തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പുരിന്തറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് ഇരട്ട വോട്ടുള്ളത്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ പേര് നീക്കം ചെയ്തില്ല എന്നാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പിഴവ് മൂലമാണ് അമ്മയ്ക്ക് ഇരട്ട വോട്ട് ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തല തന്റെ കുടുംബാംഗങ്ങളുടെ വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയത്. നേരത്തെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ തൃപ്പുരിന്തറ പഞ്ചായത്തിലായിരുന്നു അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. എന്നാല്‍ ഇപ്പോള്‍ ചെന്നിത്തലയുടെ അമ്മ ദേവകി അമ്മയുടെ വോട്ട് രണ്ടിടത്തുമുണ്ട്.
കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.എസ്.ലാലിനും ഇരട്ട വോട്ടുള്ളതായി കണ്ടെത്തി.പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രായരമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴ മാറാഴി പഞ്ചായത്തിലുമാണ് ഇരട്ട വോട്ട്.
ഇരട്ട വോട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യു.ഡി.എഫിനുള്ളിലും ഇരട്ട വോട്ട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇരട്ടവോട്ടിനെക്കുറിച്ച് തനിക്കും ഭാര്യയ്ക്കും അറിയില്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. ഇപ്പോള്‍ വോട്ടുണ്ടെന്ന് പറയുന്ന മാറാടിയില്‍ നിന്നും അഞ്ചു വര്‍ഷം മുന്‍പ് തങ്ങള്‍ താമസം മാറിയിരുന്നെന്നും എല്‍ദോസ് കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇരട്ട വോട്ട് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഇരട്ട വോട്ട് വിഷയത്തില്‍ നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും.
140 മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25നകം പരിശോധന പൂര്‍ത്തിയാക്കണം.
സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കും. ഒന്നിലധികം വോട്ടുള്ളവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നു.
കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി ചെന്നിത്തല പറഞ്ഞു. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Doube Vote for Ramesh Chennithala’s Mother