| Thursday, 1st September 2022, 6:29 pm

'ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍'; ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യം: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ വെച്ച് നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിവേഗ വികസനമാണ് നടക്കുന്നത്, അവിടെയെല്ലാം ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകളാണുള്ളത്. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനം കൂടുതല്‍ ശക്തമാകും. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ പുതിയ പ്രതീക്ഷയോടെ കാണുന്നു,’ മോദി പറഞ്ഞു.

കേരളത്തിന് കേന്ദ്രം നല്‍കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ മോദി, ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്നും സൂചിപ്പിച്ചു.

കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

പ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്. മഹാമാരി കാലത്ത് കേരളത്തില്‍ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ കൊടുത്തു. ഇതിനു 6,000 കോടി ചെലവഴിച്ചു.

ബി.ജെ.പി സര്‍ക്കാര്‍ സത്യസന്ധമായും ജനക്ഷേമം മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്നു. വികസനത്തിന് തടസം അഴിമതിയാണ്. അഴിമതിക്കെതിരെ നടപടി എടുക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ധ്രുവീകരണം ഉണ്ടാകുന്നു. അവരെ രക്ഷിക്കാന്‍ ചിലര്‍ രംഗത്ത് വരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. കൊച്ചി മെട്രോ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് പദ്ധതികളുടെ ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ ഐ.എന്‍.എസ് വിക്രാന്ത് ഔദ്യോഗികമായി സേനയ്ക്ക് കൈമാറും. 20,000 കോടി രൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലാണിത്.

Content Highlight: Double engine government in BJP-ruled states says Narendra Modi

We use cookies to give you the best possible experience. Learn more