മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസിലെ 12 പ്രതികള്‍ക്ക് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ ഒന്ന് മുതല്‍ 11 വരെ പ്രതികളും 18ാം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ 21 പ്രതികളായിരുന്നു വിചാരണ നേരിട്ടത്.
2012 ജൂണ്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലീഗ് പ്രവര്‍ത്തകരായ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദൃക്‌സാക്ഷികളടക്കം 364 സാക്ഷികളാണ് കേസില്‍ ഉള്ളത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ തൊണ്ടിമുതലുകള്‍ ഹാജരാക്കിയിരുന്നു.
ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്ബോള്‍ ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അതീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു.