മാധ്യമപ്രവര്‍ത്തകരെ ഗസയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ അനുവദിക്കണം; ഇസ്രഈലിനോട് ആവശ്യവുമായി പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍
World News
മാധ്യമപ്രവര്‍ത്തകരെ ഗസയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ അനുവദിക്കണം; ഇസ്രഈലിനോട് ആവശ്യവുമായി പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 9:11 am

ജെറുസലേം: ഗസയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഇസ്രഈലിനോട് ആവശ്യവുമായി പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ. 60ലധികം മാധ്യമങ്ങളും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും ഒപ്പുവെച്ച കത്താണ് ഇസ്രഈലിന് സമര്‍പ്പിച്ചത്.

ഗസയിലേക്ക് വിദേശ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇസ്രഈല്‍ അധികാരികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് അതിനുള്ള സ്വതന്ത്ര അവകാശം നല്‍കണമെന്നും കത്തില്‍ ഇവര്‍ അഭ്യര്‍ത്ഥിച്ചു.

ഗസയില്‍ പ്രവേശിക്കുന്നവരെ സംബന്ധിച്ച് ഇസ്രഈല്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ഐ, ബ്ലൂംബെര്‍ഗ് എന്‍.ബി.സി, എന്‍.പി.ആര്‍, സി.ബി.എസ്, ദി ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂ യോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളാണ് കത്തില്‍ ഒപ്പുവെച്ചത്.

ഇസ്രഈല്‍ സൈന്യത്തിന്റെ കര്‍ശന നിയന്ത്രണത്തില്‍ മാത്രമാണ് നിലവില്‍ ഗസയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്. സൈന്യത്തിന്റെ വാഹനങ്ങളില്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗസയിലേക്ക് കടക്കാന്‍ സാധിക്കുന്നുള്ളൂ.

ഇസ്രഈല്‍ സൈന്യം തെരഞ്ഞെടുക്കുന്ന ചില പ്രത്യേക മാധ്യമങ്ങള്‍ക്ക് മാത്രമേ ഗസയിലേക്ക് പ്രവേശനം ലഭിക്കുന്നുള്ളൂ എന്നും ഇവര്‍ കത്തില്‍ പറഞ്ഞു. വിദേശ മാധ്യമങ്ങള്‍ക്ക് ഗസയിലേക്ക് ഉടനടി സ്വതന്ത്രമായ പ്രവേശനം അനുവദിക്കണമെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഗസയിലെ സിവിലിയന്‍മാരായ പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ബാധ്യതകള്‍ ഇസ്രഈല്‍ പാലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

അതിനിടെ, ഗസയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഇപ്പോഴും തുടരുകയാണ്. ഒരു ദിവസം മാത്രം ഗസയില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരെങ്കിലും ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഗസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷം 158ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മിഡില്‍ ഈസ്റ്റ് ഐയുടെ മാധ്യമപ്രവര്‍ത്തക മഹാ ഹുസൈനിക്ക് ദി ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്റെ കറേജ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ് ലഭിച്ചിരുന്നു. അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്കക്ക് നല്‍കിയ വംശഹത്യ കേസിന് ഈ റിപ്പോര്‍ട്ടായിരുന്നു തെളിവായി നല്‍കിയിരുന്നത്.

എന്നാല്‍ യഹൂദവിരുദ്ധയാണെന്ന ആരോേപണങ്ങളെ തുടര്‍ന്ന് സംഘടന പിന്നീട് അവാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു.

ഗസയില്‍ നിലവില്‍ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ് മാത്രമാണ് അനുവദിക്കുന്നതെന്നും കത്തില്‍ ഒപ്പുവെച്ച മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കൊല, കൂട്ടക്കൊല തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Dozens of major news organisations urge Israel to allow open access to Gaza