കേരളം നിപാ പരീക്ഷണത്തെ അതിജയിച്ചത്...
Opinion
കേരളം നിപാ പരീക്ഷണത്തെ അതിജയിച്ചത്...
ഡോ. കെ.പി അരവിന്ദന്‍
Monday, 11th June 2018, 4:55 pm

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അടുത്തകാലത്ത് നടത്തിയ ഒരു സന്ദര്‍ശനത്തിനിടെ കേരളത്തെ പുച്ഛിക്കുകയും ആരോഗ്യകാര്യത്തില്‍ ഉത്തര്‍പ്രദേശിനെ കണ്ടു പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുന്‍വര്‍ഷത്തെ ഡെങ്കിപ്പനി മരണങ്ങളെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഗോരഖ്പൂര്‍ ബി.ആര്‍.ഡി. ആശുപത്രിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം ആളുകള്‍ക്കും ആ പ്രസ്താവം പരിഹാസ്യമായി അനുഭവപ്പെട്ടെങ്കിലും സംക്രമികരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ നിയന്ത്രിച്ച് നിറുത്തുന്നതില്‍ കേരളത്തിന്റെ ശേഷിയെക്കുറിച്ച് ചില ആശങ്കകള്‍ അവശേഷിച്ചു.

അപ്പോഴാണ് നിപായുടെ വരവ്.

ഇതര സംസ്ഥാനങ്ങള്‍ക്ക് കൂടി പാഠങ്ങള്‍ തീര്‍ക്കും വിധം തികച്ചും സ്തുത്യര്‍ഹമായ രീതിയിലായിരുന്നു കേരള അധികൃതര്‍ താരതമ്യേന മാരകമായ ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കിയത്. ആദിത്യനാഥിന് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ കേരളത്തില്‍ നിന്ന് പഠിക്കാന്‍ ഉണ്ടെന്നാണ് തോന്നുന്നത്; വിശേഷിച്ചും കൊതുകു / പ്രാണിജന്യ രോഗങ്ങളുടെ സീസണ്‍ ആസന്നമായിരിക്കെ.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കേരളത്തിലേക്ക് നിപായുടെ കടന്ന് വരവെങ്കിലും, മരണം വിതക്കുന്ന മാരക പ്രഹരശേഷിയുള്ള ആ വൈറസ് ബാധക്ക് മുന്നില്‍ കേരളത്തിന്റെ ആരോഗ്യരംഗം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നില്ല. എന്താണ് കേരളത്തിന്റെ പ്രതികരണത്തെ സ്തുത്യര്‍ഹമാക്കിയത്? ഏത് വിധേനയാണ് ഭാവിയില്‍ മെച്ചപ്പെടാനുള്ളത്?

കേരളം നിപാ വൈറസിനെ കൈകാര്യം ചെയ്തത് എങ്ങനെ?

കോഴിക്കോട് ആയിരുന്നു ഈ അപകടസന്ധിയിലെ “ഗ്രൗണ്ട് സീറോ”. ഞാന്‍ ഏറെക്കാലം പഠിപ്പിച്ച അവിടത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു രോഗികളെ പാര്‍പ്പിച്ചത്.

നിപാ ഭീതിജനകമാകുന്നത്, എബോള വൈറസിനെപ്പോലെ തന്നെ, അതിന്റെ കൂടിയ മരണനിരക്ക് കൊണ്ടാണ്. വാക്സിനോ നിര്‍ണ്ണിതമായ ചികിത്സയോ ഇല്ല; മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും എന്നീ ഘടകങ്ങളും കൂടി ചേരുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഭയപ്പാട് മനസ്സിലാക്കാവുന്നതേയുള്ളൂ. പഴംതീനി വവ്വാലുകള്‍ ആണ് ഈ വൈറസിന്റെ സ്വാഭാവിക സംഭരണശാല. വവ്വാലുകള്‍ ആരോഗ്യത്തോടെ തുടരുമ്പോഴും അവയുടെ മൂത്രം വഴിയും ഉമിനീര്‍ വഴിയും വൈറസിനെ പുറത്തേക്ക് വമിപ്പിക്കും. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള മറ്റു സസ്തനികള്‍ ആകട്ടെ, രോഗബാധയേറ്റതില്‍ പിന്നെ മാത്രമാണ് ഇതരജീവികളിലേക്ക് / മനുഷ്യരിലേക്ക് പടര്‍ത്താന്‍ സാധ്യതയുള്ളൂ.

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള, ഇരുപത്തിരണ്ടുകാരന്‍ സാബിത്ത് ആയിരുന്നു കേരളത്തില്‍ നിപായുടെ ആദ്യത്തെ ഇര. വവ്വാലുകളില്‍ നിന്ന് നേരിട്ടോ, വവ്വാല്‍ സമ്പര്‍ക്കം വഴി രോഗബാധിതമായ മറ്റൊരു മൃഗത്തിലൂടെ പരോക്ഷമായോ ആകണം സാബിത്തിന് വൈറസ് ബാധയേറ്റത്. അതേക്കുറിച്ചുള്ള അവ്യക്തത ഇനിയും നീങ്ങിയിട്ടില്ല.

“മറ്റൊരാളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകാം”, “മിക്കവാറും ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാകാനാണ് സാധ്യത” തുടങ്ങിയ സിദ്ധാന്തങ്ങള്‍ മുഖവിലക്കെടുക്കാന്‍ നിവൃത്തിയില്ല. കാരണം: (1) രാജ്യത്ത് മറ്റെവിടെയും നിപാ പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല (2) ഈ കേസിന് മുന്‍പ് ആ പ്രദേശത്ത് നിന്ന് അങ്ങനെ ഏതെങ്കിലുമൊരാളെ സംശയാസ്പദമായി പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രവുമല്ല, ആദ്യ കേസ് കാണപ്പെട്ട പ്രദേശമാകട്ടെ വവ്വാലില്‍ നിന്ന് രോഗസംക്രമണം ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ളതുമാണ്.

ഈ മാരകമായ പകര്‍ച്ചവ്യാധിയെ നിയന്ത്രണ വിധേയമാക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായക ചുവടുവെയ്പായത്, എത്രയും നേരത്തെ രോഗനിര്‍ണ്ണയം നടത്തി എന്നതാണ്. പരിശോധിച്ച രണ്ടാമത്തെ കേസില്‍ തന്നെ നിപാ കണ്ടെത്താന്‍ കഴിഞ്ഞു എന്നതില്‍ കേരളത്തിലെ മെഡിക്കല്‍ സമൂഹത്തിന് ഒന്നാകെ അഭിമാനിക്കാം. ഒരല്പം അസാധാരണമായ ലക്ഷണങ്ങള്‍ക്ക് പുറമെ, രണ്ടാഴ്ച മുന്‍പ് മരിച്ച അടുത്ത ബന്ധുവിന് സമാന ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നതായിരുന്നു ആ കണ്ടെത്തലിലേക്കുള്ള ചൂണ്ടുപലക. സാംപിളുകള്‍ നിപാ പരിശോധനക്കായി അയക്കുകയും കൃത്യമായി സ്ഥിരീകരിക്കുകയുമായിരുന്നു. ആദ്യകേസ് ശ്രദ്ധയില്‍ പെട്ട് ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ രോഗകാരണം കണ്ടെത്താനും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധപ്രവര്‍ത്തനം തുടങ്ങാനും നമുക്ക് സാധിച്ചു.

നേരത്തേയുള്ള രോഗനിര്‍ണ്ണയം എന്നതിനര്‍ത്ഥം സംക്രമണം കുറഞ്ഞ ആളുകളില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റിയെന്ന് കൂടിയാണ്. ഇതൊരു നല്ല തുടക്കമായിരുന്നു. മറുവശത്ത്, രോഗത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്ന ലിനി പുതുശ്ശേരി എന്ന നഴ്സ് ഉള്‍പ്പെടെ മിക്കവര്‍ക്കും രോഗം പകര്‍ന്ന് കിട്ടിയത് ആശുപത്രികളില്‍ നിന്നായിരുന്നു.

അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍

ആദ്യത്തെ രോഗിയുമായി അടുത്തിടപഴകിയവര്‍ക്ക് ഏതാണ്ട് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്, അവര്‍ക്ക് ഇന്‍ഡക്‌സ് കേസില്‍ നിന്ന് തന്നെയാണ് രോഗം പകര്‍ന്ന് കിട്ടിയത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആദ്യത്തെ കേസിന് ശേഷം, ആ ആളെ ശുശ്രൂഷിച്ച / അടുത്തിടപഴകിയവരുടേതായി റിപ്പോര്‍ട്ട് ചെയ്ത ഓരോ കേസും കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിരുന്നു.

രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഘട്ടത്തില്‍ രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ രോഗം പകരുന്നുള്ളൂ എന്ന വസ്തുതയെ ഇത് സ്ഥിരീകരിച്ചു. അങ്ങനെ അടുത്തിടപഴകിയ എല്ലാവരെയും കണ്ടെത്തുകയും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുകയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയവരെ മാറ്റിപ്പാര്‍പ്പിക്കുകയുമായിരുന്നു നിപായെ വരുതിയിലാക്കാനുള്ള വഴി. കേരളം ചെയ്തതും അത് തന്നെയാണ്.

നിപാ സ്ഥിരീകരിച്ച മുറയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. രോഗബാധ സ്ഥിരീകരിച്ചതോ സംശയമുള്ളതോ ആയ എല്ലാ കേസുകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എബോളയുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതിന് തുല്യമായ ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കി. എല്ലാ ആശുപത്രികളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനവും സുരക്ഷാ ഉപാധികളും നല്‍കപ്പെട്ടു.

എല്ലാ കേസുകളുടെയുമായി രണ്ടായിരത്തോളം കോണ്ടാക്റ്റുകളെ കണ്ടെത്തി ദിനംപ്രതി അവരോട് ആശയവിനിമയം നടത്തി. അവരില്‍ ആരെങ്കിലും രോഗിയാകുന്ന മുറയ്ക്ക് അവരെ പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വെന്റിലേഷന്‍ ഉള്‍പ്പെടെ എല്ലാ ജീവന്‍ രക്ഷാ ഉപാധികളും സഹിതം രോഗലക്ഷണങ്ങള്‍ക്കുള്ള അടിയന്തിര ചികിത്സ നല്‍കി. റിബാവൈറിന്‍ എന്ന ആന്റി വൈറല്‍ മരുന്നും മൊണോക്ലൊണല്‍ ആന്റിബോഡിയും ഇറക്കുമതി ചെയ്യുകയും ചില രോഗികളില്‍ ഫലപ്രദമായി പരീക്ഷിക്കുകയും ചെയ്തു.

 

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തന്നെ നേരിട്ട് മേല്‍നോട്ടം വഹിച്ച അശ്രാന്തപരിശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. പൊട്ടിപ്പുറപ്പെട്ട് അഞ്ചാഴ്ചക്കകം, രോഗം പിന്നോക്കം നീങ്ങുന്നതിന്റെ സൂചനകള്‍ ദൃശ്യമായി. മരണസംഖ്യ 16-ല്‍ ഒതുക്കി നിര്‍ത്താന്‍ നമുക്ക് സാധിച്ചു.

ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍

മിക്കവര്‍ക്കും രോഗം പകര്‍ന്നു കിട്ടിയത് ഒരു ആശുപത്രിയില്‍ നിന്നുമായിരുന്നു. അതില്‍ ചിലരാകട്ടെ, മറ്റുരോഗികളെ ചുമ്മാ കണ്ടു പോകാന്‍ വന്നവര്‍ മാത്രമായിരുന്നു. ഈ വസ്തുതകള്‍ നമ്മുടെ ആശുപത്രികളിലെ ജനബാഹുല്യം എത്രകണ്ട് കുറയ്ക്കാം എന്ന ഗൗരവതരമായ ആലോചനക്ക് ഇപ്പോഴെങ്കിലും തുടക്കം കുറിക്കാന്‍ പ്രേരകമാകേണ്ടതുണ്ട്.

കര്‍ശനമായ ഒരു റഫറല്‍ സിസ്റ്റം സ്ഥാപിക്കുകയും സന്ദര്‍ശകരെ നിയന്ത്രിക്കുകയുമാണ് പ്രഥമപടിയായി ഏറ്റവും തീവ്രതയോടെ നടപ്പില്‍ വരുത്തേണ്ട പരിഷ്‌ക്കാരം. രോഗികളുടെ കൂടെ നില്‍ക്കുന്നവരുടെ എണ്ണം രോഗീപരിചരണത്തിന് കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കൊണ്ട് കുറയ്ക്കാന്‍ സാധിക്കും. ആശുപത്രികള്‍ക്കുള്ളില്‍ രോഗസംക്രമണ നിയന്ത്രണ പെരുമാറ്റച്ചട്ടങ്ങള്‍ (infection control protocols) കൃത്യമായി പിന്തുടരുന്നുണ്ട് എന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഏതൊരു രോഗിയെ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രികമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നു എന്നും ഉറപ്പാക്കുക.

സാമൂഹ്യമാധ്യമങ്ങളിലൂടെയും പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പ്രചരിച്ച തെറ്റായ വിവരങ്ങള്‍ ആദ്യദിനങ്ങളില്‍ ഈ വിഷമസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പിനില്‍ക്കുന്ന ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇത് പ്രത്യേകിച്ച് ഗുണഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയില്ലെങ്കിലും ഗണ്യമായ സാമ്പത്തികനഷ്ടം ഉറപ്പാക്കി!

ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ ഊഹക്കച്ചവടക്കാര്‍ക്ക് മുകളിലായി ദിവസംപ്രതി ഒരു ആധികാരികശബ്ദം ഉയര്‍ന്നു കേള്‍ക്കണം. അതിലേക്കായി ഒരു വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്തണം. വ്യാജസന്ദേശങ്ങളും ദുരുപദിഷ്ടവും കപടവുമായ പ്രചാരണങ്ങളും നിയമോപാധികള്‍ കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കണം. നിലവിലുള്ള പൊതുആരോഗ്യനിയമം പുരാതനവും പല്ല് കൊഴിഞ്ഞതുമാണ്. മേല്‍പറഞ്ഞ സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാന്‍ ഉതകുംവിധം ഫലപ്രദമായ ഒരു പൊതുആരോഗ്യനിയമം എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. നിപായുടെ കാര്യത്തില്‍ കൈവരിച്ച വിജയം, ഭാവിയിലേക്ക് നിര്‍ണ്ണായകമായ പ്രവൃത്തികള്‍ കൊണ്ട് സര്‍ക്കാര്‍ പിന്തുടരുമെന്ന് പ്രത്യാശിക്കട്ടെ. അല്ലാത്തപക്ഷം ആ മികച്ച പരിശ്രമങ്ങളെ കുഴപ്പക്കാരും വ്യാജവാര്‍ത്തക്കാരും ചേര്‍ന്ന് വെള്ളത്തിലാക്കിയേക്കാം.

കടപ്പാട്: ദ വയര്‍

ഡോ. കെ.പി അരവിന്ദന്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ശാസ്ത്ര രചയിതാവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന നേതാവുമാണ് ലേഖകന്‍