ട്രിപ്പോളി: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 40 ഓളം ലിബിയന്‍ അഭയാര്‍ത്ഥികളെ ബോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് ഇറ്റാലിയന്‍ നാവിക സേനയാണ് ഇവരുടെ ബോട്ട് കണ്ടെടുത്തത്. 320 പേരെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ ദ്വീപായ ലംപേഡുസയുടെ സമീപത്തായാണ് ബോട്ട് കണ്ടെടുത്തത്.
അഭയാര്‍ത്ഥികളെ കുത്തി നിറച്ച് പോയ ബോട്ടില്‍ ശ്വാസം മുട്ടിയും എന്‍ജിനില്‍ നിന്നുമുള്ള പുക ശ്വസിച്ചുമാണ് ഇത്രയധികം പേര്‍ മരിക്കാന്‍ കാരണം. മതിയായ സൗകര്യങ്ങളില്ലാതെയാണ് അഭയാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ലിബിയയില്‍ നിന്നും മറ്റ് സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നത് അനധികൃത മാര്‍ഗങ്ങളിലായതിനാല്‍ നേരത്തെ നിരവധി തവണ സമാനമായ ദുരന്തങ്ങള്‍ സംഭവിച്ചിരുന്നു.
ഈ വര്‍ഷം ലിബിയ, സിറിയ എന്നിവിടങ്ങളില്‍ നിന്നായി 250,000 ത്തോളം പേര്‍ യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ബോട്ട് മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2000 അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മരണപ്പെട്ടിട്ടുള്ളത്.