ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒരു ഓവറിലെ ആറ് പന്തുകളിലും വിക്കറ്റ് നേടിയ കുട്ടിത്താരത്തിന്റെ പ്രകടനമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
വേര്‍സ്റ്റര്‍ഷെയര്‍ കൗണ്ടി ബോര്‍ഡ് മാച്ചിലാണ് ഒലി വൈറ്റ്ഹൗസ് എന്ന 12കാരന്‍ ഡബിള്‍ ഹാട്രിക് എന്ന അപൂര്‍വ റെക്കോഡ് തന്റെ പേരിലാക്കിയത്. ബ്രോംസ്‌ഗ്രോവ് ക്രിക്കറ്റ് ക്ലബ്ബും കുക്ഹില്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ബ്രോംസ്‌ഗ്രോവ് ബൗളറുടെ പ്രകടനം.
ഒരു ഓവറിലെ ആറ് പന്തിലും വിക്കറ്റ് നേടിയ വൈറ്റ്ഹൗസ് താനെറിഞ്ഞ മറ്റൊരു ഓവറില്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. രണ്ട് ഓവറില്‍ നിന്നും റണ്‍സൊന്നും വഴങ്ങാതെയാണ് കുട്ടിത്താരം എട്ട് വിക്കറ്റ് നേടിയത്.
ഒലി വൈറ്റ്ഹൗസിന്റെ പ്രകടനത്തിന് പിന്നാലെ 153 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ബ്രോംസ്‌ഗ്രോവ് പിടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ബ്രോസ്‌ഗ്രോവ് നിശ്ചിത ഓവറില്‍ 329 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുക്ഹില്ലിന് 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെയാണ് ബ്രോംസ്‌ഗ്രോവും വൈറ്റ്ഹൗസും ചര്‍ച്ചകളിലേക്കുയര്‍ന്നത്.
‘അവന്‍ നേടിയെടുത്തത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഒരു ഓവറില്‍ ഡബിള്‍ ഹാട്രിക് നേടുന്നത് തികച്ചും ആശ്ചര്യകരമാണ്.
ഇവന്‍ വളര്‍ന്ന് വലുതാകുന്നത് വരെ അവന്‍ കൈവരിച്ച നേട്ടത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടാകുമെന്ന് അവന് മനസിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല,’ ബ്രോംസ്‌ഗ്രോവ് ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റന്‍ ജെയ്ഡന്‍ ലെവിറ്റ് ബി.ബി.സിയോട് പറഞ്ഞു.
Content Highlight: Double Hattrick by Ollie Whitehouse