| Wednesday, 24th January 2018, 7:01 am

ആദ്യം ഇന്ത്യന്‍ ഫാസിസത്തിനെതിരായ ഐക്യമുന്നണി രൂപപ്പെടട്ടേ. എന്നിട്ടാവാം സോഷ്യലിസ്റ്റ് വിപ്ലവം

ഡോ. ആസാദ്

ആസന്നമായ യുദ്ധം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലോ ഇന്ത്യയും ചൈനയും തമ്മിലോ ഉള്ളതല്ല. അതിവേഗം അടിമുടി ഫാഷിസവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടവും അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യന്‍ മതേതര ജനാധിപത്യ ജീവിതവും തമ്മിലുള്ളതാണ്. ഇതില്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യത്തിന് മൂന്നാമതൊരിടം ഉത്തരമാവില്ല.

അതിര്‍ത്തിയിലെ അശാന്തിയും അക്രമവും അധിനിവേശവും ഹിംസയും നിയന്ത്രണ വിധേയമാണ്. ആഭ്യന്തര സ്ഥിതി അതല്ല. കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ കൂട്ടുകെട്ടിന്റെ ബുള്‍ഡോസറുകളും ടാങ്കുകളും പൗരജീവിതങ്ങള്‍ക്കുമേല്‍ നിര്‍ദ്ദയം ഉരുളുകയാണ്. ജനങ്ങളോടു യുദ്ധം ചെയ്യുന്ന ഭരണകൂടമാണിത്.

ഭരണകൂടത്തെ മാറ്റാനുള്ള ശേഷിയൊന്നും ഇപ്പോള്‍ നമുക്കില്ലായിരിക്കും. എന്നാല്‍ അതിനെ നിയന്ത്രിക്കുന്ന പിന്‍ നോക്കി ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തെയും അതിന്റെ നിര്‍ലജ്ജമായ കോര്‍പറേറ്റ് ദാസ്യത്തെയും തുറന്നുകാട്ടാനും തുരത്താനുമാവും. അതും ജനാധിപത്യം പൂര്‍ണമായും തുടച്ചുനീക്കും മുമ്പ് ശ്രമിച്ചാല്‍ മാത്രമേ സാധ്യമാകൂ.

ജനങ്ങളോടുള്ള ഭരണകൂട യുദ്ധത്തില്‍ ഒരൊറ്റ ലക്ഷ്യമേ നമ്മെ നയിക്കേണ്ടതുള്ളു. മതേതര ജനാധിപത്യ മൂല്യങ്ങളുടെയും ജീവിതത്തിന്റെയും പുനസ്ഥാപനമാണത്. നിങ്ങള്‍ക്ക് ഭരണകൂടത്തിനൊപ്പമോ ജനകീയ ചേരിയിലോ മാത്രമേ നില്‍ക്കാനാവൂ. ഫാഷിസത്തിനെതിരായ പോരാട്ടം മറ്റെല്ലാ കിനാവുകളെയും അപ്രസക്തമാക്കും. ഇന്ത്യന്‍ ഫാഷിസത്തിനെതിരായ ഐക്യമുന്നണി ആദ്യം രൂപപ്പെടട്ടെ. ആ വിജയത്തിനു ശേഷം മാത്രമേ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഇതര ചുമതലകള്‍ നമ്മുടെ അടിയന്തിര കടമകളാവുകയുള്ളു.

ജനങ്ങളുടെ ഐക്യമാണ് , അതു മാത്രമാണ് ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തിന്റെ കരുത്ത്. ഈ യുദ്ധത്തെ പരാജയപ്പെടുത്തുന്ന ഒരവസരവാദ നിലപാടിനോടും നമുക്ക് രാജിയാവാന്‍ സാധ്യമല്ല. ഫാഷിസത്തിനെതിരായ ഐക്യമുന്നണി വിജയിക്കട്ടെ.

(ചില ചോദ്യങ്ങളോടുള്ള പ്രതികരണം ചേര്‍ക്കുന്നു)

ഇന്ത്യന്‍ഫാഷിസത്തെ ജാതി ഹിന്ദുത്വ ഫാഷിസം മാത്രമായി കാണുന്നില്ല. അത് കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസം തന്നെയാണ്. ജാതിഹിന്ദുത്വ (ബ്രാഹ്മണിസം)ത്തെ എതിര്‍ത്ത് കോര്‍പറേറ്റ് നിയന്ത്രിത നവ മുതലാളിത്തത്തെ താലോലിച്ചു ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം വിജയിപ്പിക്കാനാവില്ല. രണ്ടിനും എതിരായ പോരാട്ടമാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്.

ദൗര്‍ഭാഗ്യവശാല്‍, രാജ്യത്തെ അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നവമുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. അതില്‍ വലതിടതു ഭേദമില്ല. ദേശീയ പ്രാദേശിക പാര്‍ട്ടി ഭേദമില്ല. ജാതി മത സാമുദായിക മതേതര രാഷ്ട്രീയ ഭേദമില്ല. പുതിയ കാലത്തിനൊപ്പം നീങ്ങണം എന്ന യുക്തിയിലാണ് ജനവിരുദ്ധ കോര്‍പറേറ്റ് നയങ്ങളെ പുണരുന്നത്. പുറംതള്ളല്‍ വികസനം പുരോഗതി എന്ന മട്ടിലാണ് അവതരിപ്പിക്കപ്പെടുന്നത്.

Related image

ആഗോളവത്ക്കരണ സാമ്പത്തിക നയം ആരു നടപ്പാക്കുമ്പോഴും ജനവിരുദ്ധമാണ്. കോണ്‍ഗ്രസ് നടപ്പാക്കുമ്പോള്‍ മാത്രമല്ല, കേരള കോണ്‍ഗ്രസ്സോ സി പി എമ്മോ നടപ്പാക്കുമ്പോഴും ജനവിരുദ്ധമാണ്. അതിനാല്‍, സാമ്പത്തിക നയത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ അധികാരബദ്ധ ഇടതുപക്ഷം ആദ്യം നയം തിരുത്തണം. ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റം ആത്യന്തികമായി വിജയിപ്പിക്കാനും ഫാഷിസത്തിന്റെ നട്ടെല്ലായ കോര്‍പറേറ്റ് മുതലാളിത്തത്തോട് കണക്കു തീര്‍ക്കണം. രാജ്യത്ത് വളര്‍ന്നുവരുന്ന പ്രതിഷേധങ്ങളും സമരങ്ങളും ഈ പുതിയകാല രാഷ്ട്രീയത്തിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്നഃണ്ട്. താരതമ്യേന ദുര്‍ബ്ബലമെങ്കിലും പൊരുതുന്ന ഇടതുപക്ഷ രാഷ്ട്രീയവും രാജ്യത്തുണ്ട്. അതു പ്രതീക്ഷ നല്‍കുന്നതാണ്.

എന്നാല്‍, മോദിഭരണം ജനാധിപത്യത്തിന്റെ സമസ്ത സ്തംഭങ്ങളെയും തകര്‍ക്കുകയാണ്. ഭരണഘടനയോ അതുറപ്പു നല്‍കുന്ന മതേതര ജനാധിപത്യ ജീവിതമോ ബാക്കി നില്‍ക്കുകയില്ല എന്നു ഭയപ്പെടേണ്ട അവസ്ഥയാണ്. അതിനാല്‍ രാജ്യത്തെ പരിമിത ജനാധിപത്യമെങ്കിലും നിലനിര്‍ത്താന്‍ ഫാഷിസവത്ക്കരിക്കപ്പെടുന്ന ഭരണകൂടത്തെ നേരിടണം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ , ആ സംവിധാനം നിലനില്‍ക്കുമ്പോഴേ പൊരുതാനാവൂ. അതിനാല്‍ ആപത്ശങ്ക നിറയുന്ന കാലത്ത് പരമാവധി വിപുലമായ പ്രതിരോധ നിര വളര്‍ത്തിയേ തീരൂ.

ഫാഷിസത്തിനെതിരായ ഈ ഐക്യമുന്നണി ഏകാഭിപ്രായക്കാരുടെ സംഘമല്ല. ആരോഗ്യകരമായ സംവാദങ്ങളും ആശയ സംഘര്‍ഷങ്ങളും സാമ്പത്തിക ചൂഷണങ്ങള്‍ക്കും സാമൂഹിക വിവേചനങ്ങള്‍ക്കുമെതിരായ അനവധി സമരങ്ങളും നില നിര്‍ത്തിക്കൊണ്ടുതന്നെയുള്ള ഐക്യപ്പെടലാണിത്. അതിലൊന്നും ഒരു വിട്ടു വീഴ്ച്ചയുമില്ല. ഒന്നും ഒളിച്ചു വെക്കേണ്ടതുമില്ല. പരിമിത ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രാഥമിക പോരാട്ടത്തിലെ ഐക്യമുന്നണി മാത്രമാണിത്. നിരവധിയായ ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടം വിജയിപ്പിക്കുന്നതിന്റെ പ്രാഥമികോപാധിയായി ഇതിനെ കാണണം. ഫാഷിസ്റ്റ് ഭരണകൂടത്തിനൊപ്പമോ ഫാഷിസ്റ്റ് വിരുദ്ധ ജനമുന്നണിയ്‌ക്കൊപ്പമോ എന്ന ചോദ്യമാണ് വര്‍ത്തമാനകാല രാഷ്ട്രീയം ഉയര്‍ത്തി വിടേണ്ടത്.

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more