പരീക്ഷാ ഹാളില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നത്, അതിന്റെ പേരില്‍ കുറ്റവിചാരണ നടക്കുന്നത്, കടുത്ത സമ്മര്‍ദ്ദത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളും ഇന്‍വിജിലേറ്റര്‍മാരും എടുത്തെറിയപ്പെടുന്നത് ആരുടെ കുറ്റമാണ്? വിദ്യാര്‍ത്ഥികളുടെ? അദ്ധ്യാപകരുടെ? അതോ നിലനില്‍ക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥയുടേയോ?
കള്ളം കണ്ടെത്താന്‍ ഇന്‍വിജിലേറ്ററുണ്ട്. മുകളില്‍ വീഡിയോ ക്യാമറയുണ്ട്. പെട്ടെന്ന് കയറിയെത്തുന്ന പരീക്ഷാ ചുമതലക്കാരുണ്ട്. സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുന്നത് തടവുപുള്ളികള്‍ക്ക് ഉള്ളതില്‍ക്കൂടുതല്‍ കാവലോടുകൂടിയാണ്. എന്നിട്ടും കുട്ടികള്‍ കോപ്പിയടിച്ചുവെന്ന് പരാതിയുണ്ടാകുന്നു. ഉത്തരക്കടലാസുകള്‍ പിടിച്ചെടുക്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ പുറത്താക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. അഭിമാനികളായ അപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല. അവര്‍ ജീവിതം വഴിയിലുപേക്ഷിക്കുന്നു.
കോപ്പിയടി കണ്ടെത്തുന്നതില്‍ ഉത്സാഹിക്കുന്ന ഇന്‍വിജിലേറ്റര്‍മാരുണ്ട്. അല്‍പ്പസമയത്തേക്ക് അവര്‍ പൊലീസ് ഓഫീസര്‍മാരാകും. വിചാരണ നടത്തും. ശിക്ഷിക്കും. ചിലരാവട്ടെ, തങ്ങളുടെ പ്രിയപ്പെട്ട ചില കുട്ടികള്‍ക്കുവേണ്ടി അവരുടെ പരീക്ഷാഹളില്‍ ചുമതലയേല്‍ക്കുന്നു. ചില്ലറ സഹായങ്ങള്‍ നല്‍കുന്നു. കോളേജുകളില്‍ ഇതു രണ്ടും കണ്ടിട്ടുണ്ട്. പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികള്‍ കൂടുതല്‍ നിരീക്ഷണത്തിനു വിധേയമാകും. അവര്‍ കോപ്പിയടിക്കാരും കോളേജിലുള്ള കുട്ടികള്‍ ഭേദപ്പെട്ടവരും എന്ന പൊതുധാരണ ശക്തമായിരിക്കും. ഹിതകരമല്ലാത്ത പ്രവണതകള്‍ പലതുണ്ട്.
ഇപ്പോള്‍ പാലായ്ക്കടുത്തുള്ള ബി വി എം കോളേജില്‍ പരീക്ഷയെഴുതാന്‍ എത്തിയ ഒരു വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. പരീക്ഷാഹാളില്‍ അപമാനിതയായതാണ് കാരണമെന്നു കേള്‍ക്കുന്നു. ഹാള്‍ടിക്കറ്റില്‍ എഴുതിക്കൊണ്ടുവന്നു കോപ്പിയടിച്ചത്രെ. ആ ഹാള്‍ടിക്കറ്റ് വാങ്ങിവെച്ച് പരീക്ഷ എഴുതിപ്പിക്കാമെന്ന് ഇന്‍വിജിലേറ്റര്‍ക്ക് തോന്നിയില്ല. പ്രിന്‍സിപ്പാള്‍ക്കും അങ്ങനെയൊരു പരിഹാരം തോന്നിയില്ല. മുക്കാല്‍ മണിക്കൂറോളം മാത്രമാണ് കുട്ടി പരീക്ഷാഹാളിലുണ്ടായത്. വിസ്താരമെല്ലാം കഴിഞ്ഞതോടെ സ്വന്തം വിധി കുട്ടി കണ്ടെത്തി!
സര്‍വ്വകലാശാലാ പരീക്ഷ എഴുതുന്നവരെ ശരിയായ രീതിയില്‍ പരീക്ഷയെഴുതാന്‍ സഹായിക്കുന്നതിനാണ് ഇന്‍വിജിലേറ്റര്‍. പിശകു കണ്ടാല്‍ തിരുത്താന്‍ സഹായിക്കണം. തന്റെ പരിധിക്കപ്പുറമാണ് പ്രശ്നമെങ്കില്‍ തെളിവുകളോടെ റിപ്പോര്‍ട്ടു ചെയ്യണം. അപ്പോഴും കുട്ടി എഴുതിയ പേപ്പര്‍ പരീക്ഷ നടത്തിയ സര്‍വ്വകലാശാലക്കു നല്‍കണം. വിശദമായ റിപ്പോര്‍ട്ടും. എഴുതുന്നതു തടയല്‍ ഇന്‍വിജിലേഷനല്ല. പരീക്ഷയ്ക്കിടയില്‍ നോക്കിയെഴുതിയെന്നു ബോധ്യപ്പെട്ടാല്‍ എഴുതിയ പേപ്പറും നോക്കിയ പേപ്പറും പിടിച്ചെടുക്കാം. പുതിയ പേപ്പര്‍ നല്‍കി ബാക്കി എഴുതാന്‍ പറയാം. പരീക്ഷാഹാള്‍ വിചാരണാ ഹാളാക്കാനാവില്ല.
പരീക്ഷാ നടത്തിപ്പു സംബന്ധിച്ചു പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സര്‍വ്വകലാശാലാ തലത്തിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും ആലോചനയുണ്ടാവണം. കോപ്പിയടിയ്ക്ക് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ കാണിക്കുന്ന മിടുക്ക് എന്തുകൊണ്ടു പഠനത്തില്‍ പ്രകടമാവുന്നില്ല എന്നതിന് ഉത്തരം കണ്ടെത്തണം. പി എസ് സി പൊലീസ്പരീക്ഷ കോപ്പിയടിച്ചത് എത്ര വിദഗ്ദ്ധമായാണെന്ന് നാം കണ്ടതാണ്. അത്തരം പരീക്ഷണങ്ങള്‍ എല്ലാ പരീക്ഷാഹാളുകളിലും നടക്കുന്നുണ്ടാവണം. വിദഗ്ദ്ധര്‍ പിടിക്കപ്പെടില്ല. അവര്‍ പിടിക്കപ്പെടുമെന്നു വന്നാല്‍ ഇന്‍വിജിലേറ്ററുടെ ജീവന്‍ അപായത്തിലായെന്നും വരാം. നമ്മുടെ പൊതുസമൂഹത്തില്‍ കാണുന്ന കുറുക്കു വഴികളും വ്യാമോഹങ്ങളും അനാവശ്യ മത്സരങ്ങളും കാമ്പസുകളിലേക്കു കടക്കാതിരിക്കുമോ?