| Monday, 1st August 2022, 8:54 am

ആണ്‍കോയ്മാ സമൂഹത്തിലെ ഉടല്‍ബോധ്യത്തിന് ഉടവുതട്ടാത്ത വേഷം എന്ന പ്രത്യേകതയേ പാന്റിനും ഷര്‍ട്ടിനുമുള്ളു

ഡോ. ആസാദ്

പാന്റും ഷര്‍ട്ടും പുരുഷവേഷമാണ്. സാരിയും ചുരിദാറും പാവാടയും ദാവണിയുമൊക്കെ സ്ത്രീവേഷവും. നൂറ്റാണ്ടുകളായി തിടംവെച്ച ഉടല്‍ബോധ്യത്തിന്റെ പ്രകാശനങ്ങളാണവ. അതിലടങ്ങിയ ലിംഗവിവേചനത്തെ നാം തിരിച്ചറിയുന്നത് പുതിയ ജനാധിപത്യബോധം കൊണ്ടാണ്. ഏത് വേഷം ധരിക്കാനും അവകാശമുണ്ടെന്ന് നാം സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. അതു നടപ്പാക്കാനുള്ള ധീരതകൂടിയേ ആര്‍ജ്ജിക്കേണ്ടതുള്ളു.

ലിംഗതുല്യത കൈവരിക്കാന്‍ ഉടല്‍സംബന്ധിയായ ബോധ്യങ്ങള്‍ അഴിച്ചു പണിയേണ്ടിവരും. അതിന് അധികാര ഘടനയിലെ ആണ്‍(ലിംഗ)കോയ്മ മാറണം. അധികാരത്തിന്റെ സമസ്തമേഖലകളും സ്ത്രീകള്‍ക്കും ഭിന്നലിംഗവിഭാഗങ്ങള്‍ക്കും പ്രാപ്തമാവണം. അതിനുള്ള അനവധി ശ്രമങ്ങളുടെ ഭാഗമായിവേണം വേഷത്തില്‍ വരുത്തുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളെ കാണാന്‍.

പുരുഷവേഷമായി പാന്റും ഷര്‍ട്ടും ഉറച്ചുപോയ സമൂഹത്തില്‍ ആ വേഷമിട്ടു പുറത്തിറങ്ങാന്‍ സ്ത്രീകള്‍ മടിച്ചു എന്നുവരാം. എങ്കിലും താരതമ്യേന സ്ത്രീകളാണ് മാറ്റങ്ങള്‍ക്ക് പെട്ടെന്ന് സജ്ജരാകുന്നത്(മുണ്ട് നേരത്തേമുതല്‍ ആണുങ്ങളും പെണ്ണുങ്ങളും ധരിച്ചുപോന്നതാണ്). പാവാടയോ സാരിയോ ചുരിദാറോ ധരിക്കാന്‍ ആണുങ്ങള്‍ക്ക് ആഗ്രഹം കാണുമെങ്കിലും ആ വേഷം ധരിച്ചു പുറത്തിറങ്ങാന്‍ അനേക ശീലവിചാരങ്ങളെ ഭേദിക്കേണ്ടിവരും. അത് എല്ലാവര്‍ക്കും വളരെവേഗം സാധിക്കണമെന്നില്ല. അങ്ങനെ സങ്കല്‍പ്പിക്കുന്നതുപോലും സഹിക്കാത്ത ആണ്‍ലോകമാണ് നമ്മുടേത്.

പാന്റും ഷര്‍ട്ടും ധരിക്കുന്ന സ്ത്രീകളെ സങ്കല്‍പ്പിക്കാനും അഭിസംബോധന ചെയ്യാനും ആണുങ്ങള്‍ക്ക് പ്രയാസം കാണില്ല. എന്നാല്‍ സാരിയോ ചുരിദാറോ ധരിക്കുന്ന പുരുഷനെ സ്വീകരിക്കാന്‍ മനസ്സ് എളുപ്പം വഴങ്ങില്ല. വേഷത്തില്‍ ഉറച്ചുപോയ ലിംഗവേര്‍തിരിവ് അധികാര വിധേയ ദ്വന്ദ്വത്തിന്റെ സകലമാനങ്ങളും ഉള്ളടങ്ങിയതാണ്. ഉടലിനെ സംബന്ധിച്ചും അതിന്റെ ചലനാത്മകത സംബന്ധിച്ചുമുള്ള രത്യാസ്പദ ബോധമാണ് ആണ്‍കോയ്മാ സമൂഹത്തില്‍ പ്രബലം. വേഷം അധികാരവും ലൈംഗിക ചോദനയും പ്രകാശിപ്പിക്കാനുള്ള ഉപാധിയായിരിക്കുന്നു. അതിനാല്‍ സാരിയോ ചുരിദാറോ പാവാടയോ ധരിച്ചുപുറത്തിറങ്ങുന്ന പുരുഷന്‍ വീര്യംപോയ പുരുഷനാണെന്ന ധാരണയുണ്ടാവുന്നു. പാന്റും ഷര്‍ട്ടുമിട്ടു പുറത്തിറങ്ങുന്ന പെണ്ണിനോട് ഇനി മീശകൂടിയേ വേണ്ടൂ എന്ന് പരിഹസിക്കുന്ന കാലം പക്ഷേ, കഴിഞ്ഞുപോയിരിക്കുന്നു. അതവരുടെ കടന്നുകയറ്റത്തിന്റെ,അഥവാ ശീലഛേദത്തിന്റെ ധീരതയില്‍ കൈവന്നതാണ്.

ഏതുവേഷവും ആര്‍ക്കും ധരിക്കാമെന്ന നിശ്ചയമാണ് വേഷത്തിലെ ലിംഗതുല്യതക്കു ആദ്യപടിയായി വേണ്ടത്. ആണ്‍കോയ്മാ സമൂഹത്തിലെ ഉടല്‍ബോധ്യത്തിന് ഉടവു തട്ടാത്ത വേഷം എന്ന പ്രത്യേകതയേ പാന്റിനും ഷര്‍ട്ടിനുമുള്ളു. മറച്ചുവെക്കേണ്ടതും തുറന്നു വെക്കേണ്ടതും സംബന്ധിച്ച പരമ്പരാഗത ധാരണകളെ അതു മുറിവേല്‍പ്പിക്കില്ല. ലിംഗവിവേചനം നിലനിര്‍ത്തുന്ന ഉടല്‍ബോധ്യത്തിന് ഒട്ടും മുറിവേല്‍ക്കുന്നില്ല എന്നര്‍ത്ഥം. തൊലിപ്പുറമേയുള്ള ഒരു ചികിത്സയായി അത് മാറുന്നു. പാവാടയില്‍നിന്ന് പാന്റിലേക്കുള്ള മാറ്റം സ്വാതന്ത്ര്യമാണോ അസ്വാതന്ത്ര്യമാണോ എന്ന് സ്ത്രീകളാണ് പറയേണ്ടത്.

എം.കെ. മുനീര്‍

എം.കെ. മുനീര്‍ ഉന്നയിക്കുന്ന വിഷയം ഈ വിചാരങ്ങളുടെ കലര്‍പ്പുള്ളതാണെങ്കിലും ലക്ഷ്യം പര്‍ദ്ദയിലേക്കു പോകുന്ന ഒരു സ്ത്രീ സമൂഹത്തെ നിലനിര്‍ത്തല്‍ തന്നെയാണ്. അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്. ലിംഗരഹിതവേഷം എന്ന പേരില്‍ ആണ്‍വേഷം അടിച്ചേല്‍പ്പിക്കാമോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ അണിയുന്ന വേഷം പരീക്ഷിച്ചുകൂടാ? ഒരു പടികൂടി കടന്നാല്‍ പര്‍ദ്ദയും ലിംഗരഹിത വേഷമാണല്ലോ എന്ന് അദ്ദേഹം വാദിച്ചേക്കും. വേഷത്തെ ലിംഗകോയ്മാ ഉടല്‍ബോദ്ധ്യങ്ങളില്‍നിന്നു വിമോചിപ്പിക്കാന്‍ അദ്ദേഹവും ശ്രമിക്കുന്നില്ല.

ശീലഛേദത്തില്‍നിന്നേ പുതിയ വേഷങ്ങള്‍ രൂപപ്പെടൂ. അത് നമ്മുടെ ഉടലനുഭവങ്ങളെ നവീകരിക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യും. വേഷംകൊണ്ട് അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ വിപ്ലവകരമായ വേഷങ്ങള്‍ കൊണ്ടു പ്രതിരോധിക്കും. ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍ക്ക് അതേവിധം എതിരുണര്‍വ്വുകളുണ്ടാകും. അതിനെ നേരിടാന്‍ നമ്മുടെ ലിംഗരഹിതവേഷം എന്ന ആണ്‍നിശ്ചയങ്ങള്‍ മതിയായെന്നു വരില്ല. ആണ്‍കോയ്മാ പരിവേഷങ്ങളൂരി ഏതു വേഷത്തെയും അഭിസംബോധന ചെയ്യാന്‍ പരുവപ്പെടാതെ ഇനി പുരുഷന്മാര്‍ക്കു മുന്നോട്ടു പോകാന്‍ കഴിഞ്ഞെന്നു വരില്ല. ലോകം മാറുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ ലോകത്തെ കീഴ്‌മേല്‍ മറിക്കുകയാണ്.

CONTENT HIGHLIGHTS: Dr Azad write up in  Gender neutrality

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more