പതനത്തിന്റെ പാതയില്‍ ശ്രീലങ്കയും ശ്രീലങ്കന്‍ ക്രിക്കറ്റും
Sports News
പതനത്തിന്റെ പാതയില്‍ ശ്രീലങ്കയും ശ്രീലങ്കന്‍ ക്രിക്കറ്റും
ആദര്‍ശ് എം.കെ.
Saturday, 19th March 2022, 6:42 pm

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷത്തിന്റെ 26ാം വാര്‍ഷികം. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ മൈറ്റി ഓസീസ് എന്ന മാര്‍ക് ടെയ്‌ലറിന്റെ കങ്കാരുപ്പടയെ ചുരുട്ടിക്കെട്ടി അര്‍ജുന രണതുംഗയും സംഘവും വിശ്വ വിജയികളായത് 1996ലെ മാര്‍ച്ച് 17നായിരുന്നു.

അരവിന്ദ ഡി സില്‍വയെന്ന ക്രിക്കറ്റ് ലെജന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ അടിപതറി കിരീടം സിംഹളപ്പടയുടെ കാല്‍ക്കല്‍ വെക്കുകയായിരുന്നു ദി മൈറ്റി ഓസീസ്.

ലോകകപ്പിലെ ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തുകയും, ഫൈനലില്‍ ടെയ്‌ലര്‍, മൈക്കിള്‍ ബെവന്‍, സ്റ്റീവ് വോ, മാര്‍ക് വോ, റിക്കി പോണ്ടിംഗ്, ഗ്ലെന്‍ മക്ഗ്രാഥ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയവരടങ്ങിയ കരുത്തുറ്റ കങ്കാരുപ്പടയെ തകര്‍ക്കുകയും ചെയ്തായിരുന്നു ശ്രീലങ്ക ലോകകപ്പില്‍ മുത്തമിട്ടത്.

ഏറെ പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നായിരുന്നു അന്ന് ശ്രീലങ്ക കുതിച്ചു കയറിയത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ശ്രീലങ്കയും ചേര്‍ന്നായിരുന്നു 1996 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ കേവലം രണ്ടാഴ്ച  മാത്രം ബാക്കി നില്‍ക്കെ കൊളംബോയില്‍ തമിഴ് പുലികള്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ 96 പേര്‍ മരിക്കുകയും 1500ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുമ്പില്‍ വലിയൊരു പ്രതിസന്ധിയായിരുന്നു ഉയര്‍ന്നുവന്നത്.


എന്നാല്‍, അയല്‍ക്കാരായ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സഹായത്തിനൊപ്പം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിശ്ചയദാര്‍ഢ്യം കൂടിയായപ്പോള്‍ പ്രതിസന്ധികളെ മറികടക്കുകയും, ലോകകപ്പ് ഷെഡ്യൂള്‍ ചെയ്ത പ്രകാരം നടക്കുകയുമായിരുന്നു.

ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്ക് പുറമെ സനത് ജയസൂര്യ, കലുവിതരാണ, അരവിന്ദ ഡി സില്‍വ, അസാംഗ ഗുരുസിംഹ, മര്‍വന്‍ അട്ടപ്പട്ടു, മുത്തയ്യ മുരളീധരന്‍ തുടങ്ങി എണ്ണം പറഞ്ഞ താരങ്ങളായിരുന്നു 96ലെ ക്രിക്കറ്റ് ശ്രീലങ്കയുടെ കരുത്ത്, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടം.

ശ്രീലങ്കന്‍ ക്രിക്കറ്റിലെ അടുത്ത തലമുറമാറ്റത്തിലും ഒട്ടനേകം താരങ്ങള്‍ ഉയര്‍ന്നുവന്നു. തങ്ങള്‍ക്ക് മുന്‍പേ നടന്നവര്‍ കൊളുത്തിവിട്ട ക്രിക്കറ്റ് സ്പിരിറ്റിനെ നെഞ്ചേറ്റിയാണ് കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, ചാമിന്ദ വാസ്, അജന്ത മെന്‍ഡിസ്, ലസിത് മലിംഗ, തിലകരത്‌ന ദില്‍ഷന്‍ തുടങ്ങിയ താരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ കൈ പിടിച്ചു നടത്തിയത്.

മികച്ച ഒട്ടനേകം മത്സരങ്ങളും, ടൂര്‍ണമെന്റ്-സീരീസ് വിജയങ്ങളും ഇവരുടെ കാലത്തുമുണ്ടായി. 2007ലെയും 2011ലെയും ശ്രീലങ്കയുടെ ലോകകപ്പ് സ്‌ക്വാഡ് എന്നും ഒരു ക്രിക്കറ്റ് പ്രേമിയെ ഹരം കൊള്ളിക്കാന്‍ പോന്നതാണ്.


എന്നാല്‍, ലങ്കന്‍ ക്രിക്കറ്റിലെ അടുത്ത ട്രാന്‍സിഷന്‍ പിരീഡിലാണ് കാര്യങ്ങള്‍ തലകീഴായി മറിയാന്‍ തുടങ്ങിയത്. സംഗയും ജയവര്‍ധനയുമടക്കമുള്ള തൊട്ടു മുന്‍പിലെ ജനറേഷനിലെ താരങ്ങള്‍ പടിയിറങ്ങിയതോടെ ക്രിക്കറ്റ് ശ്രീലങ്കയുടെ പതനം ആരംഭിക്കുകയായിരുന്നു. യോര്‍ക്കറുകളുടെ രാജകുമാരന്‍ ലസിത് മലിംഗ കൂടി ടീമില്‍ നിന്നും  ഇറങ്ങിയതോടെ പതനം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥയും എന്തായാലും ഞങ്ങള്‍ക്കെന്ത് എന്ന മനോഭാവവും ആ പതനത്തിന് കാരണമായി.


ബോര്‍ഡും സീനിയര്‍ താരങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. ക്രിക്കറ്റിലേക്ക് രാഷ്ട്രീയത്തിന്റെ കൈകടത്തല്‍ കൂടി ആയതോടെ സര്‍ക്കാര്‍ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ കൈയിലെ പാവയായി മാറാനായിരുന്നു ബോര്‍ഡിന്റെ വിധി.
ഭരണത്തിലെ ഈ പിടിപ്പുകേട് ടീം സെലക്ഷനെയും ബാധിച്ചു. ക്രിക്കറ്റിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് ശ്രീലങ്കയുടെതെന്നായിരുന്നു ഐ.സി.സി വിലയിരുത്തിയത്. ഇക്കാരണം കൊണ്ട് മാത്രമാണ് മഹേല ജയവര്‍ധനയടക്കമുള്ള താരങ്ങള്‍ ബോര്‍ഡിലെ ഉന്നത അധികാര സ്ഥാനങ്ങള്‍ വെച്ചുനീട്ടിയിട്ടും സ്വീകരിക്കാതിരുന്നത്.

എതിരാളികള്‍ക്ക് നെഞ്ചിടിപ്പേറ്റിയ, ആരാധകരെ ആവേശത്തിലാഴ്ത്തിയ സിംഹള വീര്യത്തിന്റെ പതനത്തിന്റെ തോത് എത്രത്തോളമാണെന്നറിയാന്‍ കഴിഞ്ഞ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സീരീസിലെ കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മതി.

ശ്രീലങ്കന്‍ ക്രിക്കറ്റ് മാത്രമല്ല, ശ്രീലങ്കയിലെ സാധാരണക്കാരുടെ ജീവിതവും ഇപ്പോള്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും കാരണം തങ്ങളല്ല എന്ന് കൈമലര്‍ത്തുക മാത്രമാണ് രാജ്പക്സെ സര്‍ക്കാര്‍ ചെയ്യുന്നത്.


ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിക്കാതിരിക്കുകയും, അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടിയതിനും പിന്നാലെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്.

ഒരു കിലോഗ്രാം അരി ലഭിക്കണമെങ്കില്‍ 448 ശ്രീലങ്കന്‍ രൂപയാണ് സാധാരണക്കാര്‍ക്ക് നല്‍കേണ്ടി വരുന്നത്, അതായത് 128 ഇന്ത്യന്‍ രൂപ. ഒരു ലിറ്റര്‍ പാലിന് 263 ലങ്കന്‍ രൂപയാണ് നല്‍കേണ്ടത്.

കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ കറന്‍സിയുടെ മൂല്യവും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഡോളറിന് 265 ശ്രീലങ്കന്‍ രൂപ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

പെട്രോളിനും ഡീസലിനും 40 ശതമാനം വിലയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഗതാഗത സംവിധാനം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. പ്രവര്‍ത്തന മൂലധനമില്ലാത്തതിനെ തുടര്‍ന്ന് വൈദ്യുത നിലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്, ഇതോടെ ഏഴര മണിക്കൂര്‍ പവര്‍ക്കട്ടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.


ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എങ്ങനെ ലങ്കന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായോ, അതേ രീതിയിലാണ് നിലവിലെ ശ്രീലങ്കന്‍ സര്‍ക്കാരും ഇപ്പോള്‍ ജനങ്ങളോട് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തും ക്രിക്കറ്റിലും ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ അവസാനിച്ച്, ഭൂതകാലത്തിലേതെന്ന പോലെ ശ്രീലങ്കയിലും ശ്രീലങ്കന്‍ ക്രിക്കറ്റിലും ആ പഴയ സുവര്‍ണ കാലം വീണ്ടും വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Content Highlight: Downfall of Sri Lanka And Sri Lankan Cricket

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.