| Monday, 15th November 2021, 8:24 am

എക്വഡോറിലെ ജയിലില്‍ കലാപം; 68 തടവുകാര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വിറ്റോ: എക്വഡോറിലെ ജയിലില്‍ വീണ്ടും കലാപം. ജയിലിലെ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 68 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തെക്കെ അമേരിക്കന്‍ രാജ്യമായ എക്വഡോറിലെ ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിനുമുമ്പും ഈ ജയിലില്‍ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെക്‌സിക്കന്‍ കുറ്റവാളിസംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയുമായി ബന്ധമുള്ള കുറ്റവാളികളാണ് ഏറ്റുമുട്ടിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം ഇതേ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 116 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു.

ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍നിന്നും തോക്കുകളും സ്‌ഫോടകവസ്തുക്കളും വാളുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പൊലീസെത്തിയാണ് സംഘർഷം  നിയന്ത്രിച്ചത്.
ജയിലില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ മാഫിയാസംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പുതിയ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് എക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസ്സോ പറഞ്ഞു. രാജ്യത്തെ സായുധസേനകളുടെ ശക്തി വര്‍ധിപ്പിക്കാന്‍ യു.എസും യൂറോപ്യന്‍ യൂണിയനും അടക്കം പിന്തുണ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എക്വഡോറിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം തടവുകാര്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള കാരണമായി പറയപ്പെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Dozens of inmates die in a battle between prison gangs in Ecuador

We use cookies to give you the best possible experience. Learn more