തിരുവനന്തപുരം: 900 വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നീക്കം നടത്തുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സി.ബി.എസ്.സി/ ഐ.സി.എസ്.ഇ/അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കൊന്നും അംഗീകാരം നല്‍കുകയോ അംഗീകാരത്തിനായി അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നും ഡി.പി.ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
900 സംഘപരിവാര്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിക്കു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി സുപ്രഭാതം ഓണ്‍ലൈന്‍ വാര്‍ത്തയും നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ച് ഡി.പി.ഐ തന്നെ രംഗത്തെത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുന്‍കാലങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന അനധികൃത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
Dont Miss: മെര്‍സല്‍ കഴിഞ്ഞു ഇനി പത്മാവതി; ദീപിക ചിത്രം പത്മാവതിയുടെ റിലീസ് തടയണമെന്ന് ബി.ജെ.പി
“സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചു വരികയാണ്. അടുത്ത അദ്ധ്യായനവര്‍ഷം അംഗീകാരമില്ലാത്ത ഒറ്റ സ്‌കൂള്‍പോലും സംസ്ഥാനത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുമ്പോള്‍ ഇത്തരം വ്യാജപ്രരണങ്ങളില്‍ വിശ്വസിക്കരുതെന്നും” ഡി.പി.ഐ അഭ്യര്‍ത്ഥിച്ചു.