| Monday, 29th December 2014, 5:51 pm

കാണാതായ വിമാനം ജാവ കടലിന്റെ അടിത്തട്ടിലുണ്ടെന്ന് സംശയിക്കുന്നതായി ഇന്തോനേഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 155 പേരുമായി ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കു പോയ എയര്‍ഏഷ്യ വിമാനം ജാവ കടലിന്റെ അടിത്തട്ടിലുള്ളതായി സംശയിക്കുന്നതായി ഇന്തോനേഷ്യ. തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ ഏജന്‍സിയാണ് സംശയം പ്രകടിപ്പിച്ചത്.  QZ 8501 വിമാനമാണ് കാണാതായിരുന്നത്.

വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടുവെന്ന് സംശയിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തിയ വിമാനങ്ങള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഇന്തോനേഷ്യന്‍ നാഷണല്‍ സര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ഏജന്‍സിയുടെ മേധാവി ബാംബാങ് സോലിസ്‌റ്റോ പറഞ്ഞു.

എന്നാല്‍ ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നടത്തുന്ന തിരച്ചിലിന് പരിധികളുണ്ടെന്നും സാങ്കേതിക സഹായത്തിനായി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുമെന്നും സോലിസ്‌റ്റോ കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബെലിതുങ് ദ്വീപിന് കിഴക്ക് ജാവ കടലില്‍ രണ്ടിടത്തായി ഇന്ധനം പരന്നതായി ഒരു ഇന്തോനേഷ്യന്‍ ഹെലികോപ്റ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് കരുതുന്ന സ്ഥലത്തിന് സമീപത്തായാണ് ഇത് കണ്ടെത്തിയത്. ഇത് കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റേതു തന്നെയാണോ എന്ന് പരിശോധിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

ഇന്തോനേഷ്യന്‍ നാവിക സേനയുടെ പന്ത്രണ്ട് കപ്പലുകളും അഞ്ച് വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും ഏതാനും യുദ്ധവിമാനങ്ങളുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.

യാത്രക്കാരില്‍ 149 പേര്‍ ഇന്തോനേഷ്യക്കാരും, 3 കൊറിയക്കാരും, സിംഗപ്പൂര്‍, ബ്രിട്ടന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കും ബന്ധപ്പെടാനായി എമര്‍ജന്‍സി കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +622129850801 എന്ന നമ്പറില്‍ ബന്ധപ്പെടാം.

We use cookies to give you the best possible experience. Learn more