സര്‍ക്കാരിന്റേതടക്കം 49 ഇസ്രഈലി കമ്പനികളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഫലസ്തീന്‍ അനുകൂല ഗ്രൂപ്പ്
World
സര്‍ക്കാരിന്റേതടക്കം 49 ഇസ്രഈലി കമ്പനികളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഫലസ്തീന്‍ അനുകൂല ഗ്രൂപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 10:48 am

ഗസ: ഇസ്രഈലിലെ 49 സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഫലസ്തീന്‍ അനുകൂല ഹാക്കര്‍മാര്‍. ഗസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരായി ഇസ്രഈല്‍ നടത്തുന്ന കര-വ്യോമ ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് നടപടിയെന്നാണ് സൂചന.

ഇസ്രഈലിലെ പ്രധാനപ്പെട്ട കമ്പനികളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇസ്രഈല്‍ ഇന്നൊവേഷന്‍ അതോറിറ്റി, ടൊയോട്ട ഇസ്രഈല്‍, സാമൂഹ്യക്ഷേമ-സുരക്ഷാ മന്ത്രാലയം, ഐ.കെ.ഇ.എ ഇസ്രായേല്‍, സൈബര്‍ സെക്യൂരിറ്റി, ജിയോ ഇന്റലിജന്‍സ് കമ്പനിയായ മാക്സ് സെക്യൂരിറ്റി എന്നിവയുള്‍പ്പെടെ 49 ഇസ്രഈലി കമ്പനികളുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ഫാല്‍ക്കണ്‍ ഫീഡ്സിയോ പറയുന്നത് പ്രകാരം വലിയ രീതിയിലുള്ള ഡാറ്റ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്.

‘ഈ കമ്പനികളുടെയെല്ലാം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സിഗ്‌നേച്ചര്‍-ഐ.ടി എന്ന ഒരൊറ്റ ഹോസ്റ്റിംഗ് കമ്പനിയെ ആണ് അവര്‍ ലക്ഷ്യം വെച്ചത്. കൂടാതെ ഇസ്രഈലി സ്ഥാപനങ്ങളുടെ ഡാറ്റകള്‍ മോഷ്ടിക്കപ്പെട്ടതായാണ് അറിയുന്നത്’ ഫാല്‍ക്കണ്‍ ഫീഡ്സിയോ എക്‌സില്‍ കുറിച്ചു.

ഇസ്രഈല്‍ അധിനിവേശ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇ-കൊമേഴ്സ്, വെബ്സൈറ്റ് ഹോസ്റ്റിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സിഗ്നേച്ചര്‍ ഐ.ടി.

‘സൈബര്‍ ടൗഫാന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് ഇസ്രഈല്‍ സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക ഹാക്കിങ് നടത്തിയത്. ഹാക്കിങ്ങിന് ശേഷം ഇവര്‍ തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

ഹാക്കിങ്ങില്‍ ഇസ്രഈലിന്റെ ആയിരത്തിലധികം സെര്‍വറുകള്‍ നശിപ്പിക്കുകയും നിരവധി ഏജന്‍സികളും കമ്പനികളുമായി ഇസ്രഈല്‍ നടത്തിയ 150 ഓളം ഇടപാടുകള്‍ ഇല്ലാതാക്കിയതായും സൈബര്‍ ടൗഫല്‍ പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ അവസാനത്തിലും സമാനമായ ഹാക്കിങ് നടന്നിരുന്നു. അന്നും ഇസ്രഈലിന്റെ നിരവധി വെബ്‌സൈറ്റുകളും മാധ്യമ സ്ഥാപനങ്ങളുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്.

മാത്രമല്ല ഇസ്രഈലിന്റെ സൈനികകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും സംഘം ഹാക്ക് ചെയ്യുകയും സൈബര്‍ ടൗഫാന്റെ ടെലിഗ്രാം അക്കൗണ്ടിലേക്ക് ഡാറ്റകള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇസ്രഈല്‍ സൈന്യം റിസര്‍വ് സൈനികരായി മാറ്റിവെക്കപ്പെട്ട സൈനികരുടെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ട ഡാറ്റയില്‍ ഉള്‍പ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ടെലിഗ്രാം അക്കൗണ്ടില്‍ ഇവര്‍ തന്നെ പുറത്തിറക്കിയ ഒരു വീഡിയോയില്‍ ഇസ്രഈലി സൈനികരുടെ പേരുകളും അവരുടെ റാങ്കുകളും നമ്പറുകളും ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളും ഏതൊക്കെയാണെന്ന് വിശദമാക്കുന്ന ഒരു വീഡിയോയും ഇവര്‍ പുറത്തുവിട്ടിരുന്നു.

അതേസമയം ഗസയില്‍ ഇസ്രഈല്‍ കര-നാവിക യുദ്ധം തുടരുകയാണ്. ആക്രമണത്തില്‍ ഇതുവരെ 21000 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 55,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗസയില്‍ സമ്പൂര്‍ണ ഉപരോധമാണ് ഇസ്രഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം വരുന്ന ഫലസ്തീനികള്‍ കുടിവെള്ളവും ഭക്ഷണവും ചികിത്സയും ലഭ്യമാകാതെ ദുരന്തമുഖത്തുണ്ട്.

Content Highlight: Dozens of high-profile Israeli firms’ websites hacked by pro-Palestinian group