മോഹന്‍ലാല്‍ അനീതിയുടെ അംബാസിഡറാവരുത്
Daily News
മോഹന്‍ലാല്‍ അനീതിയുടെ അംബാസിഡറാവരുത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th January 2015, 4:51 pm

വലിയ മനുഷ്യര്‍ ഇങ്ങനെ ഇത്തിരിപ്പണത്തിന് ജനങ്ങളെ കൊള്ളവ്യവസ്ഥക്കു കൂട്ടിക്കൊടുക്കുന്നവരായി തീരാമോ എന്നൊരു ചോദ്യമുയരുന്നുണ്ട്. സ്വന്തം ഉയര്‍ച്ചക്കു കാരണക്കാരായ ജനങ്ങളുടെ കളങ്കമില്ലാത്ത പിന്തുണയെയാണല്ലോ അവര്‍ ദുരുപയോഗം ചെയ്യുന്നത്.

Azad

| ഒപ്പീനിയന്‍ | ഡോ.ആസാദ്‌ |

വന്‍കിട സ്ഥാപനങ്ങള്‍ ബ്രാന്റ് അംബാസിഡര്‍മാരെ കണ്ടെത്തുന്നത് ജനങ്ങളിലേക്ക് എളുപ്പമെത്താനുള്ള ഉപാധി എന്ന നിലയിലാണ്. പലമട്ട് ജനഹൃദയങ്ങളില്‍ കടന്നുകയറിയവര്‍ ആ ഹൃദയങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ഉപകരണമായിത്തീരുന്നു. പ്രതിഫലമായി ലഭിക്കുന്ന ധനമാണ് ആകര്‍ഷിക്കുന്ന ഘടകം.

വലിയ മനുഷ്യര്‍ ഇങ്ങനെ ഇത്തിരിപ്പണത്തിന് ജനങ്ങളെ കൊള്ളവ്യവസ്ഥക്കു കൂട്ടിക്കൊടുക്കുന്നവരായി തീരാമോ എന്നൊരു ചോദ്യമുയരുന്നുണ്ട്. സ്വന്തം ഉയര്‍ച്ചക്കു കാരണക്കാരായ ജനങ്ങളുടെ കളങ്കമില്ലാത്ത പിന്തുണയെയാണല്ലോ അവര്‍ ദുരുപയോഗം ചെയ്യുന്നത്.

സിനിമാ നടന്മാര്‍, നടികള്‍, ക്രിക്കറ്റ് താരങ്ങള്‍, മറ്റു കളിക്കാര്‍, കലാകാരന്മാര്‍, തുടങ്ങി വ്യത്യസ്ത തുറകളില്‍ അറിയപ്പെടുന്നവരെല്ലാം മുതലാളിത്ത വിപണി ലീലകളിലേക്കു സ്വാംശീകരിക്കപ്പെടുന്നു.

ജനങ്ങള്‍ക്കു മികച്ച വഴി എന്ന നിലയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത് മിക്കപ്പോഴും കോര്‍പറേറ്റ് കൊള്ളയ്ക്ക് വിപണിയുടെ കെണികളിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള കൗശല വഴികളാണ്. പറഞ്ഞും ആടിയും അവരതാണ് ചെയ്യുന്നത്. അവരെക്കാലവും വിശുദ്ധരായി വാഴ്ത്തപ്പെടുന്നു. ജനങ്ങള്‍ എല്ലാ ചൂഷണങ്ങള്‍ക്കും വിധേയമായി ദുരിതങ്ങളില്‍നിന്നു ദുരിതത്തിലേക്കു തല കുത്തി വീഴുന്നു.

ഇപ്പോഴെന്താണ് ഇങ്ങനെയൊരു ആലോചന എന്നാവും. വെറുതെ ഓര്‍ത്തുപോയതല്ല. കാക്കഞ്ചേരിയിലെ ജനകീയ സമരമുഖത്തുകൂടി കടന്നുപോകുമ്പോഴൊക്കെ ചിന്തിക്കാറുള്ളതാണ്. മലബാര്‍ഗോള്‍ഡിന്റെ സ്വര്‍ണ ശുദ്ധീകരണ ആഭരണ നിര്‍മ്മാണ സംരംഭത്തിനു മുന്നിലാണ് സമരം.

മോഹന്‍ലാലിന്റെ നടനവടിവിലാണ് ഹേമമാലിനീ പ്രണയമുരുകുന്നത്. ഹേമം എന്നാല്‍ സ്വര്‍ണമാണ്. മോഹമഞ്ഞയാണത്. മോഹന്‍ലാലിന്റെ സുവിശേഷം കൂടിയാകുമ്പോള്‍ മലയാളിക്കെന്തുവേണം വേറെ? കാക്കഞ്ചേരിക്കു ചുറ്റുമുള്ള കുട്ടികള്‍ മോഹന്‍ലാലിനെ വിളിച്ചു കരഞ്ഞു. ഈ പാപത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാവല്ലേ എന്നായിരുന്നു നിലവിളിയും പ്രാര്‍ത്ഥനയും.

Malabar-gold2

സയനൈഡുപോലെയുള്ള മാരക രാസ വിഷ പദാര്‍ത്ഥങ്ങളുപയോഗിച്ചുള്ള പദ്ധതി ജനസാന്ദ്രതയേറിയ ഇത്തരം സ്ഥലങ്ങളില്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇതു സ്ഥാപിക്കുന്ന കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കാവട്ടെ, അമ്പതിലേറെ ഭക്ഷ്യോത്പാദന വിതരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നിടവുമാണ്. സ്ഥാപനം അവിടെ നിന്നു മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് സമീപ പഞ്ചായത്തുകളിലെ ജനങ്ങളാകെ സമരരംഗത്താണ്. എല്ലാ രാഷ്ട്രീയക്കാരും സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്.

ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണെങ്കിലും മാധ്യമങ്ങള്‍ അതു സ്പര്‍ശിക്കാന്‍ മടിക്കുന്നു. അഞ്ചു സെന്റീമീറ്ററിലധികം ആ വാര്‍ത്ത വന്നുകൂടെന്നും അത് ഒരു കിലോമീറ്റര്‍ ചുറ്റളവിനപ്പുറം കടക്കരുതെന്നും മലബാര്‍ഗോള്‍ഡെന്ന പേര് തൊട്ടുപോകരുതെന്നും മാധ്യമങ്ങള്‍ക്ക് കടുത്ത നിര്‍ബന്ധമാണുള്ളത്.

എന്നാല്‍ മലബാര്‍ഗോള്‍ഡിന്റെ പരസ്യപ്പെരുമയില്‍ മുങ്ങി നിവരാത്ത മാധ്യമങ്ങളൊന്നുമില്ല തന്നെ. സമരങ്ങളെ പിന്തുണയ്ക്കുന്നത് ജീവിത വ്രതമായി എടുത്തിട്ടുണ്ട് എന്നവകാശപ്പെടുന്ന പത്ര സ്ഥാപനത്തിനുപോലും ഈ വാര്‍ത്തക്കു മുന്നിലെത്തുമ്പോള്‍ മുട്ടു വിറയ്ക്കുന്നു.

മോഹന്‍ലാലിന്റെ നടനവടിവിലാണ് ഹേമമാലിനീ പ്രണയമുരുകുന്നത്. ഹേമം എന്നാല്‍ സ്വര്‍ണമാണ്. മോഹമഞ്ഞയാണത്. മോഹന്‍ലാലിന്റെ സുവിശേഷം കൂടിയാകുമ്പോള്‍ മലയാളിക്കെന്തുവേണം വേറെ? കാക്കഞ്ചേരിക്കു ചുറ്റുമുള്ള കുട്ടികള്‍ മോഹന്‍ലാലിനെ വിളിച്ചു കരഞ്ഞു. ഈ പാപത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാവല്ലേ എന്നായിരുന്നു നിലവിളിയും പ്രാര്‍ത്ഥനയും.

അടുത്ത പേജില്‍ തുടരുന്നു

മലബാര്‍ഗോള്‍ഡ് പിഴച്ചതിന് മോഹന്‍ലാലിനെ പഴിക്കാമോ എന്നാവും അടുത്ത പ്രശ്‌നം. ഒന്നാമത്തേത് ഇതൊരു പഴിചാരലല്ല. പിന്നെയോ മലബാര്‍ ഗോള്‍ഡിന്റെ കൊള്ളയും കയ്യേറ്റവും ജനങ്ങള്‍ക്കെതിരായ യുദ്ധവും മറച്ചുവെക്കപ്പെടുന്നതും വിശുദ്ധപ്പെടുന്നതും മോഹന്‍ലാലിനു കേരളം പതിച്ചുനല്‍കിയ ആദരവിന്റെ തിളക്കങ്ങളിലാണ്.

Malabar-gold

അദ്ദേഹമതു കേട്ടുവോ ആവോ. മാധ്യമങ്ങള്‍ എല്ലാം എല്ലായിടത്തും എത്തിക്കുന്നവരെന്നാണ് ലോകധാരണ. എന്നാല്‍ അനുഭവം തിരിച്ചാണ്. എല്ലാം അതാതിടങ്ങളില്‍ തടഞ്ഞു നിര്‍ത്തുന്ന വന്‍മതിലാണത്. ഇനി മലയാളികള്‍ ഒന്നടങ്കം മോഹന്‍ലാലിനെ വിളിച്ചു കേഴണം. ഈ കുട്ടികളുടെ വിലാപം കേള്‍ക്കണേ എന്ന്.

മലബാര്‍ഗോള്‍ഡ് പിഴച്ചതിന് മോഹന്‍ലാലിനെ പഴിക്കാമോ എന്നാവും അടുത്ത പ്രശ്‌നം. ഒന്നാമത്തേത് ഇതൊരു പഴിചാരലല്ല. പിന്നെയോ മലബാര്‍ ഗോള്‍ഡിന്റെ കൊള്ളയും കയ്യേറ്റവും ജനങ്ങള്‍ക്കെതിരായ യുദ്ധവും മറച്ചുവെക്കപ്പെടുന്നതും വിശുദ്ധപ്പെടുന്നതും മോഹന്‍ലാലിനു കേരളം പതിച്ചുനല്‍കിയ ആദരവിന്റെ തിളക്കങ്ങളിലാണ്.

തന്റെ തിളക്കത്തില്‍ ജനങ്ങളുടെ ചോര പുരളുന്നത് മോഹന്‍ലാലിനു പ്രിയമാവുമോ? കൊള്ളക്കാരന്റെ സ്വര്‍ണക്കിന്നരികളാണോ സാധാരണക്കാരായ ജനങ്ങളുടെ നിഷ്‌ക്കളങ്കാദരവുകളാണോ മോഹന്‍ലാലിന് വിലപ്പെട്ടതെന്നു നിശ്ചയിക്കേണ്ട സന്ദര്‍ഭമാണിത്. മോഹന്‍ലാലിന് ജനം നല്‍കുന്ന ആദരവിന്റെയും അംഗീകാരത്തിന്റെയും മറ പിടിച്ചുള്ള രാസ ഒളിയുദ്ധമാണ് കാക്കഞ്ചേരിയില്‍ മലബാര്‍ഗോള്‍ഡ് നടത്തുന്നതെന്നര്‍ത്ഥം.

തൃശൂരില്‍ തൊഴിലാളികളെ പീഡിപ്പിക്കുന്ന കല്യാണ്‍ സാരീസിനും ഭൂമി കയ്യേറുന്ന ശോഭാസിറ്റിക്കും എല്ലാം ഇത്തരം അംബസിഡര്‍മാര്‍ കാണും. ജനങ്ങളുടെ ഒറ്റുകാരായിത്തീരുന്ന മഹാത്മാക്കള്‍ എന്ന വിശേഷണമാണ് അവര്‍ക്കു കാലം നല്‍കുക. കോര്‍പറേറ്റുകളുടെ അംബാസിഡറാവണോ ജനങ്ങളുടെ അംബാസിഡറാവണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്.

നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുന്നത് നീതിപൂര്‍വ്വം തീരുമാനമെടുക്കാന്‍ തടസ്സമുണ്ടാകുമ്പോഴാണ്. അനീതിയുടെ സ്വര്‍ണവലയങ്ങള്‍ നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കും. ലാലും ഈ വ്യാമോഹത്തിലേക്കാണ് ദുരിതകാലത്തും നമ്മെ നയിക്കുന്നത്. അദ്ദേഹമത് അറിയുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹത്തോടുള്ള പ്രിയംകൊണ്ടു മാത്രമുണ്ടാകുന്നതാണ്.

Mohan-lal-malabar

പണമോ സ്വര്‍ണമോ രത്‌നമോ വിദേശ യാത്രകളോ വെച്ചുനീട്ടാന്‍ ജനങ്ങള്‍ക്കാവില്ല. അവര്‍ക്കു സ്‌നേഹവും ആദരവും മാത്രമേ നല്‍കാനാവൂ. എത്രയോ സമ്പാദിച്ചിട്ടും ഈ ജനവിരുദ്ധ വികസനത്തിന്റെയും കൊള്ളയുടെയും അംബാസിഡര്‍മാരാവാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്താണാവോ?

ജനാധിപത്യത്തിന്റെ നാലാം തൂണായി അഭിമാനിക്കുന്ന അച്ചടി ദൃശ്യ മാധ്യമങ്ങളും ജന വിമോചനത്തിനുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ ഭരണ സംവിധാനങ്ങളും ജനങ്ങളെ കയ്യൊഴിയുന്ന കാലത്ത് ഇങ്ങനെയും സംഭവിക്കാവുന്നതേയുള്ളു. പക്ഷെ, ആ വേര്‍തിരിവ് കൂടുതല്‍ക്കൂടുതല്‍ വ്യക്തമാവുകയാണ്. ജനങ്ങള്‍ക്കൊപ്പവും നീതിക്കൊപ്പവും നില്‍ക്കുന്നവരും അവയുടെ ആരാച്ചാരന്മാര്‍ എന്നുമാണ് ആ വിഭജനം.

നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുന്നത് നീതിപൂര്‍വ്വം തീരുമാനമെടുക്കാന്‍ തടസ്സമുണ്ടാകുമ്പോഴാണ്. അനീതിയുടെ സ്വര്‍ണവലയങ്ങള്‍ നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കും. ലാലും ഈ വ്യാമോഹത്തിലേക്കാണ് ദുരിതകാലത്തും നമ്മെ നയിക്കുന്നത്. അദ്ദേഹമത് അറിയുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹത്തോടുള്ള പ്രിയംകൊണ്ടു മാത്രമുണ്ടാകുന്നതാണ്.

ജനവിരുദ്ധ വികസനത്തിനും പകല്‍കൊള്ളകള്‍ക്കും വിഷംതീറ്റിക്കലുകള്‍ക്കും ഇനിമേല്‍ ബ്രാന്റ് അംബാസിഡര്‍മാരുണ്ടാവരുത്. വഞ്ചിക്കുന്ന പരസ്യങ്ങളുടെ മോഹ വിഭ്രാന്തികള്‍ക്ക് ജനം സ്‌നേഹാദരവുകളോടെ നല്‍കിയ അംഗീകാര മുദ്രകളും പരിവേഷങ്ങളും ഇനി ഉപയോഗിച്ചുകൂടാ. വിവേചനശേഷി കൂടി വേണം മഹാത്മാക്കള്‍ക്ക്. അവരെ അവരാക്കിയത് ആരെന്ന് അവര്‍ ഓര്‍ത്തുകൊണ്ടേയിരിക്കണം.