പാലക്കാട്: പാലക്കാട് ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിലേര്‍പ്പെടുത്തിയ നിരോധാനാജ്ഞ നീട്ടി. ഈ മാസം 24 വരെയാണ് നിരോധനാജ്ഞ നീട്ടിയത്.
നേരത്തെ ഏപ്രില്‍ 20 ബുധനാഴ്ച വൈകീട്ട് ആറ് മണി വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഊഹാപോഹങ്ങള്‍ പരത്താന്‍ ശ്രമിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
കൊലപാതകങ്ങളെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.
എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ സൈബര്‍ ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലയാളികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. പ്രതികളെ കുറിച്ച് എല്ലാ വിവരങ്ങളും ലഭിച്ചുവെന്നും പ്രതികള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റേത് രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.
Content Highlights: Double murder; Palakkad ban extended