കണ്ടു നടുങ്ങിയതാണ്. അതിന്റെ തുടര്‍ച്ചയാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ കാണുന്നത്. കാസര്‍കോട്ടെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലല്ല, ഇടതുപക്ഷ കേരളത്തില്‍ ഡോ. ആര്‍. ബിന്ദുവിന്റെ ചുമതലയിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലാണ് ഈ അധിനിവേശം എന്നത് ശ്രദ്ധിക്കണം.

പയ്യന്നൂര്‍ കോളേജിലും ബ്രണ്ണന്‍ കോളേജിലും മറ്റുമുള്ള പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകരാവുമല്ലോ കണ്ണൂരില്‍ ഇക്കാര്യമൊക്കെ നോക്കാനും നിയന്ത്രിക്കാനും യോഗ്യതയുള്ളവര്‍. അവര്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയിലെ പോരാളികളാവുമല്ലോ അവര്‍. അവരുടെ ഉള്ളിരിപ്പിന്റെ ഉദാരത ഇങ്ങനെയൊക്കെ വെളിപ്പെടട്ടെ.

ഇടതുപക്ഷ – ജനാധിപത്യ കേരളം അക്കാദമിക രംഗത്തെ സംഘപരിവാര അധിനിവേശത്തില്‍ പ്രതിഷേധിക്കണം. തീരുമാനം പിന്‍വലിപ്പിക്കണം.
സിലബസ്സില്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങള്‍ ഏതൊക്കെയെന്ന് ഇതോടൊപ്പമുള്ള ചിത്രത്തില്‍ കാണാം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ദീനദയാല്‍ ഉപാദ്ധ്യായയുമൊക്കെയാണ് ആദരിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ലേഖനങ്ങള്‍ക്ക് സിദ്ധാന്തഗൗരവം ചാര്‍ത്തി നല്‍കിയിരിക്കുന്നു. ആര്‍.എസ്.എസ്സിനും ഫാഷിസ്റ്റ് പ്രൊപ്പഗാണ്ടകള്‍ക്കും ചുവപ്പു പരവതാനി നിവര്‍ത്തിയിരിക്കുന്നു!

ലജ്ജിക്കാന്‍ ബോധമുള്ളവര്‍ ശിരസ്സു താഴ്ത്തുവിന്‍! വൈകിയെങ്കിലും തിരിച്ചറിവു വരുന്നുവെങ്കില്‍ തെറ്റ് തിരുത്തുവിന്‍! കണ്ണൂര്‍ സര്‍വ്വകലാശാ സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് സ്റ്റഡീസും കുറ്റമേല്‍ക്കണം. രാജിവെച്ചൊഴിയണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dr. Azad writes on Kannur University Syllabus Controversy

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more