ആക്ടിവിസ്റ്റുകള്‍ എന്നൊക്കെ പറയുന്നതു തന്നെ ഓരോ രാഷ്ട്രീയ തന്ത്രങ്ങളുമായി ബന്ധപ്പെട്ടുവരുന്ന ടെര്‍മിനോളജികളാണ്. ആരാണ് സ്ത്രീകളില്‍ ആക്ടിവിസ്റ്റുകള്‍ എന്ന ചോദ്യമാണ്. സ്വന്തം അവകാശങ്ങളെക്കുറിച്ച് ഉറക്കെ പറയുന്ന സ്ത്രീകളെ ആക്ടിവിസ്റ്റുകള്‍ എന്ന് ബ്രാന്റ് ചെയ്യുകയാണ് പൊതുവെ ചെയ്യുന്നത്. മോശം വാക്ക് എന്ന രീതിയിലാണ് ഇപ്പോള്‍ പല രാഷ്ട്രീയക്കാരും ആ വാക്ക് ഉപയോഗിക്കുന്നത്. ഞാനൊരു ആക്ടിവിസ്റ്റ് മാത്രമാണ് എന്ന് സ്വയം അവകാശപ്പെടുന്ന ഒരു സ്ത്രീയുമില്ല.
അവകാശ നിഷേധങ്ങളുണ്ടാകുമ്പോള്‍, അല്ലെങ്കില്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ആക്ടിവിസ്റ്റുകള്‍ എന്നു പറയുന്നത്. ശബരിമലയില്‍ പോയ സ്ത്രീകളെ ആക്ടിവിസ്റ്റുകള്‍ എന്നു പറയുകയാണ്. പൊളിറ്റിക്കല്‍ ആകുന്നതിനെയാണോ ആക്ടിവിസ്റ്റ് എന്നു പറയുന്നത് എന്ന് അറിയില്ല. ഇതിങ്ങനെ ബ്രാന്റ് ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വാക്കായി മാറിയെന്നതാണ്.
ഫെമിനിസ്റ്റുകള്‍ ഫെമിനിസ്റ്റുകളാണ് തങ്ങള്‍ എന്നു പറയാനുണ്ട്. ഫെമിനിസ്റ്റുകളായാലും സെക്‌സ് വര്‍ക്കറായാലും സ്ത്രീകളായാലും പുരുഷന്മാരായാലും പല ഐഡന്റിറ്റികളാണ് അവര്‍ക്കുള്ളത്. എപ്പോഴും അവര്‍ ആക്ടിവിസ്റ്റുകളായി മാത്രം ഇരിക്കുന്നില്ല. സ്ത്രീകളായാല്‍ അമ്മയായിരിക്കും, ഭാര്യയായിരിക്കും, പലതരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരായിരിക്കും. അതിനിടയില്‍ അവര്‍ക്കൊരു പ്രശ്‌നമുണ്ടാകുന്ന സമയത്ത് അവര്‍ പ്രതികരിക്കും. അത് നമ്മുടെ കണ്‍വെന്‍ഷനലായ രീതിയിലല്ലെങ്കില്‍, പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ ഐഡിയയ്ക്ക് യോജിച്ച തരത്തിലല്ലെങ്കില്‍ അവരെ ആക്ടിവിസ്‌റ്റെന്ന് ബ്രാന്റ് ചെയ്യുകയാണ്.
മറ്റൊന്ന്, ആണുങ്ങള്‍ പെണ്ണുങ്ങള്‍ എന്നുള്ള സ്റ്റീരിയോടൈപ്പുകളെയൊക്കെ നമ്മള്‍ മറികടന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. ആണത്തം എന്നൊക്കെയുള്ള സങ്കല്പങ്ങളെ അംഗീകരിക്കാതിരിക്കുന്ന സമൂഹമാണിപ്പോള്‍. “ആണാണെങ്കില്‍ അത് ചെയ്യൂ”, “തന്തയ്ക്കു പിറന്നവന്‍” “കുടുംബത്തില്‍ പിറന്നവര്‍” തുടങ്ങിയ വാക്കുകള്‍ സംസാരത്തിനു ചേര്‍ന്നവയായി കാണുന്ന കാലമല്ല ഇത്.
ആക്ടിവിസ്റ്റ് എന്നു പറയുന്നതിനെ വളരെ മോശമായി കാണുന്നത് അടുത്തകാലത്തായി ഉണ്ടായി വന്ന ഒരു കാര്യമാണ്. രാഷ്ട്രീയക്കാര്‍ പറയുകയാണ് മലകയറിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകളാണ് എന്ന്. അപ്പോള്‍ ഈ രാഷ്ട്രീയക്കാരൊന്നും ആക്ടിവിസ്റ്റുകളല്ലേയെന്നുള്ളതാണ് ചോദ്യം. ദേവസ്വം മന്ത്രിവരെ ഇത്തരമൊരു പരാമര്‍ശം നടത്തി. ആര് ഉപയോഗിച്ചാലും ഇത് ശരിയല്ല. സ്ത്രീകളെ വീണ്ടും വീണ്ടും വിഭജിച്ച് ഭരിക്കുകയെന്നു പറയുമ്പോലുള്ള കാര്യമാണത്.
ഫെമിനിസ്റ്റുകള്‍ എന്നു പറയുന്നതിനെ വളരെ മോശമായിട്ടാണ് ഇവിടെ ചിത്രീകരിച്ചുകൊണ്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റ് എന്നു പറയുന്നതിന് അക്കാദമിക് ആയ ഒരു തലമുണ്ട്. മറ്റൊന്ന് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായി വരുന്ന പൊളിറ്റിക്‌സാണ്. അതിനെ മോശമായിട്ട് കാണിക്കേണ്ടിവരുന്നത് മറുവശത്തുള്ള രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അതിനെ എതിര്‍ക്കേണ്ട ആവശ്യം ആര്‍ക്കാണ് അവരാണ് അതിനെ മോശമായി ചിത്രീകരിക്കുന്നത്. അത് കൃത്യമായും പാട്രിയാര്‍ക്കിയാണ്, അല്ലെങ്കില്‍ പാട്രിയാര്‍ക്കിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയമാണ്.
കണ്‍വെന്‍ഷണലായുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ ഒരു ഫ്യൂഡലായിട്ടുള്ള പാട്രിയാര്‍ക്കി കൊണ്ടുനടക്കുന്നവരാണ്. അങ്ങനെയല്ലാതെ വളരെ ബോധപൂര്‍വ്വമായുണ്ടാവുന്ന സോഷ്യല്‍ മൂവ്‌മെന്റുകള്‍ മാത്രമാണ് ജെന്റര്‍ പൊളിറ്റിക്‌സിനെ ഉള്‍ക്കൊണ്ടിട്ടുള്ളത്.
ആക്ടിവിസ്റ്റുകള്‍ എന്നുള്ള പുതിയൊരു കാറ്റഗറി കൊണ്ടുവരുന്നത് എന്താവശ്യത്തിനാണ്. ഞാന്‍ മനസിലാക്കുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു ബ്രാന്റിങ് ചെയ്യുകയാണെന്നാണ്. അത് ചെയ്യുന്നത് സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മുന്നോട്ടുവരുമ്പോഴാണ്. അത് ഇന്ന സ്ത്രീകള്‍ എന്നില്ല. ഏത് സ്ത്രീകളും ഏതു സമയത്താണ് അങ്ങനെ വരുന്നതെന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. ഇന്നലെവരെ ഒരു സ്ത്രീ പറഞ്ഞില്ലയെന്നുള്ളതുകൊണ്ട് നാളെ അവര്‍ക്ക് പറയാന്‍ അവകാശമില്ലയെന്നു പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഇന്നായിരിക്കും അവര്‍ക്ക് അതിനെതിരെ പ്രതികരിക്കാന്‍ തോന്നുന്നത്. അപ്പോള്‍ ഇന്നുമുതല്‍ അവര്‍ ആക്ടിവിസ്റ്റായി എന്നാണോ.
എന്നെ സംബന്ധിച്ചിടത്തോളം ഏത് രാഷ്ട്രീയക്കാരനും ഒരു ആക്ടിവിസ്റ്റാണ്. പൊളിറ്റിക്കല്‍ ആക്ടിവിസം എന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ചുരുക്കരൂപമായിട്ടാണ് നമ്മള്‍ ആക്ടിവിസം എന്ന് ഉപയോഗിക്കുന്നത്. ഒരാള് രാഷ്ട്രീയക്കാരനാണെങ്കില്‍, അത് കെ. സുധാകരനായാലും കടകംപള്ളി സുരേന്ദ്രനായാലും ആരാണെങ്കിലും അവര് ആക്ടിവിസ്റ്റുകള്‍ ആണ്. അവര്‍ അങ്ങനെയല്ല, നിങ്ങള്‍ കുറച്ചുപേര്‍ മാത്രം ആക്ടിവിസ്റ്റുകള്‍ എന്നു പറയുമ്പോള്‍ അതിനകത്ത് വേറൊന്തോ ഉദ്ദേശമുണ്ട്. പ്രത്യേക താല്‍പര്യങ്ങളാണ് അതിലുള്ളത്. ഇവര്‍ പ്രഖ്യാപിക്കണം ഞങ്ങളാരും രാഷ്ട്രീയക്കാരല്ലയെന്ന്. അല്ലാത്തപക്ഷം അവരും ആക്ടിവിസ്റ്റുകളാണ്.
DoolNews Video