ന്യൂദൽഹി: സ്ത്രീധന മരണങ്ങൾ ഗുരുതരമായ സാമൂഹിക ആശങ്കയായി തുടരുന്നത് നിർഭാഗ്യകരമാണെന്നും അത്തരം കേസുകളിൽ ജാമ്യം അനുവദിച്ച സാഹചര്യങ്ങൾ ആഴത്തിൽ പരിശോധിക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി. സ്ത്രീധന മരണ കേസുകളുടെ സാമൂഹിക ആഘാതത്തെക്കുറിച്ച് കോടതികൾ ശ്രദ്ധാലുവായിരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ഇന്നത്തെ സമൂഹത്തിൽ സ്ത്രീധന മരണങ്ങൾ ഗുരുതരമായ ഒരു സാമൂഹിക ആശങ്കയായി തുടരുന്നു എന്നത് നിർഭാഗ്യകരമാണ്. ഞങ്ങളുടെ അഭിപ്രായത്തിൽ, ഈ കേസുകളിൽ ജാമ്യം അനുവദിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്താൻ കോടതികൾ ബാധ്യസ്ഥരാണ്,’ ബെഞ്ച് പറഞ്ഞു.
തുടർന്ന് വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, അവരുടെ ഭർതൃ മാതാപിതാക്കൾക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. 2024 ജനുവരിയിലായിരുന്നു യുവതിയെ ഭർതൃ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2022ലായിരുന്നു യുവതി വിവാഹിതയായത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ യുവതിയെ തുടർച്ചയായി ഉപദ്രവിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞയുടനെ യുവതികൾക്ക് ഭർതൃ വീടുകളിൽ വെച്ച് ജീവൻ നഷ്ടപ്പെടുന്ന കേസുകളിൽ, പ്രത്യേകിച്ച് സ്ത്രീധനത്തിന്റെ പേരിൽ തുടർച്ചയായ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ, കർശനമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
‘ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്ത പ്രധാന കുറ്റവാളികളെ ജാമ്യത്തിൽ തുടരാൻ അനുവദിക്കുന്നത് തെറ്റാണ്. കേസുകളിലെ തെളിവുകൾ സൂചിപ്പിക്കുന്നത് കുറ്റവാളികൾ യുവതികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ്. ഇത്തരത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് വിചാരണയുടെ നീതിപൂർവകതയെ മാത്രമല്ല, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസത്തെയും ദുർബലപ്പെടുത്തും,’ ബെഞ്ച് പറഞ്ഞു.
കുറ്റകൃത്യത്തിന്റെ ഗൗരവമേറിയ സ്വഭാവവും അത് ഉണ്ടാക്കുന്ന ദീർഘകാല ദോഷവും കണക്കിലെടുത്ത് ഐ.പി.സിയിലെ സെക്ഷൻ 304 ബി (സ്ത്രീധന മരണം) ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ മാനദണ്ഡങ്ങൾ നിര്ദേശിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ഇത്തരം കേസുകളിൽ കോടതി പുറപ്പെടുവിക്കുന്ന വിധി സാമൂഹിക പ്രതിബന്ധതയുള്ള സന്ദേശം വളരെ പ്രധാനപ്പെട്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് രണ്ട് വർഷത്തിനുള്ളിൽ ഒരു യുവ വധു സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചാൽ, ആ കേസിൽ ജുഡീഷ്യറി കൂടുതൽ ജാഗ്രതയും ഗൗരവവും പുലർത്തണമെന്നും കോടതി പറഞ്ഞു.
നിരവധി നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന ഒരു കുറ്റകൃത്യം സാധാരണവത്ക്കരിക്കപ്പെടാതിരിക്കാൻ കോടതികൾ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
Content Highlight: Dowry deaths remain a grave concern’: SC cancels bail to two