മഞ്ഞുമ്മല്‍ ബോയ്‌സ്; പട്ടിണി ടൂറുകാരുടെ ആഹ്ലാദവും അഭിജാതരുടെ ആക്രോശവും
Opinion
മഞ്ഞുമ്മല്‍ ബോയ്‌സ്; പട്ടിണി ടൂറുകാരുടെ ആഹ്ലാദവും അഭിജാതരുടെ ആക്രോശവും
ഡോ. വാസു എ.കെ
Friday, 15th March 2024, 1:56 pm

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കണ്ടപ്പോള്‍ തൊണ്ണൂറുകളില്‍ കൂട്ടുകെട്ടുകളില്‍ ഒഴുകി നടന്നിരുന്ന കാലത്തേക്ക് തിരികെപ്പോയി. കുട്ടിക്കാലത്ത് പുഴയില്‍ നീന്തിയും മരംകയറിയും കന്നുകാലികളെ തീറ്റിച്ചുമൊക്കെ നടന്നിരുന്ന അതേ കൂട്ടുകാര്‍ തന്നെയാണ് കുറേക്കൂടി വളര്‍ന്നപ്പോള്‍ സിനിമ കാണാനും ഉത്സവപ്പറമ്പുകളില്‍ അലയാനും കൂടെയുണ്ടായിരുന്നത്. സുഹൃത്ത് ബന്ധങ്ങള്‍ രക്തബന്ധങ്ങളെക്കാള്‍ ദൃഢവുമായിരുന്നു. കല്യാണവീടുകളിലെയും മരണവീടുകളിലെയും സഹായത്തിനും അപകടങ്ങളിലുള്ള ഓടിയെത്തലിനുമെല്ലാം ഈ സൗഹൃദങ്ങള്‍ വിളിപ്പുറത്തുണ്ടായിരുന്നു.

അത്തരം സൗഹൃദങ്ങളെയും കൂട്ടിയാണ് ഊട്ടി, കൊടൈക്കനാല്‍, പഴനി, മധുര, മൈസൂര്‍, മൂന്നാര്‍, കമ്പം, തേനി എന്നിവിടങ്ങളിലേക്ക് പലവട്ടം ടൂറുകള്‍ പോയത്. പട്ടിണി ടൂറുകളെന്ന് വേണമെങ്കില്‍ അവയെ വിശേഷിപ്പിക്കാം. മിക്കവാറും ആരുടെയും കയ്യില്‍ കാര്യമായ പണം ഉണ്ടാകാറില്ല. തൊണ്ണൂറുകളുടെ അവസാന പകുതിയിലും രണ്ടായിരത്തിന്റെ ആദ്യപകുതിയിലുമാണ് ഇത്തരം യാത്രകള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ആദ്യദിവസം മുക്കിത്തീറ്റയും അവസാന ദിവസം നക്കിത്തീറ്റയും എന്നാണ് ആ യാത്രകളെ ഞങ്ങള്‍ വിശേഷിപ്പിക്കാറ്. എങ്കിലും തമാശകളും അര്‍മാദങ്ങളും പൊട്ടിച്ചിരികളും നിറഞ്ഞവയാണ് ആ യാത്രകള്‍.

അതേ കാഴ്ചകളെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ആദ്യ ഭാഗങ്ങള്‍ ഓര്‍മിപ്പിച്ചു തന്നത്. ബ്ലേഡ് കമ്പനികളില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയാവും പലപ്പോഴും യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ വണ്ടിക്കാര്‍ക്ക് പണം കൊടുക്കുക. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയോടും ആ സിനിമയ്ക്ക് ആധാരമായ സംഭവത്തോടും കൂടുതല്‍ അടുപ്പം തോന്നിയതും സമാനമായ അനുഭവങ്ങളിലൂടെ കടന്നുവന്നതു കൊണ്ടു കൂടിയാണ്.

സിനിമയില്‍ പറയുന്നതിന് തൊട്ടുമുമ്പുള്ള കാലങ്ങളില്‍ ഗുണകേവില്‍ ഞങ്ങളുടെ യാത്രാസംഘവും ഇറങ്ങിയിട്ടുണ്ട്. ആ ഗര്‍ത്തത്തിന്റെ ആഴവും ദുരൂഹതയുമൊന്നും ഞങ്ങള്‍ക്കും അന്ന് അറിയില്ലായിരുന്നു. അവിടെയിറങ്ങി ഗര്‍ത്തത്തിന് വട്ടവും നീളവും ചാടിയതും പേടിയോടെയാണിപ്പോള്‍ ഓര്‍ക്കുന്നത്. സമാനമായ അനുഭവങ്ങളില്‍ പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്‌തേനെ എന്നതും സിനിമ കാണുമ്പോള്‍ കുമിഞ്ഞുവരുന്ന ഭീതിബോധമാണ്.


മരണം പോലും അവസാനവാക്കാക്കാന്‍ കഴിയാതെയുള്ള, മരണത്തെക്കാള്‍ അതിഭീതിതിമായ അനുഭവമാണ് സിനിമ ആവിഷ്‌കരിക്കുന്നത്. പരസഹായമില്ലാതെ ഒരിക്കലും തിരിച്ചു കയറാന്‍ കഴിയാത്ത ഗര്‍ത്തത്തില്‍ പതിച്ചുപോയ ഒരാള്‍. പരസഹായം കിട്ടുമെന്ന് ഉറപ്പില്ലാതെ മരണത്തെ മാത്രം കാത്ത് ജീവനോടെ കിടക്കേണ്ടി വരുന്ന ഒരാള്‍. കണ്ണും ശബ്ദവും എത്തിയേക്കാവുന്ന ദൂരത്ത് നിന്നും കൂട്ടുകാര്‍ തന്നെ കൈവിട്ടു പോയേക്കുമോ എന്ന ഭീതി. മരണത്തെക്കാള്‍ ഭീതിതമായ ഇത്തരം അനുഭവങ്ങള്‍ നേരനുഭവമായിരിക്കെ തന്നെ സ്വപ്നക്കാഴ്ചയായിട്ടാണ് സിനിമ ആവിഷ്‌കരിച്ചിട്ടുള്ളത്.

ചില സത്യങ്ങള്‍ സത്യമായിരിക്കുമ്പോള്‍ തന്നെ, അപരരെ വിശ്വസിപ്പിക്കുക എന്നത് കലാരൂപങ്ങള്‍ക്കും പരിമിതിയാണ്. അരക്ഷിതത്വത്തിന്റെ പടുകുഴിയില്‍ കിടന്നുകൊണ്ട് ഒരാള്‍ തന്റെ കൂട്ടുകാര്‍ അകലേക്ക് നടന്നുപോകുന്നത് കാണുന്ന ആ സീക്വന്‍സ് സിനിമ കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആഴമുള്ളതാണ് ആ രംഗ ചിത്രീകരണം.

കുഞ്ഞുമകള്‍ മരിച്ച് പള്ളിപ്പറമ്പില്‍ അടക്കിയ രാത്രിയില്‍ തോരാമഴ പെയ്തുവരുമ്പോള്‍ ‘വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ പുള്ളിക്കുട ചെന്നെടുത്തു’ പാഞ്ഞു പോയി മണ്ണട്ടിക്കടിയില്‍ നിശ്ചലംകിടക്കുന്ന പൊന്നുമോളെ കുടചൂടിക്കുന്ന റഫീഖ് അഹമ്മദിന്റെ തോരാമഴ എന്ന കവിതയിലെ ഉമ്മമനസ് മലയാളികളെ ഏറെ കരയിച്ചിട്ടുണ്ട്.

അതേ വിഷാദമാണ് പ്രിയ സുഹൃത്ത് ഗര്‍ത്തത്തിന്റെ ഇരുട്ടില്‍ പെട്ടു കിടക്കുമ്പോള്‍, അവന്‍ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നുപോലും അറിയാന്‍ കഴിയാത്ത ദാരുണാവസ്ഥയിലേക്ക് പൊട്ടിവീഴുന്ന തോരാമഴയില്‍ ഒഴുകിപ്പാഞ്ഞുവരുന്ന മലവെള്ളപ്പാച്ചില്‍ കൂട്ടുകാരനില്‍ പതിക്കാതിരിക്കാന്‍ കൊടുംതണുപ്പില്‍ ഒരു പറ്റം കൂട്ടുകാര്‍ ദേഹം തടയണയാക്കി പുതഞ്ഞു കിടക്കുന്ന ദൃശ്യം. സൗഹൃദാവിഷ്‌കാരത്തിന്റെ എന്നത്തെയും അടയാളമാണത്. കൂട്ടുകാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം കൂടുതല്‍ കനംവെക്കുകയാണ് ആ ദൃശ്യാവിഷ്‌കരണത്തില്‍.

സാഹസികമായ ശ്രമങ്ങള്‍ങ്ങള്‍ക്കൊടുവില്‍ സുഹൃത്തിനെ രക്ഷിച്ച് മുകളില്‍ എത്തുന്ന സീക്വന്‍സില്‍ ‘ഇത് മനിത കാതല്‍ അല്ലൈ, അതേയും താണ്ടി പുനിതമാണെന്ന’ (ഇത് മനുഷ്യജന്മത്തിന് സാധ്യമാവുന്ന സ്‌നേഹമേയല്ല, അതുംകഴിഞ്ഞ സ്‌നേത്തിന്റെ നിധികുംഭമാണ്) കമല്‍ ഹാസന്റെ ഗുണാ സിനിമയിലെ ഗാനരചനയുടെ ധ്വന്യാത്മകത കൂടുതല്‍ മിഴിവാവുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ ആ രംഗം റീപ്രൊഡ്യൂസ് ചെയ്യുമ്പോഴാണെന്ന് തോന്നി. പണ്ടെന്നോ കേട്ടുമറന്ന ആ ഗാനശകലം അര്‍ത്ഥവൈപുല്യം നേടുകയാണ് ഈ സിനിമയിലൂടെ. ക്ലൈമാക്‌സില്‍ അങ്ങനെയൊരു രംഗസംഗീതത്തെ ഭാവന ചെയ്ത സംഗീതസംവിധായകന്‍ സുഷിന്‍ ശ്യം ക്ലീഷേയാവാത്ത ഒരു ക്ലൈമാക്‌സിനെ നിര്‍മിച്ചു കൊടുത്തിരിക്കുന്നു.

മദ്യപാനികളും അനുസരണക്കേട് കാണിക്കുന്നവരുമായതിനാല്‍ മലയാളി യുവാക്കള്‍ക്ക് ഇത്തരം ദുരന്തമൊക്കെ ആവശ്യമാണെന്ന മട്ടുള്ള പ്രതികരണം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തില്‍ വിറളി പൂണ്ട് എഴുത്തുകാരനായി അറിയപ്പെടുന്ന ജയമോഹന്‍ നടത്തുകയുണ്ടായി. എന്നുമാത്രമല്ല അതിനെ ചുറ്റിപ്പറ്റി കേരളത്തിലെ യുവാക്കളുടെ അനുസരണക്കേട് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതും ശ്രദ്ധിച്ചു.

സിനിമയില്‍ ഇത്തരം ദുരന്തചിത്രീകരണം ആദ്യമല്ല. എന്നാല്‍ ഈ സിനിമയ്ക്ക് നേരെ ഇങ്ങനെ ഒരു പ്രതികരണം ഉയരുന്നതിന് പിന്നില്‍ പ്രാദേശികത മാത്രമല്ല വംശീയതയും പ്രകടമാണ്. പ്രത്യേകം പറയുന്നില്ലെങ്കില്‍ കൂടിയും അഭിജാതരായ സമൂഹത്തെയല്ല മറിച്ച് ബഹുജന സമൂഹത്തെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്. ബഹുജന സമൂഹങ്ങളുടെ ആഹ്ലാദങ്ങളോടുള്ള അഭിജാതരുടെ ആക്രോശമാണ് ഇത്തരം വെളിപാടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഇടത്തരം തൊഴിലുകള്‍ ചെയ്യുകയും നാട്ടിലുണ്ടാവുന്ന എല്ലാ കാര്യങ്ങളിലും മുന്‍പിന്‍ നിന്ന് ഇടപെടുകയും ചെയ്യുന്ന ഒരു സൗഹൃദക്കൂട്ടം എല്ലാ നാട്ടിലുമുണ്ട്. രാഷ്ട്രീയമോ സമുദായസ്വഭാവമോ നിലനിര്‍ത്താത്തതും എന്നാല്‍ നാട്ടിലെ രാഷ്ട്രീയവത്ക്കരിച്ച അഭിജാതര്‍ ‘നല്ല പിള്ളകള്‍ക്ക് ‘ അത്ര സുഖിക്കാത്തവരും ആയിരിക്കും അത്തരം സൗഹൃദക്കൂട്ടങ്ങള്‍. അഭിജാതരിലെ പതിതരും ഈ കൂട്ടങ്ങളുടെ ഒപ്പമുണ്ടാകാറുണ്ടെന്നത് നേര്.

നാടിന്റെ ഉപ്പായിത്തീരുന്ന ഈ ചെറുപ്പക്കാര്‍ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ‘പുനിത’മാണെന്നതില്‍ സംശയമില്ല. അവര്‍ പലപ്പോഴും അടിപിടികള്‍ ഉണ്ടാക്കുന്നതുപോലും സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരിക്കും. ‘കണ്ണീക്കണ്ടവര്‍ക്ക് വേണ്ടി ചാവാന്‍ നടക്കുന്നവന്‍’ എന്നായിരിക്കും വീട്ടിലും നാട്ടിലും അവര്‍ക്ക് പേര് വീഴുക. ആ വിളിപ്പേര് സത്യമാണ്. കൂട്ടുകാര്‍ക്ക് വേണ്ടി അവര്‍ മരിക്കാന്‍വരെ തയ്യാറാണ്. അതാണ് ആ സൗഹൃദങ്ങളുടെ ആഴം. ആ ആഴമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ കാതല്‍.

രൂപഗുണവാനായ നായക കേന്ദ്രീകൃതത്വം എന്ന ക്ലീഷേ മാറിക്കൊണ്ട് ഒരു പറ്റത്തെ കേന്ദ്രീകരിക്കുന്ന സിനിമാസങ്കല്‍പ്പം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ സവിശേഷതയാണ്. നായക കേന്ദ്രീകൃതമായ മലയാളത്തിലെ മിക്കവാറും സിനിമകള്‍ ബോഡി ഷോകള്‍ മാത്രമാണ്. നായകന് സാധ്യമല്ലാത്ത ഒന്നും ഈ ഭൂമിയില്‍ ഇല്ല എന്ന നുണ പ്രഖ്യാപിക്കലാണ് പല സിനിമയുടെയും അവതാര ലക്ഷ്യം പോലും. നേരെ പാഞ്ഞുവരുന്ന വെടിയുണ്ട കൈകൊണ്ട് പിടിക്കുന്ന മട്ടുള്ള എക്‌സാജറേഷനുകള്‍ക്ക് ഇനി സിനിമയില്‍ സ്ഥാനമില്ല.

നായകന്റെ ബോഡി ഷോയും നായകത്വത്തിന്റെ മറുപുറമായ ഒരാളെ കൂടെ നിര്‍ത്തി ബോഡി ഷെയിമിങ്ങും നടത്തലായിരുന്നു മലയാള സിനിമയുടെ മിക്കവാറും പരിപാടി. മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കോമ്പിനേഷനുകളെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. സിനിമ വിജയിപ്പിക്കാന്‍ ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കേണ്ട ശരീരങ്ങളെ ആവശ്യമില്ലെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമല്ല, സൗബിന്‍ അഭിനയിച്ച നിരവധി സിനിമകള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ ഇതോട് ചേര്‍ത്ത് ഓര്‍ക്കാവുന്നതാണ്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഖാലിദ് റഹ്‌മാന്‍, ഗണപതി, ചന്തു സലീംകുമാര്‍, അരുണ്‍ കുര്യന്‍, അഭിരാം രാധാകൃഷ്ണന്‍, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ തുടങ്ങിയവരെ കാസ്റ്റ് ചെയ്ത് സിനിമ വന്‍തോതില്‍ വിജയിപ്പിക്കുക വഴി മലയാള സിനിമക്ക് തുറവിനല്‍കുന്ന ബഹുസ്വരമായൊരു ഉടല്‍രാഷ്ട്രീയത്തെ നിര്‍മിച്ചെടുക്കുന്നതില്‍ സംവിധായകന്‍ ചിദംബരം വിജയിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ പ്രദേശത്തെ പ്രാദേശിക ഭാഷ അതേപടി അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എറണാകുളം നഗരം ഒരുഭാഗത്ത് വികസിക്കുമ്പോള്‍ വികസനത്തിന്റെ പുറമ്പോക്കിലുള്ള ചെറുജീവിതങ്ങളെ ഈ സിനിമ അടയാളപ്പെടുത്തുന്നു. അത്തരം മനുഷ്യരുടെ വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദമാണ് കൂട്ടുകൂടിയുള്ള വിനോദയാത്രകള്‍. കോളേജ് ടൂറിലേതോ സ്‌കൂള്‍ ടൂറിലേതോ പോലെ വടിയുമെടുത്ത് നില്‍ക്കാന്‍ അവര്‍ക്ക് ആരും രക്ഷാകര്‍ത്താക്കളായി ഉണ്ടാകാറുമില്ല. അവര്‍ മാത്രമാകും അവര്‍ക്ക് രക്ഷകര്‍ത്താക്കള്‍. അത്തരം ഒരു രക്ഷാകര്‍ത്തൃത്വം ഏറ്റവും ഭംഗിയായി പൂര്‍ത്തീകരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ വിജയം.

സാഹസികതയേക്കാള്‍ സ്‌നേഹം എന്ന ബന്ധനത്തിനാണ് സിനിമയില്‍ സ്ഥാനം നല്‍കിയിട്ടുള്ളത്. സുഹൃത്ത് ഗര്‍ത്തത്തില്‍ വീഴുമ്പോള്‍ ആരാണ് ഇറങ്ങുക എന്നതില്‍ നായക കേന്ദ്രീകൃത സിനിമയില്‍ സംശയത്തിന് തെല്ലും പ്രസക്തിയില്ല. ഹീറോയിസം എല്ലാം നായകനില്‍ മുന്‍നിശ്ചയമായിരിക്കും. എന്നാല്‍ അത്തരത്തിലൊരു ഹീറോയിസം ഒരാളില്‍ അവരോധിക്കാതെ എല്ലാവരിലേക്കും ഒരേപോലെ വെളിച്ചംപരത്തുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ ഉത്തരാധുനികതയോട് ചേര്‍ന്നു നില്‍ക്കുന്ന ബഹുത്വക്കാഴ്ച്ച.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ മാത്രമല്ല, വിനോദയാത്രയും അതേ ചേര്‍ന്നുള്ള അപകടങ്ങളും മലയാള സിനിമയില്‍ മുമ്പും നിരവധി ഉണ്ടായിട്ടുണ്ട്. ‘സ്വാമി അയ്യപ്പന്‍’ എന്ന സിനിമയില്‍ പോലും അത്തരം രംഗമുണ്ട്. ‘കള്ളടിച്ചാല്‍ ഈശ്വരന്‍ പിണങ്ങുമെങ്കില്‍ ചുമ്മാ പിണങ്ങിക്കോട്ടെ’ എന്ന് തുടങ്ങുന്നതാണ് ആ ഗാനം. ശബരിമലയ്ക്ക് മാലയിട്ടിരിക്കുന്ന പട്ടാള ഉദ്യോഗസ്ഥന്‍ ശബരിമലക്ക് പോകാന്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഒപ്പം യാത്രചെയ്യുന്ന കൂട്ടുകാര്‍ മദ്യപിച്ചുകൊണ്ടുള്ള ഗാനരംഗമാണിത്.

ആ ഇടപെടലുകളോട് ഭക്തന്‍ ദേഷ്യപ്പെടുകയും ആ വാഹനത്തില്‍ നിന്നും ഇറങ്ങിവീട്ടിലേക്ക് പോവുകയും ചെയ്യുന്നു. തുടര്‍ന്ന് വാഹനം അപകടത്തില്‍പ്പെട്ട് ഭക്തന്‍ ഒഴികെ വിഭക്തര്‍ എല്ലാം മരണപ്പെട്ടു എന്ന ഗുണപാഠമാണ് ആ സിനിമാരംഗം നല്‍കുന്നത്. എല്ലാകാലത്തും എല്ലാ നാടുകളിലും മദ്യപാനികള്‍ ഉണ്ടായിരുന്നു. അവരുടെ സവിശേഷ ആഹ്ലാദങ്ങളും ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഭക്തിനിര്‍ഭരമായ ഒരു സിനിമയില്‍ പോലും അത്തരം ഒരു രംഗവും പാട്ടും വന്നതിന്റെ അടിസ്ഥാനം.

കേരളത്തില്‍ ആഭ്യന്തര ടൂറിസം തീരെ ഇല്ലാതിരുന്നകാലത്ത് അതിസമ്പന്നര്‍ കുളിച്ചു താമസിക്കുന്ന ഇടമായിരുന്നു ആലുവ മണപ്പുറത്തിന് ചുറ്റുമുള്ള പരിസരങ്ങള്‍. ‘നദി’, ‘ഭാര്യ’ തുടങ്ങിയ സിനിമകള്‍ അത്തരം ലോകത്തെയാണ് കാണിച്ചുതരുന്നത്. ആ ചിത്രത്തിലും പിക്‌നിക് അംഗങ്ങള്‍ മണപ്പുറത്ത് ജലക്കുഴി തീര്‍ത്ത് അതിലിറങ്ങി മദ്യപിക്കുന്ന സീനുകള്‍ ശ്രദ്ധേയമാണ്. അത്തരം സംഭവങ്ങള്‍ക്കിടയ്ക്കാണ് ഒരു ചെറിയ പെണ്‍കുട്ടി വെള്ളത്തില്‍ വീണ് മരണപ്പെടുന്നത്. ‘ആയിരം പാദസരങ്ങള്‍ കിലുക്കി ആലുവാപ്പുഴ പിന്നെയും ഒഴുകി’ എന്ന ഗാനം വിഷാദാത്മകമാകുന്നതും ആ മരണത്താലാണ്. എന്നാല്‍ മദ്യപിച്ച് കെട്ടുവള്ളത്തില്‍ ജീവിച്ചതുകൊണ്ടാണ് അങ്ങനെയൊരപകടം ഉണ്ടായതെന്ന് ആ സിനിമ കണ്ടവരാരും ഇന്നോളം പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ആ പറച്ചിലില്‍ യുക്തിയും ഇല്ല.

ടൂറിസ്റ്റുകളായി പോകുന്ന കുട്ടികള്‍ക്ക് അപകടത്തില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലായി മഞ്ഞുമ്മല്‍ ബോയ്‌സ് ഈ സിനിമയെ കാണാന്‍ കഴിയും. ഈയൊരു തിരിച്ചറിവില്‍ ടൂറിസ്റ്റുകള്‍ വന്നെത്തുന്ന അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കൃത്യമായി മനസിലാക്കി അവിടെ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഗാര്‍ഡുകളെ നിയമിക്കുകയുമൊക്കെയാണ് അഭികാമ്യം. അല്ലാതെ ആഭ്യന്തര ടൂറിസ്റ്റുകളെല്ലാം തെമ്മാടികളാണെന്ന പ്രഖ്യാപനം ഒട്ടും ഗുണംചെയ്യുന്നതല്ല.