ഓണ്‍ലൈന്‍ വിദ്യാഭ്യാസം; യെച്ചൂരി എന്താണോ ഭയന്നത് അത് കേരളത്തില്‍ സംഭവിച്ചിരിക്കുന്നു: ഡോ. ആസാദ്
Kerala News
ഓണ്‍ലൈന്‍ വിദ്യാഭ്യാസം; യെച്ചൂരി എന്താണോ ഭയന്നത് അത് കേരളത്തില്‍ സംഭവിച്ചിരിക്കുന്നു: ഡോ. ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd June 2020, 11:00 pm

കോഴിക്കോട്: ഡിജിറ്റല്‍ വിദ്യാഭ്യസം വഴി ജനങ്ങള്‍ വിഭജിക്കരുത് എന്ന സി.പി.ഐ.എമ്മിന്റേയും സീതാറാം യെച്ചൂരിയുടേയും ഭയം കേരളത്തില്‍ സംഭവിച്ചിരിക്കുന്നു എന്ന് ഇടത് ചിന്തകനായ ഡോ. ആസാദ്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ തന്നെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ അപാകതകളെ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡോ.ആസാദിന്റെ വാക്കുകളിലേക്ക്-

ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ഇന്ന് പുറത്തിറക്കിയ നിലപാട് നേരത്തെ തന്നെ ഉള്ളതാണ്. സാങ്കേതിക സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ അത് ജനങ്ങളെ വിഭജിക്കുന്ന രീതിയിലാകരുത്. ജനങ്ങളെ പിറകോട്ട് കൊണ്ടുപോകുന്ന രീതിയിലാകരുത്.

പ്രത്യേകിച്ച് ഇന്നത്തെ സന്ദര്‍ഭത്തില്‍ എല്ലാ മേഖലയിലും പൊതു മുതല്‍മുടക്ക് കുറച്ചുകൊണ്ടുവരികയാണ്.

വായ്പാധിഷ്ഠിത സമ്പദ്ഘടന നിര്‍ബന്ധിക്കുന്നത് പോലും എല്ലായിടത്തും പൊതുവായ ചിലവ് കുറച്ചുകൊണ്ടുവരികയും സ്വകാര്യ മൂലധനത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കാന്‍ പോകുകയും ചെയ്യുന്നു എന്നതിനാലാണ്.

അധ്യാപകരെ കുറയ്ക്കാന്‍ കഴിയും, സ്ഥാപനത്തിന്റെ മറ്റ് ചിലവുകള്‍ കുറയ്ക്കാം എന്നിവയാണ് ആ സാഹചര്യത്തില്‍ വിദ്യഭ്യാസമേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു ഭീതിദമായ അടുത്ത ഘട്ടം.

വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന ക്യാംപസുകള്‍ക്ക് ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുണ്ട്. അത് സിലബസിനപ്പുറത്ത് ഒരു തലമുറയെ, ലോകത്തെ പഠിപ്പിക്കുന്നുണ്ട്. ചരിത്രത്തെ, സംസ്‌കാരത്തെ, മൂല്യത്തെ ചിട്ടപ്പെടുത്തുന്നതിലെല്ലം ഒരു പങ്കുണ്ട്.

സ്റ്റേറ്റിന്റെ ചെറുരൂപമായി ജനാധിപത്യമൂല്യങ്ങള്‍ പഠിപ്പിക്കുന്നിടങ്ങളാണ് ക്യാംപസുകള്‍. ആ സാധ്യതകള്‍ ഇല്ലാതാക്കി അവിടേക്ക് വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ കടന്നുവരും. അത്തരം കൂട്ടായ്മകള്‍ ഇല്ലാതാക്കി വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല.

അതുകൊണ്ട് മുഴുവനാളുകള്‍ക്കും ലഭ്യമല്ലാത്ത ഒരു ഉപാധിയും വെച്ച് വിദ്യാഭ്യാസം മുന്നോട്ടുപോകരുത്‌ എന്ന നിലപാട് സി.പി.ഐ.എമ്മിന് നേരത്തെ തന്നെ ഉണ്ട്. അത് ഒന്നുകൂടി ആവര്‍ത്തിച്ച് പറയുകയാണ് ഇപ്പോള്‍ ചെയ്തത്.

കേരളത്തില്‍ വിദ്യാഭ്യാസരംഗത്തെ ബദല്‍ എന്ന രീതിയിലല്ല ഇപ്പോഴത്തെ സാഹചര്യം ഒരുക്കിയത് എന്നാണ് മനസിലാക്കുന്നത്. താല്‍ക്കാലികമായി ജൂലൈയിലോ ആഗസ്റ്റിലോ അധ്യയനം ആരംഭിക്കാന്‍ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ കൃത്യമായ തിയതി പറയാന്‍ പറ്റില്ല. മറ്റ് പല രാജ്യങ്ങളിലും എന്ന പോലെ ഒരു അക്കാദമിക് വര്‍ഷം നഷ്ടപ്പെട്ടു എന്നും വരാം.

കൊഴിഞ്ഞുപോക്ക് കുറച്ചുവരിക എന്നുള്ളതായിരുന്നു നമ്മുടെ വിദ്യാഭ്യാസ രംഗം നടത്തിയിരുന്ന ഒരു കാര്യം. കൊഴിഞ്ഞുപോക്ക് കുറച്ചുകൊണ്ട് വന്ന് മുഴുവനാളുകളിലേക്കും വിദ്യാഭ്യാസം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് ഈ തുടര്‍ച്ച അറ്റ് പോകാതിരിക്കുക എന്നതിന് മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും ഒരു പരിമിത സാഹചര്യത്തിലാണെങ്കിലും ഒാണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ചെയ്യണ്ടേത്.

പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ പോലും ഒരു വിഭാഗം പുറംതള്ളപ്പെട്ടവരാണ് എന്ന അവസ്ഥ വരുന്നത് വലിയ അപകടമാണ്. നമ്മള്‍ എത്തിപ്പിടിച്ച എല്ലാ നേട്ടങ്ങളേയും ഇല്ലാക്കുന്ന കാര്യമാണത്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനെ നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന തരത്തിലേക്ക് അത് മാറും.

ഒരു ഇടതുപക്ഷ സര്‍ക്കാരിന് ആ വീക്ഷണമുണ്ടാകേണ്ടത് അതിപ്രധാനമാണ്. ഏറ്റവും ദുര്‍ബലരായ സമൂഹങ്ങള്‍ക്ക് ഈ സേവനത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്.

കമ്മ്യൂണിറ്റി കിച്ചനും മറ്റും വഴി ഈ ലോക്ക് ഡൗണ്‍ കാലത്തും അടിത്തട്ടിലുള്ളവര്‍ക്ക് നമുക്ക് ഭക്ഷണം കൊടുക്കാന്‍ സാധിച്ചു. പഞ്ചായത്തിന്റെ അടക്കം എല്ലാവരുടേയും സഹായത്തോടെയാണ് അത് സാധ്യമായത്. അതേ പ്രക്രിയ തന്നെ ഇക്കാര്യത്തിലും ചെയ്യാന്‍ പരാമവധി ശ്രമിക്കണമായിരുന്നു.

ഒരാള്‍ക്ക് ഒരു ഫോണ്‍ വാങ്ങിക്കൊടുത്താലോ ടി.വി വാങ്ങിക്കൊടുത്താലോ മാത്രം പോര എന്ന് ആദ്യം മനസിലാക്കണം. അവ യഥാവിധം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും വേണം. ഇത്തരം കാര്യങ്ങള്‍ തീരുമാനിച്ചായിരുന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അത് ചെയ്യാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്.

വിദ്യാഭ്യാസം കുട്ടികളിലേക്കെത്തുമ്പോള്‍ അതില്‍ ചിലര്‍ മാറ്റി നിര്‍ത്തപ്പെടുന്നു. അവര്‍ നിരന്തരം മാറ്റിനിര്‍ത്തപ്പെടുന്നവരായിത്തീരുന്നു എന്നതാണ് പ്രശ്‌നം. ഡിജിറ്റല്‍ ഡിവൈഡ് എന്നതുകൊണ്ട് എന്താണോ യെച്ചൂരി അല്ലെങ്കില്‍ സി.പി.ഐ.എം ഭയന്നത്, അതാണ് കേരളത്തില്‍ നടന്നത്. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അത് തിരുത്തണം.

കേരളത്തില്‍ ആ പരിഷ്‌കരണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വന്നിട്ടില്ല. എങ്കില്‍പ്പോലും വിഭജനം ഉണ്ടായിരിക്കുന്നു. അത് പരിഹരിക്കണം. അതിന് പകരം അവിടെ ലീഗിന്റെ ഭരണമാണ് ബി.ജെ.പിയുടെ ഭരണമാണ് എന്ന് പറയുന്നത് പുകമറ സൃഷ്ടിക്കുന്നതിന് തുല്യമാണ്.

അധ്യാപകരല്ല ഈ സംഭവത്തിന് ഉത്തരവാദികള്‍ എന്നത് വസ്തുതയാണ്. ഈ സംവിധാനത്തില്‍ അതിന്റെ മുന്നൊരുക്കം നടന്നില്ല എന്നതാണ് കുറ്റം. സി.പി.ഐ.എമ്മിന്റെ  പ്രസ്താവന അതിലേക്ക് വരുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. ഇതിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ് യെച്ചൂരിയുടെ ഇന്നത്തെ പ്രസ്താവന.

ആര്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത് എന്നതാണ് പ്രശ്‌നം. ഇവിടുത്തെ ആദിവാസികളോടും ദളിതരോടും ദുര്‍ബലജനവിഭാഗങ്ങളോടുമാണ് കാത്തിരിക്കൂ എന്ന് പറയുന്നത്. പിന്നോക്കക്കാര്‍ എപ്പോഴും കാത്തിരിക്കേണ്ടവരായിരിക്കുന്നു എന്നത് ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇതല്ല നമ്മള്‍ ഇടത് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക