1
കുഴിച്ചുമൂടിയതൊക്കെ ചിലര്‍ മണ്ണുമാന്തി പുറത്തിടുകയാണ്. പഴയ പുടവയും പൂണൂലും രണ്ടാംമുണ്ടും. വംശമുദ്രകളാകെയും. അവര്‍ പൊക്കിപ്പിടിക്കുന്ന തലക്കെട്ടിനു തന്നെയുണ്ട് ജീര്‍ണശവത്തിന്റെ നാറ്റം. ‘തീണ്ടാപ്പാടകലെ’! പുരോഗമന കലാ സാഹിത്യ സംഘം തൃശൂര്‍ കമ്മറ്റിയുടെ പേരിലുള്ള യൂട്യൂബ് വീഡിയോ കണ്ടതാണ് ഈ കുറിപ്പിനുള്ള പ്രകോപനം.
കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കണം. അതെത്ര വേണമെന്ന് അളക്കുകയാണ് സാംസ്‌കാരിക തിരുമേനിമാര്‍. നവസവര്‍ണതയുടെ ദൃശ്യപാഠമാണ് ചമയ്ക്കുന്നത്. അവര്‍ക്കു പരിചിത അകലം തീണ്ടാപ്പാടാണ്. അവര്‍ണനിലയുടെ പലകാതം അകലങ്ങള്‍. കോവിഡിന്റെ പേരില്‍ ഭൂതബാധ.
കവി പൂണൂലിട്ടു കണ്ടു. ഭക്തിഗാന നിറവില്‍ ക്ഷേത്രത്തിലെത്തി തൊഴുതു നില്‍ക്കുന്നു! അവിടെ തീണ്ടാപ്പാടിന്റെ പുനപ്രതിഷ്ഠ ഗംഭീരമായി! സമരോത്സുക വഴികളെത്ര കടന്നു പോന്നിരിക്കുന്നു! അതടയാളപ്പെട്ട കലയെയും സാഹിത്യത്തെയും ജീവിതത്തെയും ആ പഴയ പ്രദക്ഷിണവഴിയില്‍ തിരിച്ചെത്തിച്ചിരിക്കുന്നു പുതിയ നേതാക്കള്‍! എത്ര സ്വാഭാവികമെന്ന വിധം സംഘപരിവാരങ്ങളുടെ ഹിന്ദുത്വ വേഷങ്ങളെ പിന്‍തള്ളുന്നു!
ജീവിതം വല്ലാതെ മാറിക്കാണും. മറ്റേതോ ഭ്രമണ പഥത്തില്‍ ദിക്കും കാലവുമറിയാതെ അര്‍മാദിക്കുകയാവണം. പൊരുതുന്ന മനുഷ്യരുടെ ഭാഷയും ജീവിതവും തങ്ങളാഗ്രഹിച്ച ലക്ഷ്യത്തിലെത്തിയവര്‍ ഓര്‍ത്തുവെയ്ക്കുമെന്ന് എന്തിനു കരുതണം? എത്ര മഹാത്മാക്കളുടെ വിയര്‍പ്പും രക്തവും സ്വപ്നവും ചവിട്ടിമെതിച്ചായിരിക്കണം ആ തിരിച്ചുപോക്ക്! നവോത്ഥാന പ്രഭാഷണങ്ങള്‍ ഇവരില്‍നിന്നാണല്ലോ നാം കേട്ടുപോന്നത്!
തീണ്ടാപ്പാടകലെ എന്ന ലഘുചിത്രം പുരോഗമന കലാസാഹിത്യ സംഘം പിന്‍വലിച്ചിട്ടുണ്ട്. അതിന്റെ പ്രതിലോമ സ്വഭാവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എത്ര ആശ്വാസകരമാണത്! എങ്കിലും ഒരു ചോദ്യം ബാക്കിയാണ്. എങ്ങനെയാണ് പു ക സ നേതാക്കളിലേയ്ക്ക് ജാതിയും മതവും വിശ്വാസവും മതാത്മകമായ ഭൂതകാല ജീര്‍ണതകളും ഇരച്ചെത്തുന്നത്?
ഹിന്ദുത്വ ഫാഷിസത്തിനെതിരായ സമരം അവനവനോടുള്ള നിശിതമായ വിചാരണയില്‍ ആരംഭിക്കണമെന്ന് ഈ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കട്ടെ. ഏതു രോഗത്തോടാണോ യുദ്ധം ചെയ്യുന്നത്, അതിന്റെ അണുക്കള്‍ നമ്മിലുമുണ്ടെന്ന് ഇതില്‍പ്പരം വെളിവാവാനില്ല.
ദര്‍ശനവും പ്രയോഗവും സംബന്ധിച്ച കഠിന വിചാരങ്ങളിലേക്കു പ്രവേശിക്കാന്‍ ത്രാണിയില്ലാത്ത ആരും പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തക വേഷമണിയരുത്. സാംസ്‌കാരിക പ്രവര്‍ത്തനം വ്യവഹാരങ്ങളുടെ നിര്‍ദ്ദയമായ വിശകലനവും വേദനാകരമായ പുതുക്കിപ്പണിയലുമാണ്.
2
കവി രാവുണ്ണിയെയും പു.ക.സ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയെയും പഴിച്ചൊഴിയേണ്ട. അവരില്‍ വെളിപ്പെട്ടത് അവരില്‍ മാത്രമുള്ള പിന്‍നടത്തമല്ല. സാമാന്യബോധത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പിന്‍വഴുതലുകളാണ്.
അവരുടെ കുറ്റം വിമര്‍ശനാത്മകവും യുക്തിപൂര്‍വ്വവുമായ ലോകവീക്ഷണവും ജീവിതസമീപനവും കളഞ്ഞുകുളിച്ചു എന്നതാണ്. ജീവിക്കുന്ന കാലത്തെ പ്രധാന വൈരുദ്ധ്യങ്ങളെ വേണ്ടവിധം ഉള്‍ക്കൊണ്ടില്ല എന്നതാണ്. അവനവനെയും ലോകത്തെയും തിരുത്തുന്ന ഒരു ദര്‍ശനവും സ്വാംശീകരിച്ചില്ല എന്നതാണ്.
അത്ര മോശമല്ലാത്ത പാരമ്പര്യവും പൂര്‍വ്വികരുടെ വീരാപദാനങ്ങളും കൊട്ടിപ്പാടി ജീവിക്കുന്ന ‘തറവാടി’കളുടെ ഗണത്തിലാണ് പുരോഗമനവാദികളും ചെന്നു നില്‍ക്കുന്നത്. പാടുന്ന കഥകളിലേ ഫ്യൂഡല്‍തറവാടികളില്‍ നിന്ന് അവര്‍ വ്യത്യസ്തരാവുന്നുള്ളു. ഭൂതാസക്തിയുടെയും മതബോധത്തിന്റെയും പ്രവണതകള്‍ ഒന്നുതന്നെ. അവ വര്‍ത്തമാന കാലത്തെ തീവ്ര വൈരുദ്ധ്യങ്ങളെ മറയ്ക്കുന്നു. അഥവാ നിസ്സാരമാക്കുന്നു.
ഇന്ത്യന്‍ ഫാഷിസം വേരുകളാഴ്ത്തുന്നത് ഈ നനവിലാണ്. പ്രതിരോധത്തിന്റെ ഈ വിള്ളലിലാണ്. ദൈനംദിന ജീവിതത്തിലെ അതിജീവന സമരങ്ങള്‍ അവഗണിച്ച് കുരുക്ഷേത്ര യുദ്ധം മുതല്‍ മിച്ചഭൂമിസമരം വരെ ആദര്‍ശവത്ക്കരിക്കുന്ന പ്രവണതയ്ക്ക് ഒറ്റ മുഖമേയുള്ളു. അതാണ് റിവൈവലിസം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൂണൂലിട്ട എ കെ ജിയും പൂണൂലിട്ട നാരായണ ഗുരുവും രൂപപ്പെടുകയാണ്. സംഘപരിവാരം വിയര്‍പ്പൊഴുക്കാതെ നേടുന്ന യുദ്ധവിജയം.
വര്‍ത്തമാന ജീവിതത്തിലെ അമര്‍ഷങ്ങളെയും സമരങ്ങളെയും അഭിസംബോധന ചെയ്യാന്‍ പ്രാപ്തിയുള്ള ദര്‍ശനംകൊണ്ടേ ഈ വിപത്തു മുറിച്ചു കടക്കാനാവൂ. ദര്‍ശന നഷ്ടത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് അഴുകിയ വാക്ക് നെറുകയിലണിഞ്ഞ ഹ്രസ്വ ചിത്രം. പു ക സ നേതാക്കളുടെ വാക്കുകളിലും ശൈലികളിലും സാമുദായിക ചിന്തയുടെ അഴുകിയ ശീലങ്ങള്‍ കടന്നു കൂടുന്നത് വിപ്ലവ ദര്‍ശനങ്ങളൊന്നും അവരെ അസ്വസ്ഥമാക്കുന്നില്ല എന്നതുകൊണ്ടാണ്.
കേരളീയ സമൂഹത്തില്‍ അടിത്തട്ടു പ്രാന്തീയ വിഭാഗങ്ങളും പുതു വികസനം പുറം തള്ളിയ അനേകരും സമരരാഷ്ട്രീയത്തിന്റെ ദര്‍ശനങ്ങളിലേക്കു വളരുമ്പോഴാണ് പഴയ പോരാളികള്‍ സംഘപരിവാര ചേരികളിലേക്ക് ചാഞ്ഞും ചെരിഞ്ഞും വീഴുന്നതെന്ന് കാണണം. അതു തടയാനുള്ള മാര്‍ഗം കണ്ടില്ലെങ്കില്‍ പഴയ വിപ്ലവ പക്ഷത്തെ പോരാളികളില്‍ ചിലര്‍ സമര വഴിയിലേക്കും ദര്‍ശന നഷ്ടത്തിന്റെ തരിശിലെത്തിയവര്‍ സംഘപരിവാര വിഭാഗങ്ങളിലേക്കും പിളര്‍ന്നൊഴുകും. അതു തടയാന്‍ കെട്ടുകഥകളോ ക്വട്ടേഷന്‍ സംഘങ്ങളോ മതിയാവില്ല.