[]തിരുവനന്തപുരം: 3ഡി സിനിമകള്‍ക്ക് തീയേറ്ററുകളില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി. തിരുവന്തപുരം ജില്ലയിലാണ് ഈ പ്രവണത കൂടുതലായും കണ്ട് വരുന്നത്. ഇതിന് പിന്നില്‍ നഗരസഭയുടെ അനുമതി ഉണ്ടെന്നാണറിയുന്നത്.[]
അമിത ചാര്‍ജ്ജ് ഈടാക്കു ന്നെന്നാരോപിച്ച് ജനങ്ങളും തീയേറ്റര്‍ ജീവനക്കാരും തമ്മില്‍ വഴക്കുണ്ടാകുന്നതും ഇപ്പോള്‍ പതിവാണ്. 3ഡി ചിത്രങ്ങള്‍ കാണുന്നതിന് ടിക്കറ്റിന് പുറമെ കണ്ണടയ്ക്ക് 30 രൂപാ വാടക വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് പ്രേക്ഷകര്‍ പരാതിപ്പെടുന്നു. മൂന്ന് രൂപയുടെ ഡിസ്‌പോസിബിള്‍ കണ്ണടയോ, 45 രൂപയുടെ കണ്ണടയോ ആണ് സാധാരണ 3ഡി ചിത്രങ്ങള്‍ കാണാന്‍ തീയേറ്ററുകള്‍ വിതരണം ചെയ്യുന്നത്.
45 രൂപയുടെ കണ്ണടയ്ക്ക് 30 രൂപാ വാടക വാങ്ങിയ ശേഷം ജീവനക്കാര്‍ തിരികെ ചോദിച്ചപ്പോഴാണ് സിനിമാ പ്രേക്ഷകര്‍ പ്രശ്‌നമുണ്ടാക്കിയത്.
എന്നാല്‍ സിനിമ കണ്ടിറങ്ങുന്നവരില്‍ നിന്ന് തിരിച്ച് വാങ്ങുന്ന കണ്ണടകള്‍ അണു വിമുക്തമാക്കാറില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഒരാള്‍ ഉപയോഗിച്ച കണ്ണട മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള നേത്ര രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഏറെയാണ്.
കണ്ണടകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം എറണാകുളത്തെ ഒരു തീയേറ്ററില്‍ മാത്രമാണ് ഉപയോഗത്തിലുള്ളത്. കണ്ണടകള്‍ അണുവിമുക്തമാക്കുന്നതിന് പകരം മിക്ക തീയേറ്റര്‍ ജീവനക്കാരും ടിഷ്യു പേപ്പറെടുത്ത് തുടക്കുക മാത്രമാണ് ചെയ്യാറുള്ളത്. ചുരുക്കത്തില്‍ ഒരു 3ഡി സിനിമ കണ്ടിറങ്ങുന്ന ഒരാള്‍ക്ക് ഇരട്ടി പണം ആവുന്നതിനൊപ്പം വിവിധ തരത്തിലുള്ള നേത്ര രോഗങ്ങള്‍ക്കും അടിമപ്പെടുന്നു.
ഇതിനെതിരെ സിനിമ പ്രേക്ഷകര്‍ നിയമ നടപടിക്കൊരുങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മേയര്‍ക്ക് ഇത് സംബന്ധിച്ച പരാതിയും പ്രേക്ഷകര്‍ സംയുക്തമായി കൊടുത്തിട്ടുണ്ട്. പരാതി പരിശോധിച്ച് ഉചിതമായി നടപടി ഇക്കാര്യത്തില്‍ എടുക്കുമെന്ന് മേയര്‍ അറിയിച്ചു.