| Sunday, 28th April 2024, 7:58 pm

ഹിന്ദു നാമമില്ലാത്ത ഒരാള്‍ മത്സരിക്കുന്നത് ഇടതിനും വലതിനും പന്തിയല്ല; വടകരയിലെ ആദ്യ മതേതര സ്ഥാനാര്‍ത്ഥി ഷാഫിയെന്ന് ഡോ. ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയിലെ ആദ്യത്തെ മതേതര സ്ഥാനാര്‍ത്ഥി യു.ഡി.എഫ് നേതാവായ ഷാഫി പറമ്പിലാണെന്ന് ഡോ. ആസാദ്. ഇടതു-വലതു മുന്നണികള്‍ ഇതുവരെ ഭൂരിപക്ഷ സമുദായത്തില്‍ നിന്നല്ലാതെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിട്ടില്ലെന്നും ആസാദ് ആരോപിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പരാമര്‍ശം.

ഹിന്ദുനാമമില്ലാത്ത ഒരാള്‍ വടകരയില്‍ മത്സരിക്കുന്നത് പന്തിയല്ലെന്നാണ് ഇരുമുന്നണികളും വിശ്വസിക്കുന്നതെന്നും ആസാദ് കുറിച്ചു.

എന്നാല്‍ പരാമര്‍ശം ചര്‍ച്ചയതോടെ ആസാദിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ആസാദ് ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

‘ഇന്ന് വടകര മണ്ഡലത്തെ കുറിച്ച് ഞാനിട്ട പോസ്റ്റ് പിന്‍വലിക്കുന്നു. ചില നോട്ടപ്പിശകുകള്‍ വന്നത് തിരുത്തിയെങ്കിലും തൃപ്തികരമല്ലെന്ന് എനിക്ക് തന്നെ തോന്നുന്നു. അതിലെ ഊന്നല്‍ മറ്റൊരു കുറിപ്പായി സാവകാശം എഴുതാമെന്ന് കരുതുന്നു. ആ പോസ്റ്റ് ഇനിമേല്‍ എന്നെ ആക്ഷേപിക്കുന്നവരല്ലാതെ ആരും ഉദ്ധരിക്കരുതെന്ന് താത്പര്യപ്പെടുന്നു,’ പോസ്റ്റ് പിന്‍വലിച്ചുകൊണ്ടുള്ള ഡോ. ആസാദിന്റെ വിശദീകരണം.

എന്നാല്‍ ആസാദിന്റെ പരാമര്‍ശത്തെ തളളിക്കൊണ്ട് നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ എ.എം. ഷംസീര്‍ മുമ്പ് വടകരയില്‍ മത്സരിച്ചതാണെന്ന വസ്തുത ചൂണ്ടിക്കാട്ടിക്കൊണ്ട് ആസാദിന്റെ പോസ്റ്റ് വളരെ അപകടകരമാണെന്ന് പ്രശാന്ത് ആലപ്പുഴ എന്നയാള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ഇതിനുപുറമെ വര്‍ഷങ്ങളോളം വടകരയെ പ്രതിനിധീകരിച്ചത് കെ.പി. ഉണ്ണികൃഷ്ണന്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഏറ്റവും കലുഷിതമായ 80കളിലും കെ.പി. ഉണ്ണികൃഷ്ണന്‍ ആയിരുന്നു വടകര എം.പിയെന്നും പ്രശാന്ത് വ്യക്തമാക്കി.

രാജീവ് ഗാന്ധി ബാബറി പള്ളി തുറന്ന് കൊടുത്ത കാലം. അന്ന് മതേതരത്വം സംരക്ഷിക്കാന്‍ കെ.പി. ഉണ്ണികൃഷ്ണന്‍ നടത്തിയ പാര്‍ലമെന്ററി ഇടപെടലുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മതേതരത്വത്തെ കുറിച്ചുള്ള ബി.ജെ.പിയുടെ ആഗ്രഹമാണ് ആസാദിന്റെ കുരയെന്നും അദ്ദേഹം പ്രതികരിച്ചു.

പുരോഗമന പരിവേഷമണിഞ്ഞ് പിണറായി വിരോധം തലയില്‍ കയറ്റി സി.പി.ഐ.എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാന്‍ ആസാദ് ഇത്രയും തരം താഴേണ്ടതില്ലായിരുന്നുവെന്നും വിമര്‍ശകര്‍ പറഞ്ഞു. കണ്ണടച്ച് ഒരു വശത്തെ മാത്രം ആക്രമിക്കാനുള്ള മനോനില കൊണ്ടാണ് താങ്കളില്‍ നിന്നും ഇതുപോലെയുള്ള പിശകുകള്‍ ഉണ്ടാകുന്നതെന്നും പ്രതികരണമുണ്ടായി.

കെ.പി. ഉണ്ണികൃഷ്ണന്‍ മുതല്‍ മുല്ലപ്പളി രാമചന്ദ്രന്‍ വരെ മതേതരനല്ലാ എന്ന കണ്ടെത്തലില്‍ എന്തോ പിശേക് കാണുന്നു. ആസാദ് ഡോക്ടറെ കാണേണ്ട സമയമായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Dr. Azad says Shafi Parambil is the first secular candidate in Vadakara

We use cookies to give you the best possible experience. Learn more