കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിക്ക് തന്ത്രങ്ങള്‍ പാളിപ്പോയെന്ന് സമ്മതിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്.
ബി.ജെ.പിയുടെ നില ബംഗാളില്‍ കുറച്ച് താഴ്ന്നുപോയെന്നും പക്ഷേ പൂര്‍ണമായും പാര്‍ട്ടി പുറന്തള്ളപ്പെട്ടിട്ടില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പി തന്ത്രങ്ങള്‍ മാറ്റുമെന്നും ഘോഷ് പറഞ്ഞു.
”തെരഞ്ഞെടുപ്പില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്, ഞങ്ങള്‍ അത് വിശകലനം ചെയ്യുകയാണ്. ബംഗ്ലാ ജയിക്കാന്‍ ഞങ്ങള്‍ ആദ്യമായാണ് പോരാടിയത്, ഞങ്ങള്‍ പൂര്‍ണമായും വിജയിച്ചില്ല. അടുത്ത പോരാട്ടത്തിന് മുമ്പ് ഞങ്ങള്‍ ഞങ്ങളുടെ തന്ത്രം മാറ്റും,” ഘോഷ് പറഞ്ഞു.
ബംഗാള്‍ അധ്യക്ഷനായിരുന്ന ദിലീപ് ഘോഷിനെ അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് നീക്കി ദേശീയ വെസ് പ്രസിഡന്റാക്കിയിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെറ്റുകള്‍ സംഭവിച്ചുവെന്നും അതുകൊണ്ടാണ് ബി.ജെ.പി പരാജയപ്പെട്ടതെന്നും ബംഗാളിലെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ സുകാന്തോ മജുംദര്‍ പറഞ്ഞു.
അതേസമയം, പശ്ചിമ ബംഗാളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഫലം നേരത്തെ തന്നെ നിശ്ചയമുള്ളതിനാല്‍ മത്സരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നിലപാട്.