| Thursday, 6th August 2020, 3:09 pm

അധികാരരാമന്‍ ഇതിഹാസ രാമനെ വെല്ലുവിളിക്കുന്നു

ഡോ. ആസാദ്

രാമഭക്തരായ വിശ്വാസികള്‍ ധാരാളമുണ്ടാവും. അവര്‍ക്ക് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ താല്‍പ്പര്യവും കാണും. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തും അങ്ങനെ ചിന്തിക്കുന്ന അനേകരുണ്ടാവാം. അത് വിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യം.

എന്നാല്‍, ബാബറിമസ്ജിദ് പൊളിച്ചു മാറ്റി അതിന്റെ അടിത്തറ മാന്തി അവിടെത്തന്നെ വേണം രാമക്ഷേത്രമെന്ന നിര്‍ബന്ധം രാമ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും കാണുകയില്ല. അതൊരു രാഷ്ട്രീയ അജണ്ടയാണെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ അവര്‍ക്കു കാണും. രാമന്‍ ആത്മീയമായ ധന്യത മാത്രമല്ല ഭൗതികമായ സമ്പത്തു കൂടിയാണെന്ന അറിവാണത്. രാമമൂല്യം കോര്‍പറേറ്റ് ബ്രാന്റാക്കി മാറ്റുന്ന അധികാര കൗശലം ഒളിച്ചുവെക്കാനാവില്ല.

ദൈവങ്ങള്‍ ഏറെയുണ്ടെങ്കിലും അധികാര രാഷ്ട്രീയത്തിന് രാജാക്കന്മാരായിരുന്ന ദൈവങ്ങളെയാണ് ഏറെ പ്രിയം. അത് രാഷ്ട്രീയഭക്തിയുടെയും അനുസരണയൂടെയും മൂല്യം പെരുപ്പിക്കും. ജംബൂക വംശത്തെ വധിക്കാനും സീതാവംശത്തെ കാട്ടില്‍ കളയാനും ധാര്‍മികതയുടെ തണലേകും. ഭരണഘടനയായി മനുസ്മൃതി കൊണ്ടുവരാം. സവര്‍ണജനാധിപത്യം എന്ന പുതു ഭരണക്രമം സൃഷ്ടിക്കാം. വാസ്തവത്തില്‍, ഇപ്പോള്‍ അധികാരരാമന്‍ ഇതിഹാസരാമനെ വെല്ലുവിളിക്കുകയാണ്.

ഇതിഹാസ രാമന്റെ ഭക്തര്‍ക്ക് പലമട്ടു രാമായണങ്ങളുണ്ട്. പലമട്ടു ദേവസ്ഥാനങ്ങളുണ്ട്. എന്നാല്‍ പള്ളി പൊളിച്ചിടം വേണമെന്ന സംഘപരിവാരങ്ങളുടെ വാശിയും അവരുയര്‍ത്തുന്ന അധികാരരാമനും ഇന്ത്യയിലെ രാമാന്വേഷകര്‍ക്ക് അപരിചിതമാണ്. അധികാര രാമന്റെ പ്രതിഷ്ഠ ഒരു അധികാര പ്രശ്‌നം മാത്രമാണ്. ആത്മീയ സമര്‍പ്പണമായി അതിനെ കൂട്ടിക്കുഴയ്ക്കരുത്. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യം തിരിച്ചറിയാനും പ്രതിരോധിക്കാനും പലര്‍ക്കും കഴിയുന്നില്ല.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും അയോദ്ധ്യയിലെ ശിലയിടല്‍ ആഘോഷിക്കുന്നു! ഇതിഹാസരാമനല്ല അധികാരരാമനെന്ന സംഘപരിവാര മിത്താണ് അവിടെ മുളയ്ക്കുകയെന്നത് മറയ്ക്കുന്നു. പഴയ തെറ്റുകള്‍ അവര്‍ ആവര്‍ത്തിക്കുന്നു. പള്ളി പൊളിച്ച് ഇരിപ്പിടം തേടുന്ന രാമനല്ല ഞങ്ങളുടെ രാമനെന്നു പറയുന്ന അനേക ഭക്തര്‍ക്കൊപ്പം നില്‍ക്കേണ്ട കോണ്‍ഗ്രസ്സും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളും കയ്യേറ്റ രാമ ഭക്തര്‍ക്കൊപ്പം നിലയുറപ്പിക്കുന്നത് ദയനീയമായ കാഴ്ച്ചയാണ്. അവര്‍ ഫാഷിസത്തിന് അടിത്തറയിടാന്‍ കല്ലു ചുമക്കുകയാണ്.

രാമന്മാര്‍ തമ്മിലുള്ള യുദ്ധം നമുക്ക് കാണാനോ കാണാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അധികാരരാമന്റെ വാഴ്ച്ചയ്ക്കു കീഴ്‌പ്പെട്ട ഈ നില്‍പ്പ് സവര്‍ണ ജനാധിപത്യമെന്ന അശ്ലീലത്തിലേക്കുള്ള കുതിപ്പാവാന്‍ വലിയ പ്രയാസമില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. ഇതിഹാസ രാമഭക്തര്‍ക്കും ജനാധിപത്യവാദികള്‍ക്കും ഒന്നിച്ചു പൊരുതേണ്ട കാലമാണ് വന്നിരിക്കുന്നത്. ആ ഗൗരവം നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും വേണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ram Temple Ayodhya Bhoomi Poojan 

ഡോ. ആസാദ്

We use cookies to give you the best possible experience. Learn more