| Tuesday, 3rd December 2024, 7:52 pm

സ്ത്രീധനപീഡന പരാതി; സി.പി.ഐ.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി. ബാബുവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സ്ത്രീധനപീഡന പരാതിയില്‍ സി.പി.ഐ.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി. ബാബുവിനെതിരെ കേസ്. കരിയിലകുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്.

പങ്കാളിയായ മിനിസ നല്‍കിയ പരാതിയിലാണ് കേസ്. 2018 മുതല്‍ 2023 വരെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് പരാതി. നേരത്തെ ബിപിനെതിരെ സി.പി.ഐ.എമ്മില്‍ മിനിസ പരാതി നല്‍കുകയും പാര്‍ട്ടി നടപടി എടുക്കുകയുമെല്ലാം ചെയ്തിരുന്നു.

നിലവില്‍ പാര്‍ട്ടിക്ക് മുമ്പാകെയുണ്ടായിരുന്ന പരാതി പൊലീസില്‍ എത്തുകയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയുമാണ് ഉണ്ടായത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബിപിന്‍ സി. ബാബു കേസിലെ ഒന്നാം പ്രതിയും പ്രസന്ന കുമാരി രണ്ടാം പ്രതിയുമാണ്. തന്റെ പിതാവില്‍ നിന്ന് ബിപിന്‍ 10 ലക്ഷം രൂപ സ്ത്രീധനമായി വെടിച്ചുവെന്നും സ്ത്രീധനത്തിനായി ദേഹോപദ്രവം നടത്തിയെന്നുമാണ് പരാതി.

അയണ്‍ ബോക്‌സ് ഉപയോഗിച്ച് അടിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മിനിസ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ബിപിന്‍ സി. ബാബു ബി.ജെ.പിയില്‍ ചേര്‍ന്നത്. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരിക്കെയാണ് സി.പി.ഐ.എം വിട്ടത്.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിപിന് അംഗ്വതം നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ബിപിന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് കൂടുതല്‍ സി.പി.ഐ.എം നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ബിപിന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം വരുന്നുവെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ മറുപടി.

Content Highlight: Dowry Abuse Complaint; Case against Bipin C. Babu who left CPIM and joined BJP

We use cookies to give you the best possible experience. Learn more