Kerala News
എന്റെ പേരിലുള്ളത് നിങ്ങളെഴുതിയ വാശിയുടെ 'ശ' അല്ല, ക്ഷമയുടെയും കഷ്ടപ്പാടിന്റെയും 'ഷ' ആണ്; രാഹുലിന് മറുപടി നല്‍കി ഡോ.അഷീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 20, 03:20 am
Tuesday, 20th April 2021, 8:50 am

കോഴിക്കോട്: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തിന് ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി ഡോ.മുഹമ്മദ് അഷീല്‍.

തന്റെ പേരിലുള്ളത് രാഹുല്‍ എഴുതിയ വാശിയുടെ ‘ശ’ അല്ലെന്നും ക്ഷമയുടെയും കഷ്ടപ്പാടിന്റെയും ‘ഷ’ ആണെന്നുമാണ് അഷീല്‍ മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കിയത്.

മുഖ്യമന്ത്രിയോടോ പ്രതിപക്ഷ നേതാവിനോടോ മന്ത്രിയോടോ എം.എല്‍.എമാരോടോ ഒരു കാര്യം പറയണമെങ്കില്‍ ഒരു റൂട്ടുണ്ടെന്നും ഫേസ്ബുക്കില്‍ പോസ്റ്റിടില്ലെന്നും അഷീല്‍ പറഞ്ഞു.

കൂടാതെ രാഹുല്‍ നാളെയൊരു എം.എല്‍.എ ആയാല്‍ രാഹുലിനെതിരെ എഫ്.ബി പോസ്റ്റിടാന്‍ തനിക്ക് പറ്റില്ലെന്നും അതിനും ഒരു റൂട്ടുണ്ടെന്നും അഷീല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി.

തൃശൂര്‍ പൂരം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഡോ.അഷീല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് അഷീലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്ത് പോസ്റ്റിട്ടത്.

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായെങ്കില്‍, ഡോ. അശീല്‍ അത് ഡോ.അശ്ശീലമായി എന്നാണ് രാഹുല്‍ പറഞ്ഞത്.

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെപ്പറ്റി താങ്കള്‍ എന്താണ് പ്രതികരണം നടത്താതിരുന്നതെന്നും താങ്കളുടെ നാവ് ക്വാറന്റൈനില്‍ ആയതു കൊണ്ടാണോ എന്നും രാഹുല്‍ ചോദിച്ചിരുന്നു.

പോസ്റ്റിലെ പ്രയോഗം പിന്നീട് വിവാദമാവുകയായിരുന്നു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ തൃശ്ശൂര്‍ പൂരം നടത്താതിരിക്കാന്‍ തൃശ്ശൂര്‍കാര്‍ തീരുമാനിക്കണമെന്നായിരുന്നു അഷീലിന്റെ പോസ്റ്റ്.

ഇത് പറയണോ വേണ്ടയോ എന്ന് ആയിരം വട്ടം ആലോചിച്ചതാണെന്നും തന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം പക്ഷേ പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാമെന്നും അഷീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എല്ലാ കൂടിചേരലുകളും ആത്മഹത്യാപരമാണെന്നും മെയ് 2 ന് ആഹ്ലാദ പ്രകടനങ്ങള്‍ നടത്താന്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കണമെന്നും അഷീല്‍ പോസ്റ്റില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dr Asheel replay to rahul mankootathil