| Saturday, 2nd November 2019, 6:23 pm

'മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്‌ട്രോ, ഗുവേര; ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണു കത്തിച്ചു കളയേണ്ടത്?'- യു.എ.പി.എ വിഷയത്തില്‍ ഡോ. ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ചുമത്തി കോഴിക്കോട്ട് രണ്ടു യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേസില്‍ പ്രതികരണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ആസാദ്. തന്റെ വീട്ടിലുള്ള പുസ്തകങ്ങളുടെയും കത്തുകളുടെയും ലഘുലേഖകളുടെയും കാര്യം പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. ‘ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണു കത്തിച്ചു കളയേണ്ടത്?’ എന്നദ്ദേഹം ചോദിച്ചു.

കൂട്ടുകാരുമൊത്ത് ബസ് സ്റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചതു കുറ്റമാകുമോ എന്നും അദ്ദേഹം ചോദിച്ചു.

സി.പി.ഐ.എം അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകൂട ഭീകരതയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.

ഡോ. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്.

ഞാനിതാ ഏറ്റുപറയുന്നു. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, കാസ്‌ട്രോ, ഗുവേര തുടങ്ങി ഒട്ടേറെ പേരുടെ പുസ്തകങ്ങള്‍ എന്റെ വീട്ടിലുണ്ട്. കത്തുകളും നോട്ടീസുകളും ലഘുലേഖകളുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഒട്ടനവധി സംവാദ രേഖകളുണ്ട്. കോമിന്റോണ്‍ രേഖകളും കാണും. ഭരണകൂടമേ, ഒരു കൈയാമവുമായി വരൂ.

ജീവന്‍ വേണമെങ്കില്‍ ഇതില്‍ ഏതൊക്കെയാണ് കത്തിച്ചുകളയേണ്ടത്? കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സൂക്ഷിക്കാമോ? ഭരണകൂടവും വിപ്ലവവും എന്തു ചെയ്യണം? സുന്ദരയ്യയുടെ കത്ത് ആഭ്യന്തര സുരക്ഷിതത്വത്തിന് തടസ്സമാകുമോ? കെ വേണുവിനെ പറത്താക്കണോ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വലിയ വേലിയേറ്റങ്ങളില്‍ ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്തു കാത്തുപോന്നവയാണ്. അതൊരു ചുവന്ന ഭരണത്തിനു തിരിച്ചെടുക്കണോ?

പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇതെല്ലാം ‘ചിന്ത’യിലൂടെയും അല്ലാതെയും വാങ്ങിക്കൂട്ടിയ കുറ്റത്തിന് എന്റെ സഖാക്കള്‍ക്കെല്ലാം എതിരെ പൊലീസ് കേസെടുക്കുമോ? കൂട്ടുകാരൊത്ത് ബസ്റ്റോപ്പിലിരിക്കുമ്പോള്‍ ആരോ തന്ന നോട്ടീസ് വായിച്ചത് കുറ്റമാകുമോ? അമ്മമാര്‍ക്ക് ഒരു സ്വസ്ഥതയില്ല.

ഏതോ കോടതിവിധി കേട്ട് ഗോര്‍ക്കിയുടെ അമ്മയും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ചെറുകാടിന്റെ ശനിദശയും അടുപ്പിലിട്ട അമ്മമാരുണ്ട്! എല്ലാം ശരിയാകുമെന്ന് വോട്ടുകുത്തി ആശ്വസിച്ചവരാണ്.

അങ്ങനെ വലയം ചുരുങ്ങിച്ചുരുങ്ങി വരികയാണ്. ഞാനിതാ രണ്ടു കൈകളുമുയര്‍ത്തി കാത്തു നില്‍ക്കുന്നു. ഒരു വെടിയുണ്ട. അല്ലെങ്കില്‍ ജീവപര്യന്തം യു.എ.പി.എ. മാറി നില്‍ക്കാന്‍ ഏതിടം? ഓടിപ്പോകാന്‍ ഏതു വഴി? ഇടതുപക്ഷ ഭരണമേ, ഞങ്ങളിവിടെത്തന്നെയുണ്ട്.

We use cookies to give you the best possible experience. Learn more