| Thursday, 9th November 2017, 9:57 am

ശ്രീലങ്കന്‍ സര്‍ക്കാര്‍ തടവിലിട്ട് ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ഒരുകൂട്ടം തമിഴ് യുവാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണവുമായി തമിഴ് വംശജരായ 50ലേറെ യുവാക്കള്‍. തങ്ങള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും ഇവരില്‍ ചിലര്‍ ആരോപിക്കുന്നു. ഇവരിപ്പോള്‍ യൂറോപ്പില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.

വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് തമിഴ് യുവാക്കള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്നത്. പീഡനത്തിന് ഇരയായ 20 യുവാക്കളുടെ മൊഴിയുടെയും 32 മെഡിക്കല്‍, സൈക്കോളജിക്കല്‍ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2016 ന്റെ തുടക്കം മുതല്‍ 2017 ജൂലൈ വരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ സേനയുടെ പീഡനങ്ങള്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 26 വര്‍ഷക്കാലം ശ്രീലങ്കന്‍ സര്‍ക്കാറിനെ എതിരിട്ട ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈളം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവാക്കളെ കസ്റ്റിയില്‍ എടുത്തത്.

കസ്റ്റഡിയിലുണ്ടായിരുന്ന പലരും കടുവയുടേത് പോലുള്ള തൊലിധരിച്ചിരുന്നെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.

റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ സംഭവത്തെ അപലപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്തുവന്നതായി കൊളംബോ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, യുദ്ധവേളയില്‍ ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ യുദ്ധക്കുറ്റകൃത്യം നടത്തിയെന്ന ആരോപണങ്ങളില്‍ ശ്രീലങ്ക ഇതുവരെ അന്വേഷണം നടത്തിയില്ല എന്ന വിമര്‍ശനമുയരുമ്പോഴാണ് പുതിയ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് യു.എന്‍ ഹൈകമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more