മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ സിനിമയ്ക്ക് അഭിനന്ദനവുമായി സാമൂഹ്യ നിരീക്ഷകന്‍ ഡോ. ആസാദ്.
കാതല്‍ ഒരു മികച്ച ചിത്രമാണെന്നും പുതിയ ലോകത്തെയും പുതിയ കാലത്തെയും കാതല്‍ എന്ന ചിത്രത്തിലൂടെ അഭിസംബോധന ചെയ്യുകയാണ് ജിയോ ബേബിയും സംഘവുമെന്നും അത് ശീലങ്ങളെയും വഴക്കങ്ങളെയും വിചാരണ ചെയ്യുന്നുവെന്നും ആസാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഭിന്ന ലൈംഗികചോദനകളോടും ആഭിമുഖ്യങ്ങളോടുള്ള നമ്മുടെ സമീപനം ഇപ്പോഴും പക്വമല്ലെന്നും ആചാരസംരക്ഷണത്തിന് അമിതപ്രാധാന്യം നല്‍കുന്ന സമൂഹമാണല്ലോ നമ്മുടേതെന്നും ആസാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സ്വവര്‍ഗാഭിമുഖ്യം പോലുള്ള ഭിന്ന ജൈവികചോദനകളെ സാമൂഹികാസ്തിത്വവുമായുള്ള നിരന്തര സംഘര്‍ഷത്തിന് വിട്ടുകൊടുത്തു മാത്രമേ മുന്നോട്ടു പോകാനാവൂ. ആ സംഘര്‍ഷത്തെ ലളിതസൂത്രങ്ങളില്‍ തളയ്ക്കാന്‍ കഴിയില്ല. താല്‍ക്കാലിക പരിഹാരവും സാദ്ധ്യമാവില്ല. കാതല്‍ എന്ന സിനിമ ആ സംഘര്‍ഷത്തിലേക്കാണ് വഴിതുറക്കുന്നത്.
എന്നാല്‍ സിനിമയില്‍ പരിഹാരം കണ്ടെത്തുന്നത് എളുപ്പത്തിലായിപ്പോയി. എന്നാല്‍ തീരെ ലളിതമല്ലാത്ത ഒരകവേവിന്റെ വേരുകള്‍ കണ്ടെത്തി അവ അത്യധികം സൂക്ഷ്മമായി ആവിഷ്‌കരിക്കാനുള്ള ശ്രമം ആദരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ മമ്മൂട്ടിയും ജ്യോതികയും സുധിയും ആര്‍.എസ് പണിക്കരും അസാമാന്യ പ്രകടനങ്ങളാണ് കാഴ്ചവെച്ചതെന്നും ഇത്ര സൗമ്യമായ ചലനങ്ങളില്‍, മൃദുവായ മൊഴികളില്‍ കൊടുങ്കാറ്റുകളെ ഒതുക്കിവെക്കാനുള്ള വൈഭവം ശ്ലാഘിക്കപ്പെടണമെന്നും കാതലിലൂടെ ധീരമായ ഒരന്വേഷണത്തിനാണ് ഇറങ്ങിത്തിരിച്ച ജിയോ ബേബിക്ക് അഭിവാദ്യങ്ങളെന്നും ആസാദ് പറഞ്ഞു.
കാതല്‍ പ്രമേയത്തില്‍ പുറത്തിടുന്ന കനല്‍ ചലച്ചിത്രാഖ്യാനത്തിന്റെ ഭാഷയിലോ പാറ്റേണുകളിലോ വലിയ ഭാവുകത്വ മാറ്റങ്ങള്‍ക്ക് ഇടയാക്കിയില്ല എങ്കിലും അതിനു ശേഷിയുള്ള സംവിധായകനാണ് ജിയോ ബേബി എന്ന് ഈ ചലച്ചിത്രം വിളിച്ചു പറയുന്നുന്നുണ്ട്. അതിനാല്‍ ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുമെന്നും ആസാദ് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കാതല്‍ നല്ല സിനിമയാണ്. പുതിയ ലോകത്തെയും പുതിയ കാലത്തെയും അഭിസംബോധന ചെയ്യുകയാണ് ജിയോ ബേബിയും സംഘവും ഈ സിനിമയില്‍. അത് ശീലങ്ങളെയും വഴക്കങ്ങളെയും വിചാരണ ചെയ്യുന്നു.
ഐക്യപ്പെട്ടു പോകുന്ന കുടുംബങ്ങളില്‍ എരിഞ്ഞു കിടക്കുന്ന കനലുകളെ ഇളക്കിയിടുന്നു. പൊടുന്നനെയുള്ള ഒരാളല്‍ നമ്മെ പൊള്ളിക്കുന്നു. പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള എത്ര നിശ്ശബ്ദ നേരങ്ങളെയാണ് നാം സമര്‍ത്ഥമായി ചാടിക്കടക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നു.
മമ്മൂട്ടി വേഷമിടുന്ന നായക കഥാപാത്രം (മാത്യു) സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവരുടെ പ്രതിനിധിയാണ്. അത് അയാളുടെ പെരുമാറ്റത്തില്‍നിന്ന് പൊതുസമൂഹം മനസ്സിലാക്കിയതല്ല. ഭാര്യ നല്‍കിയ വിവാഹമോചന പരാതിയാണ് വിഷയം പുറത്താക്കിയത്. അഥവാ അത് ആദ്യം ഭാര്യയുടെ ബോദ്ധ്യമാണ്.
ഇരുപതു വര്‍ഷത്തെ ദാമ്പത്യത്തില്‍ വെറും നാലു തവണ മാത്രമുള്ള ശാരീരിക ബന്ധവും ഒരു സുഹൃത്തിനോടുള്ള ഭര്‍ത്താവിന്റെ അമിത സൗഹൃദവുമാണ് അവരെ സംശയാലുവാക്കുന്നത്. തന്നെയും തന്റെ ഭര്‍ത്താവിനെയും തങ്ങള്‍ അകപ്പെട്ട കുരുക്കില്‍നിന്ന് മോചിപ്പിക്കാനാണ് വിവാഹമോചനം എന്ന ആശയം അവര്‍ കണ്ടെത്തുന്നത്.
ഭിന്ന ലൈംഗികചോദനകളോടും ആഭിമുഖ്യങ്ങളോടുള്ള നമ്മുടെ (പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും) സമീപനം ഇപ്പോഴും പക്വമല്ല. വഴക്കവും പാരമ്പര്യവും പൊതുബോധത്തില്‍ ശക്തമാണ്. ആചാരസംരക്ഷണത്തിന് അമിതപ്രാധാന്യം നല്‍കുന്ന സമൂഹമാണല്ലോ നമ്മുടേത്. ഇവയ്‌ക്കൊപ്പമാണ് പുതിയ മത്സര മുതലാളിത്തത്തിന്റെ ലിബറല്‍ ആശയ നിര്‍മ്മിതികളും സംഘര്‍ഷ ഭാവനകളും കടന്നുവരുന്നത്.
നാം അറിയാതെ അതില്‍ ചിതറുന്നുണ്ട്.