| Saturday, 2nd September 2017, 1:37 pm

കമലഹാസന്‍ പിണറായിയെ കാണുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമലഹാസന്‍ പിണറായിയെ കാണാന്‍ വരുമ്പോള്‍ നികത്തപ്പെട്ട തണ്ണീര്‍തടങ്ങള്‍ കണ്ടുവോ? അദാനിയും സമ്പന്ന അനുചരരും കൊടികളുയര്‍ത്തിയ കൊള്ള സാമ്രാജ്യങ്ങള്‍ കണ്ടുവോ? മണ്ണു- ക്വാറി മാഫിയകളെ കണ്ടുവോ? പശ്ചിമഘട്ടം തരിശാക്കുന്നവരെയും മലകളും നദികളും കായലുകളും കയ്യേറുന്നവരെയും കണ്ടുവോ? അവരുടെ പ്രതിനിധികള്‍ പിണറായി മന്ത്രി സഭയില്‍ സംരക്ഷിക്കപ്പെടുന്നത് കണ്ടുവോ? കമലഹാസന് കണ്ണില്ലാതെ വരുമോ?


കമലഹാസന്‍ പിണറായിയെ കാണാനെത്തുമ്പോള്‍ അല്‍പ്പമല്ലാത്ത ആഹ്ലാദമുണ്ട്. അതേസമയം, അത്രയും ആശങ്കകൊണ്ട് അത് മങ്ങുകയും ചെയ്യുന്നു. എന്താണ് ഇങ്ങനെയൊരു വികാരമെന്ന് എനിക്ക് എന്നെ ചോദ്യം ചെയ്‌തേ തീരൂ.

ഗബ്രിയേല്‍ ഗാര്‍ഷ്വാ മാര്‍ക്വേസോ, മറഡോണയോ ക്യൂബയിലെത്തി കാസ്‌ട്രോയെ ആശ്ലേഷിക്കുമ്പോള്‍ ഞാനാനന്ദിച്ചിട്ടുണ്ട്. അഭിമാനിച്ചിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റിനെ ആശ്ലേഷിക്കുകയെന്നാല്‍ ചൂഷിത സമൂഹങ്ങളെയും നിലയ്ക്കാത്ത പോരാട്ടങ്ങളെയും പിന്തുണയ്ക്കുക എന്നാണര്‍ത്ഥം. ലളിതസാധ്യമായ ആനന്ദോന്മാദങ്ങളെ വിട്ട് നിരന്തരം അലോസരപ്പെടുത്തുന്ന അനുഭവങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കുക എന്നാണര്‍ത്ഥം. അപൂര്‍വ്വമായ സന്നദ്ധതയാണത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്രകര്‍ഷകരും തൊഴിലാളികളും തന്നെ സ്വീകരിച്ച അനുഭവം എ.കെ.ജി എഴുതിയതോര്‍ക്കുന്നു. പുതിയൊരു ലോകം വേണമെന്നുള്ളവരുടെ ഒത്തുചേരലാണവ.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടനും കലാമര്‍മ്മജ്ഞനുമാണ് കമലഹാസന്‍. പിണറായി വിജയനെന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അദ്ദേഹത്തെ ആവേശം കൊള്ളിക്കുന്നു. ദ്രാവിഡ രാഷ്ട്രീയം കാലുഷ്യത്തില്‍നിന്നു ജീര്‍ണതയിലേക്കു വഴുതുമ്പോള്‍ ബദലെന്ത് എന്ന ഉത്ക്കണ്ഠയാണ് അദ്ദേഹത്തിന്റേത്. ഇ.എം.എസ്സാണ് തന്റെ ഗുരുവെന്ന് നേരത്തേ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. സൂചനകളെല്ലാം ഒരു സോഷ്യലിസ്റ്റ് നവലോക സ്വപ്നത്തിന്റേതാണ്. പിണറായിയെ വന്നു കാണുമ്പോള്‍ ഇടതു രാഷ്ട്രീയത്തെ തമിഴ്‌നാടിനു വേണ്ടി അഭിസംബോധന ചെയ്യുകയാവണം.

ദ്രാവിഡ രാഷ്ട്രീയം മാറിയതുപോലെ ഇടതുപക്ഷ രാഷ്ട്രീയവും മാറിയിട്ടുണ്ട്. അധികാരബദ്ധ ഇടതുപക്ഷത്തിന് വലതുപക്ഷ വാസനകളാണേറെയും. ബുദ്ധദേവിലും പിണറായിയിലും ജ്വലിക്കുന്ന അധികാരനാളം മുതലാളിത്ത വികസനത്തിന്റെതാണ്. പേരിന്റെയും പതാകയുടെയും കമ്യൂണിസ്റ്റ് ഛായ ഭരണത്തിലോ പാര്‍ട്ടി പ്രവര്‍ത്തനത്തിലോ കാണുകയില്ല. അന്യവര്‍ഗ താല്‍പ്പര്യങ്ങളുടെ ഉത്സവാഘോഷമാണവിടെ. പതാകകണ്ട് അടുത്തവര്‍ നന്ദിഗ്രാമില്‍ പൊള്ളിപ്പിടഞ്ഞിട്ടുണ്ട്. കോര്‍പറേറ്റ് മുതലാളിത്തമാണ് എവിടെയും കൊടിമരം നാട്ടുന്നത്.

മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്കൊപ്പം. വിഴിഞ്ഞത്ത് അദാനിക്കും ബോള്‍ഗാട്ടിയില്‍ യൂസഫലിക്കും കോവളത്ത് രവിപിള്ളയ്ക്കും കാക്കഞ്ചേരിയില്‍ മലബാര്‍ ഗോള്‍ഡിനും ഒപ്പം.

രാജ്യത്തെ ഏറ്റവും വലിയ പൊതുസംരംഭമായ ദേശീയപാത സ്വകാര്യവത്ക്കരിക്കാനും കോര്‍പറേറ്റുകള്‍ക്ക് വീതം വെയ്ക്കാനുമുള്ള വെമ്പലും ശാഠ്യവും. കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്താന്‍ ജി.എസ്.ടിയുടെ പേരിലുള്ള പെരുംകൊള്ളയും വിലക്കയറ്റവും. മെഡിക്കല്‍ വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും പണമുതലാളിത്തത്തിനു തീറെഴുതല്‍.

ജനപുരോഗതിയെക്കാള്‍ മുതലാളിത്ത വികസനത്തിന് ഊന്നല്‍ നല്‍കല്‍, പുതുവൈപ്പിന്‍ പോലുള്ള നവ സമരങ്ങളെ പൊലീസ് ഭീകരതയിലൂടെ നേരിടല്‍ – ഇങ്ങനെ എണ്ണിപ്പറയാന്‍ ഏറെയുണ്ട്. ഇടതുപക്ഷമോ വലതുപക്ഷമോ എന്ന് എങ്ങനെ അറിയാം?

ഈ നയമാണ് ബംഗാളിലെ ഇടതുപാര്‍ട്ടികളെ തകര്‍ത്തത്. വലതു പാര്‍ട്ടികളെപ്പോലും പ്രതിസന്ധികളിലേക്ക് വലിച്ചിഴച്ചത്.
ഈ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പിണറായിയെയാണ് കമലഹാസന്‍ പുണരുന്നത്. അതാണ് ആശങ്കകളുടെ അടിസ്ഥാനം.

സംസ്ഥാനത്തെയാകെ കോര്‍പറേറ്റ് സമ്പന്ന വിഭാഗങ്ങളുടെ പെരും കൊള്ളയ്ക്ക് വിട്ടുകൊടുത്തിട്ട് നക്കാപ്പിച്ച പെന്‍ഷനുകള്‍ കൂട്ടി നല്‍കി മുഖം മിനുക്കിയിട്ടെന്ത്? വേറിട്ടനയവും ജന പുരോഗതിയിലധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതികളുമുള്ള ഒരിടതുപക്ഷമാണ് വേണ്ടത്. അതു ബോധ്യപ്പെടുത്താന്‍ പിണറായി ഭരണത്തിനു കഴിയണം. അപ്പോഴേ കമലഹാസന്റെ തീരുമാനത്തിന് രാഷ്ട്രീയോര്‍ജ്ജം ലഭിക്കുകയുള്ളു.

എം.ജി.ആറിനെപ്പോലെയോ രാമറാവുവിനെപ്പോലെയോ ഒരു അധികാരക്കസേരയാണ് കമലഹാസന്റെ ലക്ഷ്യമെങ്കില്‍ വലതുപക്ഷ രാഷ്ട്രീയത്തില്‍ സാധ്യതകളേറെയാണ്. അത്തരമൊരു വലതുപക്ഷ ലീലയ്ക്കു യോജിച്ചനിലപാടും മെയ് വഴക്കവും ഇപ്പോള്‍ സി.പി.ഐ.എമ്മിനുണ്ട്. കമലഹാസനും അങ്ങനെയൊരു ലക്ഷ്യമേയുള്ളു എന്നുവേണമോ കരുതാന്‍?

നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളോട് ഐക്യപ്പെടാതെ ഇന്ന് ഒരു പ്രസ്ഥാനത്തിനും ഇടതുപക്ഷമാവാന്‍ സാധ്യമല്ല. ഒരാള്‍ക്കും ഇടതു രാഷ്ട്രീയം ഉച്ചരിക്കാനുമാവില്ല. തമിഴ്‌നാട്ടില്‍ സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ജാതിവിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളും സമരങ്ങളും ആവേശകരംതന്നെയാണ്. അതിവിടത്തെ സി.പി.ഐ.എമ്മിനാണ് പാഠമാകേണ്ടത്. സമരോത്സുകതയല്ല, മുതലാളിത്ത ദാസ്യമാണ് കേരളത്തിലെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സ്വഭാവം.
കമലഹാസന്‍ പിണറായിയെ കാണാന്‍ വരുമ്പോള്‍ നികത്തപ്പെട്ട തണ്ണീര്‍തടങ്ങള്‍ കണ്ടുവോ? അദാനിയും സമ്പന്ന അനുചരരും കൊടികളുയര്‍ത്തിയ കൊള്ള സാമ്രാജ്യങ്ങള്‍ കണ്ടുവോ? മണ്ണു- ക്വാറി മാഫിയകളെ കണ്ടുവോ? പശ്ചിമഘട്ടം തരിശാക്കുന്നവരെയും മലകളും നദികളും കായലുകളും കയ്യേറുന്നവരെയും കണ്ടുവോ? അവരുടെ പ്രതിനിധികള്‍ പിണറായി മന്ത്രി സഭയില്‍ സംരക്ഷിക്കപ്പെടുന്നത് കണ്ടുവോ? കമലഹാസന് കണ്ണില്ലാതെ വരുമോ?

കമ്യൂണിസ്റ്റുകാരനെ ആശ്ലേഷിക്കാനുള്ള കമലഹാസന്റെ മനോഭാവം അഭിനന്ദനീയവും ആദരണീയവുമാണ്. അതു കൂടുതല്‍ തിളക്കമാര്‍ജ്ജിക്കുക കമ്യൂണിസ്റ്റ് മൂല്യങ്ങളെ ആശ്ലേഷിക്കുമ്പോഴാണ്. രണ്ടായി പിളര്‍ന്നു കിടക്കുകയാണവ. കണ്ടില്ലെന്നു നടിക്കരുത്. കമലഹാസന്‍ സമരത്തിലേക്കും കമ്യൂണിസ്റ്റു രാഷ്ട്രീയത്തിലേക്കും പ്രവേശിക്കൂ. പരിവേഷങ്ങളുടെ ഭാരം നഷ്ടപ്പെടുന്നതില്‍ വ്യസനമില്ലെങ്കില്‍. ഇപ്പോഴത്തേത് വെറും മാധ്യമലീലയായി മാറാതിരിക്കണമെങ്കില്‍.

We use cookies to give you the best possible experience. Learn more