| Saturday, 20th February 2021, 12:37 pm

ബി.ജെ.പിയോടൊപ്പമുള്ള എ.ഐ.ഡി.എം.കെയ്ക്ക് തമിഴ്‌നാട്ടില്‍ തോന്നുന്ന വിവേകം കേരളത്തിലെ ഇടതു സര്‍ക്കാറിന് തോന്നാത്തതെന്ത്

ഡോ. ആസാദ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുന്നു. മുഖ്യമന്ത്രി പളനിസ്വാമിയുടെ തീരുമാനം വന്നുകഴിഞ്ഞു. ആയിരത്തഞ്ഞൂറ് കേസുകളെങ്കിലും ഇല്ലാതാവും.

ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന എ.ഐ.ഡി.എം.കെയ്ക്ക് തമിഴ്‌നാട്ടില്‍ തോന്നുന്ന വിവേകവും അനുഭാവവും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനു തോന്നാത്തതെന്ത്? പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിനു ബോദ്ധ്യമാവാത്തതെന്ത്?

2011 മുതല്‍ 2014വരെ നടന്ന കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചാര്‍ജുചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറയുന്നു. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന രീതി ജനങ്ങള്‍ അനുവദിക്കുകയില്ല എന്ന ധാരണ പളനി സ്വാമിക്ക് വൈകിയെങ്കിലും ഉണ്ടായിരിക്കുന്നു.

വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രകടനം നടത്താന്‍പോലും സാധ്യമല്ലാതായിട്ടുണ്ട്. ഏതെങ്കിലും വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ വന്നുകൊണ്ടിരിക്കും. വലിയ അധികാരോന്മുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രകടനമോ അക്രമോത്സുക പ്രക്ഷോഭങ്ങളോ ഹര്‍ത്താലുകളോ ആവാം. അവയ്‌ക്കെതിരെ അപൂര്‍വമായി കേസെടുത്താല്‍ തന്നെ അവ പിന്‍വലിക്കപ്പെടും. എന്നാല്‍ ജനകീയ സമരങ്ങളെ പൊലീസ് വാഴ്ചയില്‍ തകര്‍ക്കാനാണ് ഭരണകൂടങ്ങള്‍ക്ക് താല്‍പ്പര്യം.

കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ വൈരനിര്യാതന ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജനകീയ സമരങ്ങളെ നേരിടാന്‍ സ്വീകരിക്കുന്ന തീവ്രവാദ നുഴഞ്ഞുകയറ്റ ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്മെന്റിന് മടിയില്ല.

വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അകത്തിട്ട സര്‍ക്കാറാണല്ലോ ഇത്. ഇപ്പോള്‍ സമരാഹ്വാനം ചെയ്തു എന്നതിന് പൊതുപ്രവര്‍ത്തകരെയും എഴുത്തുകാരെയും കേസെടുത്തു വേട്ടയാടുന്നുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തില്‍ പങ്കാളികളായി ജനാധിപത്യ രീതിയില്‍ സമരംചെയ്ത ആളുകള്‍ക്കെതിരെ ചാര്‍ജ് ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണം. നിയമം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിനൊപ്പമല്ല ഇരകളായ ജനവിഭാഗങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തെളിയിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more