കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ സീനാ ഭാസ്‌ക്കറുടെ ആരോപണത്തിന് പിന്നാലെ മരണദിവസം സംഭവിച്ച കാര്യങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ഡോക്ടര്‍മാര്‍.
കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ അസീസ്. ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചത്. അങ്ങനെയാണ് കൂടെയുള്ളവര്‍ അറിയിച്ചത്. കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങള്‍ വച്ച് ചികിത്സ നല്‍കിയത്. പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. അതുകൊണ്ടുതന്നെ, കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മരിച്ചപ്പോള്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് പോസ്റ്റമോര്‍ട്ടം വേണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പോകാന്‍ ബ്രിട്ടോ സമ്മതിച്ചില്ലെന്ന് കൂടെയുള്ളവര്‍ പറഞ്ഞുവെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്ില്‍ പറയുന്നു.
സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്നും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞിരുന്നു.
ബ്രിട്ടോയുടെ മരണം സംബന്ധിച്ച് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് അവസാന ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയണമെന്നും അവര്‍ പറഞ്ഞിരുന്നു.