* ആദ്യം കോഴിക്കോട് നിപ സ്ഥിരീകരിച്ചപ്പോഴുണ്ടായ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ?
സാഹചര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. ഒന്നാമതായി, കഴിഞ്ഞവര്‍ഷം നിപ സ്ഥിരീകരിക്കുന്ന സമയത്ത് മുന്‍പ് അത്തരമൊരു രോഗത്തെ ചികിത്സിച്ചിട്ടോ പ്രതിരോധിച്ചിട്ടോ കൃത്യമായ ഡയഗ്നോസ് ചെയ്തിട്ടോ യാതൊരുവിധ മുന്‍പരിചയവുമില്ലായിരുന്നു. എന്നിട്ടും വളരെ വ്യക്തമായ പ്ലാനിങ്ങുകളിലൂടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റി.
വേറൊരു വ്യത്യാസം, കഴിഞ്ഞപ്രാവശ്യം നമുക്ക് സ്ഥിരീകരണത്തിലേക്ക് എത്താന്‍ വൈകിയത് ഒരേ കുടുംബത്തിലെതന്നെ മൂന്നുപേര്‍ ഇതേ രോഗലക്ഷണങ്ങളുമായി വരികയും ആ കുടുംബത്തിലെ വേറൊരാള്‍ ഇതേ രോഗവുമായി മരണപ്പെടുകയും ചെയ്തപ്പോഴാണ്. നമ്മള്‍ സ്ഥിരീകരണം നടത്തിക്കഴിഞ്ഞപ്പോള്‍ത്തന്നെ കോഴിക്കോടിന്റെ പല ഭാഗത്തും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.
ഇന്ന് സാഹചര്യം വ്യത്യസ്തമാണ്. ഒരു രോഗിയിലാണ് നിപ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. വേറൊരു രോഗിയില്‍ നിന്ന് ഇദ്ദേഹത്തിന് അസുഖം കിട്ടിയതായിട്ടുള്ള വിവരം നമുക്കു ലഭിച്ചിട്ടില്ല. അതേപോലെതന്നെ ഇദ്ദേഹവുമായി അടുത്തു ബന്ധപ്പെവര്‍ക്കോ സമീപപ്രദേശങ്ങളിലോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വേറൊരു വ്യത്യാസം, കഴിഞ്ഞപ്രാവശ്യം രോഗം പരത്തിയ ആദ്യ രോഗിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള വ്യത്യാസങ്ങളാണ് ഉണ്ടായിരുന്നത്.
ഒരു പ്രധാന വ്യത്യാസമെന്തെന്നാല്‍, നിപ രോഗവ്യാപനം ഏറ്റവുമധികം കൂടുന്നത് നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലേക്ക് വരുമ്പോഴാണ്. ചുമയും ശ്വാസംമുട്ടലും വരുന്ന ആ രോഗിയില്‍ നിന്നാണ് കൂടുതല്‍ പ്രസരണം നടക്കുന്നത്. ഇത്തവണ രോഗിക്കു തലച്ചോറിനെ ബാധിക്കുന്ന വ്യത്യാസമാണു രോഗിക്കുണ്ടായിരിക്കുന്നത്. അതും അന്നത്തെ രോഗിയുടെ അത്ര നില ഗുരുതരമല്ല. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള വ്യാപനം നടക്കാനുള്ള സാധ്യത കുറവാണ്.
കഴിഞ്ഞവര്‍ഷത്തെ പരിചയമുള്ളതുകൊണ്ട് വളരെപ്പെട്ടെന്നുതന്നെ നമുക്കു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏകോപിപ്പിക്കാനും സാധിക്കും.
* ആദ്യതവണ ഉണ്ടായപ്പോള്‍ ഒട്ടേറെപ്പേരിലേക്കു രോഗം പടര്‍ന്നു. ഇത്തവണ അതുണ്ടായതായി കണ്ടെത്തിയിട്ടില്ല. അതിനു കാരണം?
അതു പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാവാം. ഒന്ന്, നമ്മള്‍ കോഴിക്കോട് കണ്ടുപിടിച്ച വൈറസ് തന്നെ ചില ചെറിയ ജനിതകവ്യത്യാസങ്ങള്‍ വന്നതുകൊണ്ട് അതിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ടാകാം.
രണ്ടാമത്, ആദ്യ രോഗിക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖം വരികയും ഗുരുതരമല്ലാത്ത രീതിയിലേക്ക് രോഗാവസ്ഥ പോയതിനാലുമാകാം.
* രോഗസ്ഥിരീകരണത്തിനായി പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ത്തന്നെ സാമ്പിള്‍ അയക്കുന്നത് എന്തുകൊണ്ടാണ്?
നിപ വളരെ ചര്‍ച്ച ചെയ്യപ്പെടാനും ശ്രദ്ധിക്കപ്പെടാനുമുള്ള പ്രധാന കാരണം, ലോകാരോഗ്യ സംഘടനയുടെ മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയില്‍ എട്ട് അസുഖങ്ങളില്‍ ഒന്ന് അതായതുകൊണ്ടാണ്.
ഈ പട്ടികയിലുള്‍പ്പെട്ട രോഗങ്ങളുടെ ഗവേഷണങ്ങളില്‍ ഒന്ന് രോഗസ്ഥിരീകരണം എങ്ങനെ നടത്താമെന്നതിനെക്കുറിച്ചാണ്. രണ്ട്, ചികിത്സയില്‍ എന്തൊക്കെ കാര്യങ്ങള്‍ നടത്താമെന്നതിനെക്കുറിച്ചാണ്. മൂന്ന്, വാക്‌സിനേഷനെ സംബന്ധിച്ചാണ്.
രോഗം നിര്‍ണയിക്കാന്‍ നമുക്ക് സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. അത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തന്നെ കുറവായതിനാലാണത്. അതു നിലവില്‍ കാലതാമസമുണ്ടാക്കുന്നുണ്ട്. അവിടെ സാമ്പിള്‍ എത്തണം, പ്രൊസസ്സ് ചെയ്യണം. അതിന്റേതായ സമയമെടുക്കും. കൂടാതെ, വളരെയധികം പ്രഹരശേഷിയുള്ളതുകൊണ്ടും പടരാന്‍ സാധ്യതയുള്ളതുകൊണ്ടും ഈ വൈറസിനെക്കുറിച്ചുള്ള പഠനം നടത്താന്‍ വേണ്ടി ടെസ്റ്റുകള്‍ നടത്തേണ്ടത് ബയോ സേഫ്റ്റി ലെവല്‍ ഫോര്‍ ലാബുകളിലാണ്. അത്തരം ലാബുകള്‍ വളരെ കുറവാണുതാനും.
ഇപ്പോള്‍ പുതിയ ടെസ്റ്റുകളില്‍ വരുന്ന വ്യത്യാസം എന്താണെന്നു വെച്ചാല്‍, നമ്മള്‍ ഒരു സ്രവം എടുത്ത് ടെസ്റ്റ് ചെയ്യാനുള്ള പി.സി.ആര്‍ മെഷീനുകള്‍ ഇപ്പോള്‍ ലഭിക്കും. അപ്പോള്‍ നമുക്ക് പെട്ടെന്ന് അസുഖം കണ്ടെത്താന്‍ കഴിയും. അത്തരം മെഷീനുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്, ജില്ലാ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ കൃത്യമായി രോഗം സ്ഥിരീകരിക്കാന്‍ കഴിയും.
ബാക്കി ഗവേഷണം ചികിത്സയിലാണ്. മുന്‍പ് ഉപയോഗിച്ച മരുന്നുകള്‍, ആന്റി വൈറല്‍ മരുന്നുകള്‍ എന്നിവയെക്കുറിച്ചുള്ള പഠനം ഇപ്പോള്‍ നടക്കുന്നുണ്ട്.
ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് രോഗത്തില്‍ നിന്നു രക്ഷപ്പെടുന്നയാളുകളുടെ ശരീരത്തിലുണ്ടാകുന്ന ആന്റി ബോഡികളിലാണ്. അത് ഡെവലപ് ചെയ്ത് വൈറസ് കണ്ടെത്തിയ ആളുകളില്‍ നല്‍കിയിട്ട് അസുഖം എങ്ങനെ മാറ്റിനിര്‍ത്താം എന്നതിനെക്കുറിച്ചുള്ള പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. അത്തരം മരുന്നുകളാണ് ഇപ്പോളിവിടെ ലഭ്യമാക്കിയിട്ടുള്ളത്.
വാക്‌സിനേഷനെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൃഗങ്ങളിലൊക്കെ പരീക്ഷിച്ചു വിജയിച്ച വാക്‌സിനുകളും വന്നുകൊണ്ടിരിക്കുകയാണ്.
പക്ഷേ ഇതിന്റെ പ്രശ്‌നം, ലോകത്തുതന്നെ 650-ലധികം ആളുകള്‍ക്കു മാത്രമാണ് ഈ അസുഖം വന്നിട്ടുള്ളത്. അത്രയും ചുരുങ്ങിയ ആളുകളില്‍ വന്ന ഒരസുഖത്തെ തടയാനുള്ള വലിയ രീതിയിലുള്ള വാക്‌സിന് ഇപ്പോള്‍ സാധ്യതയുണ്ടെന്നു തോന്നുന്നില്ല.
* ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് എത്രത്തോളം ഫലപ്രദമാണ്?
ഏത് രീതിയിലുള്ള മരുന്ന് ഈ അസുഖത്തിന് ഉപയോഗിക്കണം, പുതിയ ഡെവലപ്‌മെന്റ് എന്താണ്, അതൊക്കെ എപ്പോള്‍ ഉപയോഗിക്കണം, അതൊക്കെ സാധാരണരീതിയില്‍ വിദഗ്ധരായ മെഡിക്കല്‍ സംഘം, ഐ.സി.എം.ആറിന്റെ ടീമുമായി ഇരുന്നാലോചിച്ച ശേഷമുണ്ടാക്കുന്ന പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണു തീരുമാനിക്കുന്നത്.
മനുഷ്യരിലും ഉപയോഗിക്കുന്നതിനു മുന്‍പേ പല സമയത്തും ഉപയോഗിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയ മരുന്നുകളാണ് ഇങ്ങനെ തീരുമാനിക്കപ്പെടുക.
ഇപ്പോള്‍ ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള മരുന്ന് ഇന്ത്യയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞതവണ മരുന്നെത്തിയപ്പോള്‍ ഇവിടെ രോഗികളുണ്ടായിരുന്നില്ല. ഇത്തവണയുണ്ട്. അതുകൊണ്ട് ആ മരുന്ന് കൊടുക്കണോ എന്നുള്ളത് നേരത്തേപറഞ്ഞ ടീം ഇരുന്നാലോചിച്ചാണു തീരുമാനിക്കേണ്ടത്.
* ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയില്‍ നിപ ഉള്‍പ്പെടാന്‍ കാരണം?
നിപയുമായി സാദൃശ്യമുള്ളതാണ് ഹെന്‍ഡ്രാ വൈറസ്. വവ്വാലുകളില്‍ നിന്ന് കുതിരകളിലേക്കും കുതിരകളില്‍ നിന്ന് മനുഷ്യരിലേക്കുമാണ് അതു പടരുന്നത്. ഇപ്പോള്‍ അതിനെ വേര്‍തിരിച്ചുകാണാതെ ‘ഹെനിപാ വൈറസ്’ എന്നാണു പറയുന്നത്. ഉപയോഗിക്കുന്ന മരുന്നുകളും വാക്‌സിനുകളും ചികിത്സാരീതികളും വളരെയധികം സാമ്യമുള്ളതുകൊണ്ടാണത്. അതുപോലെ ഇവയുടെ ജനിതകഘടന ഒരേപോലെയുള്ളതാണ്.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രോഗങ്ങള്‍ ഇവയാണ്:
1) കോംഗോ പനി
2) എബോള വൈറസ്
3) ലാസാ പനി
4) മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്
5) നിപാ വൈറസ്
6) റിഫ്റ്റ് വാലി ഫീവര്‍
7) സിക വൈറസ്
ഒരു വൈറസ് കണ്ടെത്തിക്കഴിഞ്ഞാല്‍ ഉള്‍പ്പെടുത്താനായി ‘ഡിസീസ് എക്‌സ്’ എന്നാണ് എട്ടാമതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ അസുഖങ്ങളൊക്കെ വലിയ രീതിയില്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ഈ പട്ടികയുണ്ടാക്കിയിരിക്കുന്നത്.
നിപയുടെ പ്രത്യേകത എന്തെന്നാല്‍, ഇതു മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. ഒരു സ്ഥലത്ത് ഒരു രോഗിക്ക് ഈ അസുഖം വന്നുകഴിഞ്ഞാല്‍ മറ്റൊരു സ്ഥലത്തേക്കു പോകുമെന്നതാണ് അതിലൊന്ന്. മറ്റൊന്ന് കൃത്യമായ മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല. പിന്നെ മരണസാധ്യത 60 ശതമാനത്തില്‍ക്കൂടുതലാണ്. ഇതൊക്കെയാണ് ഈ വൈറസിനെ ഭീതിപ്പെടുത്തുന്ന സാഹചര്യത്തിലേക്കു കൊണ്ടുപോകാന്‍ കാരണം.
ഇതിനു ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഒരു രോഗാണു രോഗിയിലേക്കു വന്നാല്‍, രോഗം വരുന്നതുവരെ രോഗലക്ഷണങ്ങളൊന്നും രോഗിയിലുണ്ടാക്കില്ല. രോഗലക്ഷണങ്ങളില്ലാത്ത ഒരാള്‍ ഒരിക്കലും രോഗം പരത്തില്ല. അങ്ങനെ പരത്തിയിരുന്നെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നേനെ. ചിലയാളുകളില്‍ വലിയ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെതന്നെ രോഗം വന്നുപോകുന്നു (asymptomatic infection) എന്ന സാഹചര്യം വരുന്നുണ്ടെങ്കില്‍ത്തന്നെ രോഗവ്യാപനം വലിയ രീതിയില്‍ നടക്കും.
മറ്റൊന്ന്, ഇത് ആദ്യ രോഗിയില്‍ നിന്ന് രണ്ടാമത്തെ രോഗിയിലേക്ക് വരുമ്പോള്‍ അതിന്റെ കാഠിന്യവും പ്രസരണശേഷിയും കുറയുന്നതായാണു കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതൊരു സ്വയം നിയന്ത്രിത അസുഖമായി മാറുന്നു.
* ഭാവിയില്‍ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ നേരിടാന്‍ കേരളത്തിലെ ആരോഗ്യരംഗം സജ്ജമായോ?
തീര്‍ച്ചയായും. ആരോഗ്യവകുപ്പും ആരോഗ്യമേഖലയും തികച്ചും ആത്മവിശ്വാസത്തോടെ നേരിടാന്‍ സജ്ജമാണ് എന്നാണു മനസ്സിലാക്കുന്നത്.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വരാന്‍ സാധ്യത. ഇതു മുന്‍കൂട്ടി മനസ്സിലാക്കാനും അത് ബന്ധപ്പെട്ട ആശുപത്രികളെയും ആളുകളെയും അറിയിക്കാനും അലര്‍ട്ട് ചെയ്യാനും സാധിച്ചിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ഇനിയും ഇതില്‍ മുന്നോട്ടുപോകാനുണ്ട്. തലച്ചോറിനെ ബാധിക്കുന്ന ഇത്തരം എന്‍സഫലൈറ്റിസ് രോഗം വരുന്നവരില്‍ പെട്ടെന്നുതന്നെ രോഗമുണ്ടോ എന്നറിയാനും വൈറസിന്റെ സാന്നിധ്യമറിയാനും ആ സ്ഥലത്തുവെച്ചുതന്നെ സ്ഥിരീകരിക്കാനും കഴിയണം. കൊച്ചി പോലുള്ള സ്ഥലത്തുപോലും സ്ഥിരീകരണത്തിനായി ബെംഗളൂരുവിലേക്ക് സാമ്പിള്‍ അയക്കേണ്ടിവന്നു. ആ സ്ഥിതിയില്‍ മാറ്റംവന്ന് സംശയം വന്നാല്‍ സ്ഥിരീകരിക്കാനും ഏതാണ് അണുക്കളെന്നു കണ്ടെത്താനും സാധിക്കണം.
വേറൊന്ന് നമുക്ക് അനുമാനിക്കാന്‍ സാധിക്കും. അതായത് ഒരുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ രോഗസ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇപ്പോള്‍ രോഗസ്ഥിരീകരണം നടക്കാനുണ്ടായ കാരണം തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് രോഗം വരുന്ന സമയത്ത് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളാണ്. രോഗിയുടെ നട്ടെല്ലില്‍ നിന്നു നീര് കുത്തിയെടുത്ത് ഏതൊക്കെ വൈറസുകളാണ് എന്നറിയാന്‍ വൈറസ് പാനല്‍ അയക്കുന്നുണ്ട്. 25,000 രൂപയുടെ മുകളില്‍ ചെലവ് വരുന്ന ടെസ്റ്റാണിത്.
എന്നാല്‍ കഴിഞ്ഞപ്രാവശ്യം സ്ഥിരീകരിക്കുന്നതിനു മുന്‍പ് നിപ ചര്‍ച്ച ചെയ്യപ്പെടുകയോ ഇത്തരം ടെസ്റ്റുകളിലോ വൈറസ് പാനലുകളിലോ നിപ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. ചിലപ്പോള്‍ കഴിഞ്ഞതവണ സ്ഥിരീകരണം വരുന്നതിനു മുന്‍പ് കുറച്ചുരോഗികളില്‍ മാത്രം ഒതുങ്ങിനിന്ന ഔട്ട്‌ബ്രേക്കുകള്‍ കേരളത്തിലോ ദക്ഷിണേന്ത്യയിലോ ഒക്കെ വന്നിരിക്കാം.
* നിപ ഓരോ തവണയുണ്ടാകുമ്പോഴും മരണം ക്രമേണ കുറയുന്നു. 1998-ല്‍ മലേഷ്യയിലുണ്ടായത് 105 മരണം. 2013-ല്‍ ബംഗ്ലാദേശില്‍ 21 മരണം. കഴിഞ്ഞതവണ കേരളത്തില്‍ 17 മരണം. അതു രോഗത്തെ ഫലപ്രദമായി നേരിടാനായി എന്നതുകൊണ്ടാണോ?
പല രാജ്യങ്ങളില്‍ വന്നപ്പോഴും മരണസാധ്യത കൂടുതലായിരുന്നു. പിന്നീട് കുറഞ്ഞു. ചിലപ്പോള്‍ ജനിതക വ്യതിയാനങ്ങള്‍ വരുന്നതുകൊണ്ടായിരിക്കും. ആദ്യ രോഗിയുടെ ശരീരത്തിലെ വൈറസിന്റെ തോത് കുറവായിരിക്കും. പക്ഷേ പ്രതിരോധശേഷി കൂടിയതുകൊണ്ടാണെന്നു പറയാന്‍ ഇപ്പോള്‍ കഴിയില്ല.
* ഇതുവരെ നിപ കണ്ടെത്തിയിട്ടുള്ളത് ദക്ഷിണാര്‍ധ ഗോളത്തിലുള്ള രാജ്യങ്ങളില്‍ മാത്രമാണ്. ഭൂമിശാസ്ത്രപരമായി എന്തെങ്കിലും ഘടകം ഇതിലുണ്ടോ?
തീര്‍ച്ചയായും. ഇതിന്റെ മൂലശ്രോതസ്സ് ടിറോപസ് വിഭാഗത്തില്‍പ്പെട്ട വവ്വാലുകളാണ്. ആ വവ്വാലുകള്‍ വൈറസ് പടര്‍ത്തിയിരിക്കുന്ന ദക്ഷിണ-കിഴക്കന്‍ രാജ്യങ്ങളുടെ ഭാഗങ്ങളിലും ഓസ്‌ട്രേലിയയുടെ ഭാഗങ്ങളിലുമുള്ളവര്‍ക്കാണ് ഈ രോഗം വരാന്‍ സാധ്യത കാണുന്നുള്ളൂ.
* പന്നിപ്പനിക്കു പരിഹാരമായി ഈജിപ്തില്‍ കൂട്ടത്തോടെ പന്നികളെ കൊന്നുകളഞ്ഞിരുന്നു. നിപയ്ക്ക് പരിഹാരമായി വവ്വാലുകളെ കൊന്നൊടുക്കിയതുകൊണ്ട് കാര്യമുണ്ടോ?
മാസ്സ് കില്ലിങ് അറിഞ്ഞത് നിപ മലേഷ്യയില്‍ സ്ഥിരീകരിക്കപ്പെട്ടപ്പോഴാണ്. വവ്വാലുകളുടെ മൂത്രവും ബോഡി ഫ്‌ളൂയിഡും കൊണ്ട് മലിനമാക്കപ്പെട്ട ഈ പഴങ്ങളും ഒക്കെ കഴിച്ച പന്നികള്‍ക്ക് രോഗം വരികയും അവിടെനിന്ന് മനുഷ്യരിലേക്കു വരികയും ചെയ്തു. പിന്നീട് ആ പന്നികളെ സിംഗപ്പൂരിലേക്കു കയറ്റിയയച്ചപ്പോള്‍ അവിടെയുള്ള മനുഷ്യര്‍ക്കും അസുഖം വന്നു. അന്നവിടെ പരിഹാരമായി പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു.
വവ്വാലുകളുടെ കാര്യത്തില്‍ ഇത് അപ്ലൈ ചെയ്യാന്‍ കഴിയില്ല. വവ്വാലുകളുടെ ശരീരത്തില്‍ എത്രയോ വര്‍ഷങ്ങളായി കോ-ഇവോള്‍വ് ചെയ്ത് വൈറസുണ്ട്. ശരീരം ഉത്തേജിപ്പിക്കപ്പെടുമ്പോഴോ ചില വ്യത്യാസങ്ങളുണ്ടാകുമ്പോഴോ മാത്രമേ വൈറസിന്റെ പ്രസരണം നടക്കുന്നുള്ളൂ. അങ്ങനെയുണ്ടാകുമ്പോഴും ഒരു പ്രത്യേക അളവില്‍ക്കൂടുതല്‍ മൃഗങ്ങളിലേക്കു പടരുമ്പോള്‍ മാത്രമേ അവ മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളൂ. വളരെ വിരളമായ സാധ്യത മാത്രമാണ്. അതുകൊണ്ടുതന്നെ വവ്വാലുകളെ കൊന്നൊടുക്കുകയോ വവ്വാലുകള്‍ താമസിക്കുന്ന സ്ഥലത്തേക്കു പോകാതിരിക്കുകയോ ചെയ്യുന്നത് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമല്ല.
* ആശുപത്രികളില്‍ രോഗങ്ങളെയും അതു ബാധിക്കപ്പെട്ട രോഗികളെയും സംബന്ധിച്ച ഡാറ്റാബാങ്കില്ല. ഇനിയെങ്കിലും അതുണ്ടാവേണ്ടതല്ലേ?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെങ്കിലും ലോകനിലവാരത്തിലേക്ക് ഇപ്പോഴും ഉയര്‍ന്നിട്ടില്ല. അതിനു സ്വകാര്യ ആശുപത്രികളെന്നോ സര്‍ക്കാര്‍ ആശുപത്രികളെന്നോ ഇല്ല.
നല്ല സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ രോഗികളെക്കുറിച്ചുള്ള ഡാറ്റാ ബാക്ക് അപ്പുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം കാര്യമില്ല. അതു കൃത്യമായി അനലൈസ് ചെയ്യപ്പെടണം.
നേരത്തേ പറഞ്ഞ തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് അടക്കമുള്ളവ വരുമ്പോള്‍ ആ കാലയളവില്‍ എത്രപേര്‍ക്ക് അതുവന്നിട്ടുണ്ട്, ഏതൊക്കെ ടെസ്റ്റ് നടത്തിയിട്ടുണ്ട്, എല്ലാ വൈറസും സ്‌ക്രീന്‍ ചെയ്തിട്ടുണ്ടോ, കൃത്യമായ സ്ഥിരീകരണം നടന്നിട്ടുണ്ടോ, ഏതെങ്കിലും പ്രത്യേക മേഖലയില്‍ ഈ അസുഖം വന്നിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളാണ് അനലൈസ് ചെയ്യപ്പെടേണ്ടത്.
ആരോഗ്യവകുപ്പിന് ഇപ്പോള്‍ത്തന്നെ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐ.ഡി.എസ്.പി) എന്നുപറഞ്ഞിട്ട് ഈ രീതിയിലുള്ള ഒരു കാര്യം നടക്കുന്നുണ്ട്.
എന്നാല്‍പ്പോലും പല രീതിയിലുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ട് പൊതു-സ്വകാര്യ മേഖലകളെ കൂട്ടിയിണക്കിക്കൊണ്ട് ഒരു വലിയരീതിയിലുള്ള ഡേറ്റാബേസ് ഉണ്ടാക്കുകയും പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കണം. ഏതെങ്കിലും സ്ഥലത്ത് ഇത്തരം സാഹചര്യമുണ്ടായാല്‍ ആ രോഗം ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി പെട്ടെന്ന് വിവരം കൈമാറാന്‍ നമ്മുടെ സാങ്കേതികവിദ്യയും മറ്റു മാര്‍ഗങ്ങളും പുരോഗമിക്കേണ്ടിയിരിക്കുന്നു.