സാധാരണ ക്രൈം ന്യൂസുകള്‍ അധികം വായിക്കാറില്ല. അവ ആസ്വാദ്യകരമല്ലെന്ന് മാത്രമല്ല, മനസ്സ് മരവിപ്പിച്ചുകളയുകയും ചെയ്യും. തൊടുപുഴയിലെ കുഞ്ഞുങ്ങള്‍ക്കുണ്ടായ ദുരന്തം മാധ്യമങ്ങളിലെല്ലാം വലിയ ചര്‍ച്ചയായതുകൊണ്ട് ഫേസ്ബുക്കിലും മറ്റും വന്ന കുറിപ്പുകളും പ്രതികരണങ്ങളും ശ്രദ്ധിക്കുകയുണ്ടായി. കുഞ്ഞുങ്ങള്‍ അതീവ ശ്രദ്ധയോടെ കരുതപ്പെടേണ്ടവരാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല.
ഒരു കുഞ്ഞിന്റെ മരണത്തിനുവരെ ഇടയാക്കിയ പീഡനത്തോട് വൈകാരികമായി ആളുകള്‍ പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രം. അക്രമങ്ങള്‍ അതിക്രൂരമാകുമ്പോഴും അത് പൊതുവേദിയിലോ മാധ്യമങ്ങളിലോ ചര്‍ച്ചയാകുമ്പോഴും, മുഖ്യധാരയിലുള്ളവര്‍ക്ക് താദാത്മ്യപ്പെടാന്‍ ആവുന്നതരത്തില്‍ ഉണ്ടാകുമ്പോഴുമാണ് വന്‍തോതില്‍ പ്രതികരണങ്ങളുണ്ടാകുന്നത്.
സാധാരണവല്‍ക്കരിച്ച ചെറിയ ചെറിയ ക്രൂരകൃത്യങ്ങള്‍ നമ്മുടെ മുന്നില്‍ ദിനംതോറും അരങ്ങേറുന്നുണ്ട്. ശിക്ഷ എന്ന പേരില്‍ അവ ആഘോഷിക്കപ്പെടാറുമുണ്ട്.
ഈ കൊച്ചുകൊച്ചു ക്രൂരകൃത്യങ്ങളുടെ ബീഭത്സവല്‍ക്കരിക്കപ്പെട്ട ആവര്‍ത്തനമാണ് കൊടുംക്രൂരകൃത്യമായി ക്രിമിനലുകള്‍ നടത്തുന്നത്. ഈ ക്രിമിനലുകളെല്ലാമുണ്ടാകുന്നത് കുടുംബങ്ങളിലാണ്. അവര്‍ക്കും അമ്മമാരും അച്ഛന്മാരുമുണ്ട്. സാഹചര്യങ്ങള്‍ വ്യത്യസ്തമാകുമെന്ന് മാത്രം. കുട്ടികളെ വളര്‍ത്തി കൊള്ളാവുന്ന പൗരന്മാരാക്കിയെടുക്കുക എന്നത് കുടുംബത്തിനകത്തുള്ളവരുടെ, പ്രത്യേകിച്ച് അമ്മമാരുടെ കടമയാണെന്നുള്ളതാണ്. കുട്ടികള്‍ വാശിപിടിക്കും. കരയും. അമ്പിളിമാമനെ പിടിച്ച് തരണമെന്ന് നിര്‍ബ്ബന്ധിക്കും.
അവരെ മെരുക്കിയെടുത്ത് ക്ഷമയും മറ്റുള്ളവരോട് ബഹുമാനവും നാടിനോട് ഉത്തരവാദിത്വവും ഉള്ളവരാക്കിമാറ്റുക എന്നത് വളരെ ഭാരിച്ച, വൈദഗ്ധ്യം ആവശ്യമായ ജോലിയാണ്. ഈവൈദഗ്ധ്യം അമ്മയച്ഛന്മാര്‍ക്ക് ആര് നല്‍കുന്നു?
കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പുറത്തുവരുമ്പോഴെല്ലാം നമ്മെ അലട്ടുന്ന ഒരുപ്രശ്‌നമാണിത്. ഈ കാര്യത്തില്‍ അതൊക്കെ മൃഗങ്ങളെക്കണ്ട് പഠിക്കട്ടെ എന്നാണ്. അമ്മത്തവും അച്ഛത്തവും സ്വാഭാവികമായുണ്ടാകുമെന്നാണ്. അമ്മ കുഞ്ഞിനെ ജീവന്‍ കളഞ്ഞും സംരക്ഷിച്ചുകൊള്ളും. അത് പ്രകൃതിനിയമമാണ്. അച്ഛന്‍ ആക്രമിച്ചാലും മറ്റുള്ളവര്‍ ഉപദ്രവിച്ചാലും അവരെ അതില്‍നിന്നും സംരക്ഷിക്കേണ്ടതും അമ്മയുടെ കടമയാണ്. ദ്വേഷ്യം വരുന്ന അച്ഛനെയോ മദ്യപിച്ചുവരുന്ന അച്ഛനെയോ സ്‌നേഹപൂര്‍വ്വം അനുനയപ്പെടുത്തി സമാധാനിപ്പിക്കുകയും അമ്മയുടെ കടമയാണ്. നിരന്തരം സ്‌നേഹം ചൊരിയുന്ന ഗ്രന്ഥികള്‍ അമ്മക്ക് സഹജമാണല്ലോ. ഇത്തരം വകതിരിവില്ലായ്മകള്‍ പൊറുപ്പിക്കുന്നത് അത്ര നിഷ്‌കളങ്കമായല്ല. സ്ത്രീകള്‍കൂടി പൗരരായി മാറുന്നിടത്ത് ഉത്തരവാദിത്വങ്ങള്‍ എല്ലാവരുടേതും, കൂട്ടായതുമാണ്.
അങ്ങനെ ഒരിടത്ത് നിങ്ങള്‍ കല്യാണം കഴിച്ച് ഉപജീവനം നടത്തിക്കോളൂ, കുട്ടികളെ പ്രസവിച്ച് സ്‌നേഹിച്ച് വളര്‍ത്തിക്കോളൂ എന്ന് ഉദാസീനരാകാന്‍ കഴിയില്ല. എല്ലാ സ്ത്രീകള്‍ക്കും തൊഴില്‍ പങ്കാളിത്തമുണ്ടാകണം. വിവാഹം ചെയ്യാന്‍ മാത്രം ലൈസന്‍സ് നല്‍കിയാല്‍ പോരാ, കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള വൈദഗ്ധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രം അതിന് അനുമതി നല്‍കുകയും കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാവുകയും വേണം.
ഇതൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് തൊടുപുഴയിലെ കുഞ്ഞിന്റെ ദാരുണമായ മരണവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും അതിനെ തുടര്‍ന്നുവന്ന പ്രതികരണങ്ങളും ഒക്കെ മനസ്സിലാക്കേണ്ടത്.
തൊടുപുഴ സംഭവവുമായി ബന്ധപ്പെട്ടുവന്ന പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. വസ്തുതാപരമായി പരിശോധിച്ചാല്‍, കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചതെല്ലാം തന്നെ രണ്ടാനച്ഛനായിവന്ന ആളാണ്. അമ്മക്ക് അതില്‍ പ്രകടമായ പങ്കില്ല. എന്നാല്‍ ‘അമ്മ അതൊക്കെ എതിര്‍ക്കാതെ നിലകൊണ്ട സാക്ഷിയാണ്. മിക്കപേരുടെയും രോഷം മുഴുവന്‍ അമ്മയോടാണ്. ക്രിമിനല്‍ ആയ ഒരാളിന്റെ അക്രമം നമുക്ക് വലിയ പ്രശ്‌നമല്ല.
‘അമ്മയുടെ അമ്മത്തം ശരിയായില്ല’ എന്നതാണ് പ്രധാന പ്രശ്‌നമായി കാണുന്നത്. ഈ സ്ത്രീക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ഇതുവരെ വെളിപ്പെട്ടിട്ടില്ല. അതില്ലാത്തിടത്തോളം അതിന്റെ ആനുകൂല്യം നല്‍കാവുന്നതാണ്. എന്നാല്‍ അതിനും ജനം തയാറല്ല. അമ്മത്തം ഇല്ലാത്തതുന്നെ ഒരു ക്രിമിനല്‍കുറ്റമായി കാണുകയാണ്.
ഈ സംഭവത്തില്‍ രണ്ടാനച്ഛനാണ് കുറ്റവാളി. എന്നാല്‍, ഇത്തരം കുറ്റങ്ങള്‍ പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് രണ്ടാനച്ഛന്‍മാര്‍ മാത്രമല്ല, രണ്ടാനമ്മമാര്‍ മാത്രമല്ല. വസ്തുതകള്‍ പരിശോധിച്ചാല്‍ സ്വന്തം അച്ഛന്മാരും അമ്മമാരും ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുണ്ട്. രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും മാത്രമാണെന്ന തെറ്റായ ധാരണകള്‍ നിലനില്‍ക്കുന്നു എന്നുമാത്രം.
രണ്ടാനച്ഛനാണെങ്കിലും കൂടുതല്‍ പഴികേള്‍ക്കേണ്ടിവരുക അമ്മയെന്ന സ്ത്രീക്കാണ്. ഇനി, സ്ത്രീകളുടെ ഭാഗത്തുനിന്ന് ഇത്തരം കുറ്റകൃത്യങ്ങളുണ്ടായാല്‍ അവ പര്‍വ്വതീകരിച്ചു കാണുകയും ചെയ്യും. ഇത്തരം വികലമായ ധാരണകളുണ്ടാകുന്നതിന് കാരണം ‘അമ്മഎന്നസ്ത്രീയെ, സ്ത്രീ എന്ന മനുഷ്യജീവിയെ ഒരുവ്യക്തിയായി കാണാത്തതാണ്. അവരെ സ്‌നേഹം മാത്രം ഒഴുക്കുന്ന ദേവതകളായി കാണുന്നതാണ്.
സ്ത്രീകള്‍ എല്ലായ്‌പോഴും മക്കള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവരാണെന്നത് നമ്മളുണ്ടാക്കിയ കഥയാണ്. ആ തിരക്കഥക്കനുസരിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതരാണ്. പലര്‍ക്കും ആ റോള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നിരിക്കും. എല്ലാവര്‍ക്കും അത് കഴിയണമെന്നില്ല. അതില്‍ താല്‍പര്യമുണ്ടായിരിക്കണമെന്നുമില്ല.
വൈകാരിക ബന്ധങ്ങളുടെ കാര്യത്തിലും ഇങ്ങനെയാണ്. മനുഷ്യര്‍ വ്യത്യസ്ത താല്പര്യങ്ങളുള്ളവരാണ്. അവരുടെ പ്രണയബന്ധങ്ങളും വൈകാരിക ബന്ധങ്ങളുമൊക്കെ വ്യത്യസ്ത ജൈവസാമൂഹ്യ പരിസരങ്ങളില്‍ ഉടലെടുക്കുന്നവയാണ്. ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്നതുമാതിരി അവ നിലകൊള്ളുന്നില്ല. വിവാഹത്തിലൂടെ അത്തരം ഒരുവാര്‍ത്തെടുപ്പിന് നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് വാസ്തവമാണ്.
എന്നാല്‍ ജീവിതം അങ്ങനെ മാത്രമല്ല. ഇത്രമേല്‍ ശക്തമായി അടിച്ചേല്‍പ്പിച്ചിട്ടും വിവാഹത്തെ വെല്ലുവിളിച്ചുകൊണ്ട് വിവാഹപൂര്‍വ്വബന്ധങ്ങളും വിവാഹേതരബന്ധങ്ങളും നിലനില്‍ക്കുന്നത് അതുകൊണ്ടാണ്.
സ്ത്രീകള്‍ക്ക് ലൈംഗികമായ തെരഞ്ഞെടുപ്പ് സമൂഹം അനുവദിക്കുന്നില്ലെങ്കിലും, പലരും അതനുസരിച്ച് ജീവിക്കുന്നുണ്ടെങ്കിലും, പലരും അതഭിനയിച്ച് ജീവിക്കുന്നുണ്ടെങ്കിലും, അങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ധാരാളമായുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ആണുങ്ങളെ, അതറിഞ്ഞുകൊണ്ട് തന്നെ പ്രണയിച്ച് ജീവിക്കുന്ന പല സ്ത്രീകളുമായും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാളാണ് ഞാന്‍.
എങ്ങനെയാണ് ഇവര്‍ ഇത്തരം ബന്ധങ്ങള്‍ തുടങ്ങുന്നതും തുടരുന്നതുമെന്ന് പുറമെയുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല. അവര്‍ ഒരു പ്രശ്‌നവുമില്ലാതെ സുഖമായി ജീവിക്കുകയൊന്നുമല്ല. നിരന്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോഴും ഈബന്ധങ്ങളില്‍നിന്ന് പുറത്ത്കടക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നില്ല.
ഇത് പരിശോധിക്കുമ്പോള്‍ ബന്ധങ്ങളെയും അതിന്റെ ജീവശാസ്ത്രപരവും മാനസികവും സാമൂഹ്യവുമായ കെട്ടുപിണച്ചിലുകളെയും നോക്കേണ്ടി വരും. രണ്ട് വ്യക്തികളെ തമ്മില്‍ അടുപ്പിക്കുന്ന, ലൈംഗികമായി പരസ്പരം ഉത്തേജിപ്പിക്കുന്ന പല ശാരീരികഘടകങ്ങളുണ്ടാകാം. അതെല്ലാം വിശദീകരിക്കാന്‍ കഴിയണമെന്നില്ല. മാനസികവും സാമൂഹ്യവുമായ ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുണ്ടാവും.
ഉദാഹരണത്തിന് പുരുഷന്മാര്‍ക്ക് അക്രമം ഏറെക്കുറെ അനുവദിക്കപ്പെട്ടിരിക്കുന്ന സമൂഹത്തില്‍ സ്ത്രീകള്‍ അക്രമത്തെ ലൈംഗികബന്ധത്തില്‍ കുറെയൊക്കെ സഹിക്കുന്നവരായിരിക്കാം. അതിനപ്പുറത്തേക്ക് അവരുടെ വൈകാരികബന്ധം വികസിച്ച് നില്‍ക്കും. മാറിവരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിയണമെന്നില്ല. എന്നാലും ഇത്തരം വൈകാരികാവശിഷ്ടങ്ങള്‍ പിന്നീടും നിലനിന്നേക്കാം.
ഈ ഘടകങ്ങളേക്കാളുപരി സാമ്പത്തികവും സാമൂഹ്യവുമായ സ്ത്രീകളുടെ അവസ്ഥയാണ് മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ പരിശോധിച്ച് നോക്കാവുന്നത്. സ്ത്രീകള്‍ക്ക് അമ്മത്തത്തിനും വീട്ടുദാസ്യപ്പണിക്കും പുറത്ത് ഒരുനിലനില്‍പ് സമ്മതിക്കാത്തതിനാല്‍ അവരുടെ എല്ലാ ബന്ധങ്ങളും നിരീക്ഷണവിധേയമായികൊണ്ടിരിക്കും. ഭര്‍ത്താവ് മരിച്ച സ്ത്രീയാണെങ്കില്‍ പിന്നെ പറയുകയേവേണ്ട. അതിനിടയിലൂടെ അവരെ തന്റെ വരുതിയില്‍ നിര്‍ത്താനായി തക്കംപാര്‍ത്തിരിക്കുന്ന ആണുങ്ങളാകും ചുറ്റിലും. സംരക്ഷകരായി അവതരിക്കുന്ന അവര്‍ക്കും, കാമുകനായാലും ജാരനായാലും ആവശ്യം സ്ത്രീയുടെ ഏകപുരുഷബന്ധമാണ്.
സാധാരണ കുടുംബബന്ധങ്ങളില്‍ അരങ്ങേറുന്ന വയലന്‍സ് തന്നെ കുറേക്കൂടി തീക്ഷ്ണമായോ ബ്ലാക്ക്‌മെയില്‍ പോലെയുള്ള മറ്റുരൂപങ്ങളിലോ ആവര്‍ത്തിക്കും. ഇതില്‍നിന്ന് പുറത്ത് കടക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് അവരെ വ്യക്തികളായോ മനുഷ്യരായോ കാണുന്ന സൗഹൃദ കൂട്ടായ്മകളുണ്ടാവണം.
വിവാഹത്തിനകത്തെ ഗാര്‍ഹികപീഡനത്തെ, അതിനെതിരായ നിയമമുണ്ടായിട്ടുകൂടി സാധാരണീകരിച്ച് അംഗീകരിച്ചിരിക്കുന്നവരാണ് നമ്മള്‍. മരണത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള ചവിട്ടും തൊഴിയുംകൊണ്ട് ജീവിക്കുന്ന സ്ത്രീകളെയും അവരുടെ ദാമ്പത്യത്തിലേക്ക് വീണ്ടും വീണ്ടും തള്ളിവിടുമ്പോഴൊന്നും നമ്മള്‍ അത്ര അസ്വസ്ഥരാകില്ല.
അതിലൊരു മാറ്റമുണ്ടാക്കാന്‍ അതിദാരുണമായ ഒരുകൊലപാതകത്തിനുവേണ്ടി കാത്തിരിക്കുന്നത് പോലെയാണ്. ഈസംഭവത്തില്‍ കുട്ടികളെയെന്നപോലെ അവരുടെ അമ്മയെയും പീഡിപ്പിച്ചിരുന്നതായി പലറിപ്പോര്‍ട്ടുകളിലും കണ്ടു. എന്നിട്ടും ഈപുരുഷന്റെ ക്രിമിനല്‍ പ്രവൃത്തികളിലേക്കല്ല ജനങ്ങളുടെ ശ്രദ്ധ, ഇതിന് സാക്ഷിയായ സ്ത്രീയിലാണ്. ആശുപത്രികളില്‍, ചതഞ്ഞൊടിഞ്ഞു വരുന്ന സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ സംരക്ഷിക്കാനായി തങ്ങള്‍ മറിഞ്ഞുവീണതാണെന്നോ കട്ടിളയില്‍തലതട്ടിയാണെന്നോ ഒക്കെ പറയുന്ന സ്ത്രീകളുള്ളിടത്താണ് ഈ സ്ത്രീയും ജീവിക്കുന്നതെന്ന് നമ്മള്‍ മറന്നുപോകരുത്. ഇഷ്ടപ്പെട്ട് കൂടെ ജീവിക്കുന്നവരെ, സംരക്ഷകരാണെന്നു കരുതുന്നവരെ തള്ളിപറയാനുള്ള കരുത്തില്ലായ്മ മാത്രമല്ല, മനസ്സ് മരവിച്ച് പോകുന്ന ഭയവും വിരക്തിയുംകൂടി സ്ത്രീകളില്‍ കാണാറുണ്ട്.
സ്വന്തം തീരുമാനപ്രകാരം ബന്ധുക്കളുടെയൊന്നും സമ്മതമില്ലാതെ, ക്രിമിനല്‍ ആയ, സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന കാമുകനോടൊപ്പം ജീവിക്കുന്ന സ്ത്രീക്ക് എന്ത് പിന്തുണയാണ് നമ്മുടെ സമൂഹംനല്‍കുക. ആ ബന്ധം തുടരാനാണെങ്കിലും അതില്‍നിന്ന് പുറത്തുവരാനാണെങ്കിലും.
ഈ സ്ത്രീ എന്തിന് ഇയാളോടൊപ്പം പോയി എന്നും കുഞ്ഞുങ്ങളെ ഉപദ്രവിക്കുമ്പോള്‍ എന്തുകൊണ്ട് ഉപേക്ഷിച്ചില്ല എന്നുമുള്ള ചോദ്യം, പ്രതികരിക്കുന്ന പലരും ചോദിച്ചു കണ്ടതുകൊണ്ട്, ഇന്നത്തെ സ്ത്രീയുടെ അവസ്ഥയില്‍ അതത്ര എളുപ്പമല്ല എന്ന് പറയാനാണ് ഉദ്ദേശിച്ചത്.
സ്ത്രീകളൊന്നും കുറ്റവാളികളാവില്ലെന്ന് നമ്മള്‍ തീരുമാനിക്കേണ്ടതില്ല. അവര്‍ ദേവതകളല്ല, മനുഷ്യരാണെന്ന് മനസ്സിലാക്കുമ്പോള്‍ അതില്‍ അതിശയോക്തിയൊന്നുമില്ല. അതേസമയം അവര്‍ ചെയ്യുന്ന കുറ്റം വിലയിരുത്തേണ്ടത് പ്രാകൃത ചിന്തകളുടെ അടിസ്ഥാനത്തിലാവരുത്, പൗരബോധത്തിന്റെയും നീതിബോധത്തിന്റെയും അടിസ്ഥാനത്തിലാകണം.
പൊതുവിചാരണ നടത്തി കല്ലെറിഞ്ഞ് ആട്ടിപ്പായിക്കുന്ന ഒരു സമൂഹത്തിലല്ല നമ്മളിപ്പോള്‍ ജീവിക്കുന്നത്. കുറ്റങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ആണ് ചെയ്യേണ്ടത്.
കുഞ്ഞുങ്ങളുടെ നേര്‍ക്കുള്ള കുറ്റകൃത്യങ്ങളും അവരുടെ സുരക്ഷയും ‘അമ്മത്തപ്പെട്ടിയില്‍ ‘നിന്ന് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അമ്മയായതുകൊണ്ട് അവര്‍ ജീവന്‍ വെടിഞ്ഞും മക്കളെ നോക്കികൊള്ളും എന്ന മുന്‍വിധിയൊന്നും വേണ്ട. എല്ലാ അമ്മമാര്‍ക്കും അത് ഒരുപോലെ സാദ്ധ്യമാകണമെന്നുമില്ല. ഓരോ പാത്രത്തിലും അളന്നൊഴിക്കാവുന്നതല്ല അമ്മസ്‌നേഹം. സന്തോഷവും സ്വാതന്ത്ര്യവുമുള്ള ഒരുജീവിതത്തിലാണ് അമ്മമാര്‍ക്കും അത് സാധ്യമാകുന്നത്.
വൈയക്തികവും തൊഴില്‍പരവും സാമൂഹ്യവുമായ പല ബന്ധങ്ങള്‍ ബാലന്‍സ് ചെയ്യുന്നതിനിടയില്‍ മാത്രമാണ് കുഞ്ഞുങ്ങളുമായുള്ള ബന്ധവും വരുക. കുഞ്ഞുങ്ങളുടെ കാര്യങ്ങളില്‍ സ്‌കൂളുകള്‍ക്കും മറ്റുസാമൂഹ്യസ്ഥാപനങ്ങള്‍ക്കുമൊക്കെ ഉത്തരവാദിത്വമെടുക്കാവുന്നതാണ്. അമ്മയച്ഛന്‍മാരാകാനുള്ള പരിശീലനം വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബക്ഷേമ കേന്ദ്രങ്ങളും നല്‍കേണ്ടതുണ്ട്. അത് പഴയമൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലാവരുത്. അക്രമം വളര്‍ത്തുന്ന പൗരുഷസങ്കല്‍പ്പങ്ങള്‍ തിരുത്തി അവര്‍ക്കും കരുതലിനും പരിചരണത്തിനും പ്രോത്സാഹനം നല്‍കുന്ന തരത്തിലാവണം.