കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് താലിബാന്‍ വ്യക്തമാക്കി.
മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്ന് താലിബാന്‍ പറഞ്ഞതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വിമാനത്താവളത്തിന്റെ മൂന്ന് ഗേറ്റിന് മുന്നില്‍ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കഴിഞ്ഞദിവസം, പൗരന്മാര്‍ക്ക് ജര്‍മനിയും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കായിരുന്നു ഇരുരാജ്യങ്ങളുടെയും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയത്.
ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അമേരിക്കയുടെയും ജര്‍മനിയുടെയും സുരക്ഷാ മുന്നറിയിപ്പ്.
ഇതിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. വെടിവെയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Double blast outside Kabul airport