| Sunday, 26th February 2023, 10:36 pm

ആഗോള വാണിജ്യ സമ്മേളനമായ ഡയര്‍ ടു ഓവര്‍കമ്മിന്റെ ഉപദേശകനായി മലയാളിയായ ഡോ. അബ്ബാസ് പനക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയോടനുബന്ധിച്ചുള്ള ആഗോള വാണിജ്യ സമ്മേളനമായ ഡയര്‍ ടു ഓവര്‍കമ്മിന്റെ ഉപദേശകനായി മലയാളിയായ ഡോ. അബ്ബാസ് പനക്കലിനെ നിയമിച്ചു. വാഷിങ്ടണിലെ ആസ്ഥാനത്ത് നിന്ന് ഡയര്‍ ടു ഓവര്‍കം ചെയര്‍മാന്‍ ഡോ. ബ്രയാന്‍ ഗ്രിമാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ഇംഗ്ലണ്ടിലെ സര്‍റി സര്‍വകലാശായിലെ റിലീജിയസ് ലൈഫ് ആന്‍ഡ് ബിലീഫ് സെന്റര്‍ ഉപദേശകനാണ് ഡോ. അബ്ബാസ് പനക്കല്‍. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റി 2016ല്‍ ഇദ്ദേഹത്തിന് ഗവേഷണ ഫെലോഷിപ്പ് നല്‍കിയിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള കങ് അബ്ദുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ആന്‍ഡ് ഇന്റര്‍ കള്‍ച്ചറല്‍ ഡയലോഗിലെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് ഡോ. അബ്ബാസ് പനക്കല്‍.

സാമൂഹിക സാമ്പത്തിക ഉയര്‍ച്ചയുടെ പുതിയ പാഠങ്ങള്‍ ലോകത്തിന് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബര്‍ 17 മുതല്‍ 19 വരെ ന്യൂദല്‍ഹിയിലാണ് ഡെയര്‍ ടു ഓവര്‍കം തുടങ്ങുന്നത്. ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്ന സഹചര്യത്തിലാണ് ഡയര്‍ ടു ഓവര്‍ക്കം എന്ന അന്താരാഷ്ട്ര വാണിജ്യ സൗഹൃദ സമ്മേളനം അവതരിപ്പിക്കുന്നത്.

ഡോ. അബ്ബാസ് പനക്കല്‍(ചിത്രങ്ങള്‍- അഖില്‍ കോമാച്ചി)

ജോലിസ്ഥലത്തെ ബഹുസ്വരതയും മതേതര കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഡയര്‍ ടു ഓവര്‍കം ഫൗണ്ടേഷന്റെ ലക്ഷ്യം.
ജപ്പാന്‍, കൊറിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് നേരത്തെ ഇത്തരം സമ്മേളനങ്ങള്‍ നടന്നത്. പ്രസിഡന്റുമാരാണ് ഓരോ രാജ്യത്തും സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

ഇന്ത്യയുടെ ‘നാനാത്വത്തില്‍ ഏകത്വം’ വാണിജ്യ വ്യാവസായിക മേഖലയിലെ തൊഴിലിടങ്ങളിലേക്ക് എത്തിക്കുകയും ജീവനക്കാര്‍ക്ക് സൗഹൃദപരമായ തൊഴിലിടങ്ങള്‍ സാധ്യമാക്കുകയുമാണ് പരിപാടിയുടെ മുദ്രാവാക്യം.

വിദഗ്ധ ഗവേഷണം, പരിശീലന പരിപാടികള്‍, പ്രായോഗിക സെഷനുകള്‍ എന്നിവയിലൂടെ വിജയകരമായ എന്റര്‍പ്രൈസ്, ചലനാത്മക സമ്പദി വ്യവസ്ഥ എന്നിവ തമ്മിലുള്ള നിര്‍ണായക ബന്ധം ശക്തിപ്പെടുത്താന്‍ കൂട്ടായ്മ സഹായിക്കും.

Content Highlight: Dr. Abbas Panakal appointed as an advisor to the global business conference Dear to Overcome

We use cookies to give you the best possible experience. Learn more