| Thursday, 10th September 2020, 10:12 am

കോടതി വിധി ആഭ്യന്തരവകുപ്പിനുള്ള കനത്ത അടി; പരാതിയും തെളിവുകളുമില്ലാതെ വിദ്യാര്‍ത്ഥികളെ ജയിലിലടച്ച പിണറായി രാജി വെയ്ക്കണം

ഡോ. ആസാദ്

അലന്‍ താഹമാരെ ഭരണകൂട ഭീകരതയ്ക്കു വിധേയമാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കണം

അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍.ഐ എ കോടതി പുറപ്പെടുവിച്ച വിധി കേരളത്തിലെ ആഭ്യന്തര വകുപ്പിനുള്ള കനത്ത അടിയാണ്. ആഭ്യന്തര വകുപ്പുകൂടി വഹിക്കുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തു തുടരാന്‍ ഇനി അര്‍ഹനല്ല. രണ്ടു വിദ്യാര്‍ത്ഥികളെ ഒരു പരാതിയുടെയും തെളിവിന്റെയും പിന്‍ബലമില്ലാതെ പിടികൂടി യു.എ.പി.എ ചുമത്തിയ നടപടി നിയമത്തിനു നിരക്കുന്നതല്ലെന്നാണ് എന്‍.ഐ.എ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

നിരോധിത സംഘടനയില്‍ അംഗങ്ങളാണ് എന്നതായിരുന്നു അറസ്റ്റു ചെയ്യുമ്പോള്‍ പൊലീസ് ആരോപിച്ചത്. യു.എ.പി.എ നിയമത്തിലെ ചട്ടം 20 ചുമത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ്. അതിനു തെളിവു തേടിയാണ് രാത്രി വീടുകള്‍ റെയ്ഡു ചെയ്തത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആ വകുപ്പുതന്നെ വിട്ടു കളയേണ്ടിവന്നു അന്വേഷണ ഏജന്‍സിക്കെന്ന് വിധി ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റു സംഘടനയില്‍ അംഗങ്ങളാണ് അലനും താഹയും എന്നതിന് തെളിവു ഹാജരാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

മാവോയിസ്റ്റു സംഘടനയോടു ചായ്‌വോ അനുഭാവമോ ഉണ്ടാവുന്നത് കുറ്റകരമല്ലെന്ന് കോടതി നേരത്തേയുണ്ടായ വിധിന്യായങ്ങള്‍ ഉദ്ധരിച്ചു ഓര്‍മ്മിപ്പിക്കുന്നു. ലഘുലേഖകളും പുസ്തകങ്ങളും വായിക്കുന്നതു കുറ്റകരമല്ല. ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണെന്നോ ഏതെങ്കിലും ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നോ തെളിയിക്കാനും കേരള പൊലീസിനും എന്‍.ഐ.എയ്ക്കും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് അലനും താഹയ്ക്കും സോപാധിക ജാമ്യം നല്‍കിയത്.

യു.എ.പി.എ ചുമത്തിയ കേസുകളില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല. എന്നാല്‍ ഈ കേസില്‍ ചാര്‍ത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമോ എന്നുതന്നെ കോടതിക്കു സംശയമുണ്ട്. വിചാരണ തുടങ്ങാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ അതുവരെ ഇവര്‍ തടവില്‍ കഴിയേണ്ടതില്ല എന്നു കോടതി നിശ്ചയിച്ചു. തെളിവുകളില്ലാത്ത ദുര്‍ബ്ബലമായ ഒരു കേസില്‍ രണ്ടു വിദ്യാര്‍ത്ഥികളെ ദീര്‍ഘകാലം തടവില്‍ തള്ളാന്‍ കോടതിക്കു സമ്മതമുണ്ടാവില്ല.

ഈ വിധിപ്പകര്‍പ്പു വായിച്ചാല്‍ കേരളത്തിലെ ആഭ്യന്തര വകുപ്പു നടത്തിയ അതിക്രമം ആര്‍ക്കും ബോധ്യമാകും. വ്യാജഏറ്റുമുട്ടല്‍ കൊലയില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മാവോയിസ്റ്റു വിരുദ്ധ ഭീകര അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കെണിയാണ് അലന്‍ താഹമാരുടെ അറസ്റ്റും യു.എ.പി.എ കേസും എന്നു വേണം ധരിക്കാന്‍. അവര്‍ മാവോയിസ്റ്റുകളാണെന്ന് പൊലീസും മുഖ്യമന്ത്രി പിണറായി വിജയനും ഒരു തെളിവുമില്ലാതെ, ഒട്ടും ലജ്ജയില്ലാതെ പ്രഖ്യാപിച്ചു. സി.പി.ഐ.എം നേതാക്കള്‍ അതേറ്റു പാടുന്നതു കണ്ടു. സി.പി.ഐ. എമ്മില്‍നിന്ന് ഇവരെ പുറത്താക്കിയതായി പ്രഖ്യാപനമുണ്ടായി. അലന്‍ മാവോയിസ്റ്റു തന്നെയെന്നു തെളിവു നല്‍കാന്‍ പി. ജയരാജന്‍ ഉത്സാഹിച്ചതും മറക്കാനാവില്ല.

എന്തിനായിരുന്നു പിണറായിയും കോടിയേരിയും പി ജയരാജനുമെല്ലാം ഈ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകളാക്കാനും യു.എ.പി.എ കേസില്‍ കുടുക്കാനും ഉത്സാഹിച്ചത്? മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു മറുപടി നല്‍കണം. കോടതി അതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ കുരുക്കാനെടുത്ത അമിത താല്‍പ്പര്യം സംശയകരമാകുന്നു.

അടിയന്തരാവസ്ഥയില്‍ രാജനെ എന്നതുപോലെ അലനെയും താഹയെയും ഭരണകൂട ഭീകരതക്കു വിധേയമാക്കാനുള്ള ശ്രമമാണ് നടന്നത്. മുഖ്യമന്ത്രിയുടെ കൈകളില്‍ ആ കറയുണ്ട്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജി വെച്ച് ഒഴിയുകയാണ് വേണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: Dr. Azad FB Notification Criticise Pinarayi Vijayan On Alan Thaha Issue

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more