30 വര്‍ഷം മുമ്പ് ഇരട്ടക്കൊലപാതകം; മദ്യലഹരിയില്‍ വെളിപ്പെടുത്തല്‍; അറസ്റ്റ്
national news
30 വര്‍ഷം മുമ്പ് ഇരട്ടക്കൊലപാതകം; മദ്യലഹരിയില്‍ വെളിപ്പെടുത്തല്‍; അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th June 2023, 10:19 pm

മുംബൈ: 30 വര്‍ഷം മുമ്പ് ഇരട്ടക്കൊലപാതകം ചെയ്ത പ്രതി അറസ്റ്റില്‍. മദ്യലഹരിയിലാണ് താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലപാതകം ചെയ്തതായി അവിനാഷ് പവാര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ അവിനാഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

1993 ഒക്ടോബറില്‍ ലോണോവാലയിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ അവിനാഷ് പവാറും മറ്റ് രണ്ട് പേരും ചേര്‍ന്ന് 55 വയസുകാരനെയും 50 വയസുകാരിയായ ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് 19 വയസുകാരനായ പവാര്‍ മാതാവിനെ ഉപേക്ഷിച്ച് ദല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഔറംബാദിലെത്തിയ അവിനാഷ് പവാര്‍ അമിത് പവാര്‍ എന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാക്കുകയും ചെയ്തു. അതേപേരില്‍ ആധാര്‍ കാര്‍ഡും നിര്‍മിച്ചു. അവിടെ നിന്ന് പവാര്‍-പിംപ്രി, ചിഞ്ച്‌വാട് എന്നിവിടങ്ങളിലേക്ക് താമസം മാറുകയും അവസാനം മുംബൈയിലെ വിക്രോളിയില്‍ സ്ഥിരതാമസമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ മുപ്പത് വര്‍ഷമായി പവാര്‍ തിരികെ നാട്ടിലേക്ക് പ്രവേശിച്ചിട്ടില്ല. അമ്മയെ കാണാന്‍ പോലും പവാര്‍ നാട്ടിലേക്ക് പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇനി പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് പവാര്‍ ഇരട്ടക്കൊലപാതകവും കവര്‍ച്ചയും നടത്തിയതായി പറഞ്ഞത്. കൂട്ടത്തില്‍ നിന്നൊരാള്‍ സംഭവങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടറും എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുമായ ദയ നായകിനോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

’30 വര്‍ഷം മുമ്പുള്ള ഇരട്ട കൊലപാതകത്തില്‍ അവിനാഷ് പവാര്‍ പ്രതിയാണ്. പവാറിന്റെ കടയ്ക്ക് സമീപമുള്ള വീട്ടില്‍ താമസിക്കുന്നവരാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികള്‍. മറ്റ് രണ്ട് പുരുഷന്മാരുമായി ചേര്‍ന്ന് അവരുടെ വീട് കൊള്ളയടിക്കാന്‍ പദ്ധതിയിട്ട അദ്ദേഹം കവര്‍ച്ചയ്ക്കിടെ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു.

മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ പവാര്‍ ഒളിവില്‍ പോയി പേര് മാറ്റി ജീവിക്കുകയായിരുന്നു. വിക്രോളിയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്,’ മുംബൈ ക്രൈംബ്രാഞ്ചിലെ ഡെപ്യൂട്ടി കമ്മീഷണറായ രാജ് തിലക് റോഷന്‍ പറഞ്ഞു.

content highlights: Double Homicide 30 Years Ago; Exposure to alcohol; including