സ്തനാര്‍ബുദം വരാതെ നോക്കാം; ശ്രദ്ധിക്കേണ്ടതെന്തൊക്കെ
Health
സ്തനാര്‍ബുദം വരാതെ നോക്കാം; ശ്രദ്ധിക്കേണ്ടതെന്തൊക്കെ
ഡോ. അജ്മല്‍ ഷെരീഫ്
Thursday, 23rd February 2023, 12:35 pm

കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുവമധികം കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. ലോകമെമ്പാടുമായി പ്രതിവര്‍ഷം 2.1 ദശലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ബാധിക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. വര്‍ഷം തോറും സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസമായി ആചരിച്ചുവരുന്നു. അഞ്ചു ലക്ഷണങ്ങളാണു സ്തനാര്‍ബുദത്തിന്റെതായി കരുതേണ്ടത്. സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന വേദനയില്ലാത്ത തെന്നി മാറാത്ത മുഴകള്‍ ആണു പ്രധാന ലക്ഷണം. സ്തനഞെട്ടുകളില്‍ നിന്നു രക്തം കലര്‍ന്നതോ അല്ലാത്തതോ ആയ സ്രവം, രണ്ടു സ്തനങ്ങളും തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസം, മുലഞെട്ടുകള്‍ അകത്തേക്കു വലിഞ്ഞിരിക്കുക, സ്തനചര്‍മത്തിലെ തടിപ്പുകളും പാടുകളും എന്നിവ കണ്ടാല്‍ ഡോക്ടറെ സമീപിച്ചു കാന്‍സര്‍ ഉണ്ടോയെന്നു പരിശോധിച്ചറിയേണ്ടതാണ്.

ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുതലായവര്‍ക്കു രോഗ സാധ്യത കൂടുതലാണ്

1. മുപ്പതു വയസ്സിനു ശേഷം ആദ്യ പ്രസവം നടന്നവരില്‍

2.ഗര്‍ഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കുറവായിരിക്കും. പ്രസവിക്കാത്തവര്‍ക്കും മുലയൂട്ടാത്തവര്‍ക്കും ഈസ്ട്രജന്‍ കുറയുന്ന സമയം ഉണ്ടാവുകയില്ല. അതിനാല്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.

3. 11 വയസ്സിനു മുന്‍പ് ആദ്യ ആര്‍ത്തവം വന്നവരിലും 50 വയസ്സിനുശേഷം ആര്‍ത്തവ വിരാമം സംഭവിച്ചവരിലും.

4. അടുത്ത രകക്തബന്ധമുള്ളവരില്‍, പ്രത്യേകിച്ച് അമ്മ, സഹോദരി, ഇവരില്‍ ആര്‍ക്കെങ്കിലുമോ, രണ്ടു പേര്‍ക്കോ സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ രോഗസാധ്യത കൂടുതലാണ്

5. അമിത മദ്യപാനശീലവും പുകവലിയും പ്രത്യേകിച്ച് ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത ഉയര്‍ന്നതാണെന്ന്
പഠനങ്ങള്‍ വ്യക്തമാക്കുന്നു.

6. ആരോഗ്യകരമായ ഭക്ഷണക്രമം ഒഴിവാക്കുന്നത്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം സ്തനാര്‍ബുദം വരാനുള്ള സാധ്യത ഉയര്‍ത്തുന്നതാണ്

7. നീണ്ടുനില്‍ക്കുന്ന ഹോര്‍മോണ്‍ തെറാപ്പിയുടെ ഉപയോഗം സ്തനാര്‍ബുദസാധ്യതകളെ ഉയര്‍ത്തും.

ഗര്‍ഭ നിരോധന ഗുളികള്‍ അമിതമായി കഴിക്കുന്നതും ഇതിന് കാരണമായേക്കാം. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള ഹോര്‍മോണ്‍ തെറാപ്പികളുടെ ഗുണദോഷങ്ങളെക്കുറിച്ച് ഡോക്ടറുമായി വിശദമായ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. സ്വയം പരിശോധനയും ക്ലിനിക്കല്‍ പരിശോധനയും സ്തനാര്‍ബുദം തിരിച്ചറിയുന്നതിന്റെ ആദ്യപടിയാണ് സ്വയം പരിശോധന. നിങ്ങളുടെ സ്തനങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങളെ പോലും കൃത്യമായി നിരീക്ഷിക്കണം. ഒരു കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് ഇരു മാറിടങ്ങളും

സൂക്ഷ്മതയോടെ പരിശോധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ സ്വയമൊരു ക്ലിനിക്കല്‍ പരിശോധനയ്ക്ക് വിധേയമായി ഇതിന്റെ സാധ്യതകളെ കണ്ടെത്താന്‍ ശ്രമിക്കുക.

മാമോഗ്രാം ടെസ്റ്റുകള്‍
എക്‌സ്-റേ രൂപത്തിലുള്ള സ്തനത്തിന്റെ ടെസ്റ്റാണ് മാമോഗ്രാം. ക്യാന്‍സറിനെ നേരത്തേ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ഇത് കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നത് വഴി സ്തനങ്ങളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളെ നേരത്തെ കണ്ടെത്താന്‍ കഴിയുന്നു. ടെസ്റ്റുകള്‍ പതിവായി ചെയ്യുകയാണെങ്കില്‍ ലക്ഷണങ്ങള്‍ അനുഭവിപ്പെടുന്നതിന് മുന്‍പ് തന്നെ ക്യാന്‍സറിനെ കണ്ടെത്താന്‍ സാധിക്കും. സാധ്യതകളെ കണ്ടെത്താന്‍ ശ്രമിക്കുക.

മാമോഗ്രാമുകള്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടത് എപ്പോഴെല്ലാം?
പ്രായം 40-49 : ഉചിതമായ കൗണ്‍സിലിങ്ങിന് ശേഷം ഓരോ സ്ത്രീകളും വര്‍ഷം തോറും അല്ലെങ്കില്‍ 2 വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ടെസ്റ്റുകള്‍ ചെയ്യാന്‍ ആരംഭിക്കണം. പ്രായം 50-74: 2 വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ടെസ്റ്റുകള്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു

സാധ്യത കൂടുതലുള്ള സ്ത്രീകള്‍
കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുന്‍പ് ക്യാന്‍സര്‍ രോഗം ഉണ്ടായിട്ടുള്ളവര്‍ തുടങ്ങിയവരെല്ലാം ആരോഗ്യ വിദഗ്ധരുമായി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം നേരത്തെ തന്നെ മാമോഗ്രാം സ്‌ക്രീനിങ് ടെസ്റ്റുകള്‍ ആരംഭിക്കേണ്ടതുണ്ട്. നേരത്തെ തിരിച്ചറിഞ്ഞാല്‍, സ്തനാര്‍ബുദത്തിന്റെ അതിജീവന നിരക്ക് വളരെ ഉയര്‍ന്നതാണ് എന്നറിയുക. അതുകൊണ്ടുതന്നെ വര്‍ഷംതോറുമുള്ള നിങ്ങളുടെ ആരോഗ്യ പരിശോധനയ്ക്കിടെ ഇതിനനുയോജ്യമായ പരിശോധനകള്‍ ചെയ്യുന്നതിന്റെ പ്രാധാന്യവും ഉറപ്പാക്കേണ്ടതുണ്ട്.

കാന്‍സര്‍ വിദഗ്ധനും കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റുമാണ് ഡോ. അജ്മല്‍ ഷെരീഫ്

Content Highlight: dr ajmal sherif writes about breast cancer

ഡോ. അജ്മല്‍ ഷെരീഫ്
കാന്‍സര്‍ വിദഗ്ധനും കോഴിക്കോട്ടെ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റുമാണ്