വാഷിങ്ടൺ: യു.എസ് സേനയിലെ 78 ശതമാനം ഉദ്യോഗസ്ഥരും സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് സംശയിക്കുന്നതായി യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ.
കഴിഞ്ഞ വർഷം സർവീസിൽ ഉണ്ടായിരുന്ന 44 പേർ തീവ്രവാദത്തെ പിന്തുണക്കുന്നവരോ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ആയിരുന്നുവെന്ന സംശയവും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നവംബർ 30നാണ് പെന്റഗണിന്റെ വാർഷിക റിപ്പോർട്ട് പുറത്തുവന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അമേരിക്കൻ സേനയിലെ മുഴുവൻ ശാഖകളിലുമായി ഉണ്ടായിരുന്ന തീവ്രവാദ ആരോപണങ്ങൾ 25 ശതമാനം വർധിച്ചതായും റിപ്പോർട്ട് കണ്ടെത്തി. 183 തീവ്രവാദ ആരോപണങ്ങളാണ് ഈ വർഷം ഉയർന്നത്.
തീവ്രവാദത്തെ പിന്തുണക്കുന്നതിന് പുറമേ, രാഷ്ട്രീയ നേട്ടങ്ങൾക്കായി കൂട്ടമായ ക്രിമിനൽ പ്രവർത്തനങ്ങൾ, വിവേചനം, ആക്രമണങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കേസുകളും പെന്റഗണിന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിൽ വന്ന 2021 മുതൽ പെന്റഗൺ എം.പിമാർക്ക് തീവ്രവാദം സംബന്ധിച്ച ഡാറ്റ പുറത്തുവിടുന്നുണ്ട്.
2021 ജനുവരിയിൽ ബൈഡന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയം അട്ടിമറിക്കാൻ യു.എസ് ക്യാപിറ്റോളിലുണ്ടായ കലാപത്തിൽ മുൻ സൈനിക ഉദ്യോഗസ്ഥരും നിലവിൽ സേനയിൽ ചുമതല വഹിക്കുന്നവരും പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പെന്റഗൺ റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങിയത്.
പെന്റഗണിന്റെ വാർഷിക തീവ്രവാദ റിപ്പോർട്ട് പ്രകാരം യു.എസിലെ മുഴുവൻ സൈനിക സേനകളിൽ യു.എസ് ആർമിക്കെതിരെയാണ് ഏറ്റവും കൂടുതൽ ആരോപണങ്ങളുള്ളത്. 130 കേസുകളാണ് ആർമി സൈനികർക്കെതിരെയുള്ളത്. വ്യോമസേനയിൽ 29 കേസുകളും നാവിക സേനയിലും മറൈൻ സേനയിലും പത്ത് വീതം കേസുകളുമാണുള്ളത്.
ആരോപണങ്ങളിൽ 30 ശതമാനം കഴമ്പില്ലാത്തതാണെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
Content Highlight: Dozens of US soldiers want to overthrow government – Pentagon