തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്‌കൂളുകൡും ആഘോഷിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് കാവിവത്കരണം നടത്തുകയാണെന്ന വിമര്‍ശനം ഉയരുമ്പോഴാണ് കേരളത്തിലെ സ്‌കൂളുകളിലും ജന്മശതാബ്ദി ആഘോഷിക്കാനുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയിരിക്കുന്നത്.
“പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യു.പി ക്ലാസ്സുകളിലും സെക്കന്ററി ക്ലാസ്സുകളിലും നടത്തുന്നതു സംബന്ധിച്ച സര്‍ക്കുലറും മാര്‍ഗ്ഗരേഖയും ഈ കത്തിനോടൊപ്പം അയക്കുന്നു. ആയതിലേക്ക് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കണ”മെന്നാണ് ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്.
ജന്മശതാബ്ദി ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.പി.ഐയുടെ സര്‍ക്കുലറെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ കേരളത്തിലെ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ സ്‌കൂളില്‍ നടത്തണമെന്ന സര്‍ക്കുലറിന്റെ വിശദാംശങ്ങളും പുറത്ത് വരുന്നത്.
വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകമായിരുന്നു കഴിഞ്ഞദിവസം സ്‌കൂളുകളില്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ പുസ്തക വിതരണം സര്‍ക്കാര്‍ അനുമതിയോടെയല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.
ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തി.